സപ്ലൈകോയുടെ പ്രതിദിന വിറ്റുവരവ് കുത്തനെ ഇടിഞ്ഞു.

In Main Story
October 21, 2023

തിരുവനന്തപുരം: മിക്കവാറും ഔട്ട‌്‌ലെറ്റുകളിൽ അരി ഒഴികെയുള്ള സബ്സിഡി സാധനങ്ങൾ തീർന്നു. മാവേലി സ്റ്റോറുകളിലുൾപ്പെടെ ജനം പോകാതെയായി. ഇതോടെ സപ്ലൈകോയുടെ പ്രതിദിന വിറ്റുവരവ് കുത്തനെ ഇടിഞ്ഞു. ശരാശരി 10 കോടിയായിരുന്ന വിറ്റുവരവ് വ്യാഴാഴ്ച 3.36 കോടിയായി. ഓണക്കാലത്ത് 15 കോടി രൂപയായിരുന്നു പ്രതിദിന വിറ്റുവരവ്. സർക്കാർ അടിയന്തര ഇടപെടൽ നടത്തിയില്ലെങ്കിൽ നിലനിൽപ്പ് തന്നെ അപകടത്തിലാകുന്ന സ്ഥിതി. കുടിശ്ശികയിനത്തിൽ മാത്രം സർക്കാർ നൽകാനുള്ളത് 1525 കോടി രൂപയാണ്.

 

ഭക്ഷ്യോത്പന്നങ്ങൾ വാങ്ങിയ വകയിൽ സപ്ലൈയർമാർക്ക് കഴിഞ്ഞ മേയ് മുതലുള്ള തുക കുടിശ്ശികയാണ്. വിതരണക്കാർക്ക് 576.38 കോടി നൽകണം. ഇതോടെയാണ് സബ്സിഡി സാധനങ്ങളുടെയുൾപ്പെടെ വിതരണം നിലച്ചത്. സ്‌കൂളുകളിലെ ഉച്ചഭക്ഷണ പദ്ധതിക്ക് അരി നൽകിയ ചെലവിനത്തിൽ മാത്രം 146.61 കോടി രൂപ കിട്ടാനുണ്ട്. ഓണത്തിന് വിതരണക്കാർക്ക് നൽകുന്നതിന് 200 കോടിയുടെ അടിയന്തര സഹായം സപ്ലൈകോ സർക്കാരിനോട് ആവശ്യപ്പെട്ടിരുന്നു. സർക്കാർ രണ്ടു തവണയായി 140 കോടി അനുവദിച്ചു. ഈ തുക കൊണ്ടാണ് ഓണം ഫെയറുകൾ നടത്തിയത്.

 

ഓണത്തിനു മുമ്പേ വറ്റൽ മുളകിന്റെ സ്റ്റോക്ക് തീർന്നു. ആന്ധ്രയിൽ നിന്ന് പ്രതിമാസം വാങ്ങിയിരുന്ന 800 ടൺ മുളകിന്റെ വരവ് നിലച്ചു. ഓണത്തിനു മാത്രമായി വാങ്ങിയ 150 ടൺ മുളക് ഔട്ട്ലെറ്റുകളിൽ തീർന്നതോടെ വിൽപ്പന അവസാനിച്ചു. ഓണക്കാലത്ത് ഒരു കിലോയ്ക്കു പകരം കാൽക്കിലോ മുളകാണ് സബ്സിഡിയായി നൽകിയത്. പ്രതിമാസം 1000 ടൺ വാങ്ങുന്ന തുവരപ്പരിപ്പ് ഈ മാസം വാങ്ങിയത് 500 ടൺ. സബ്സിഡി പഞ്ചസാര മിക്കയിടത്തും തീർന്നു. കർണാടക, മഹാരാഷ്ട്ര സംസ്ഥാനങ്ങളിലെ വിതരണക്കാർക്ക് പഞ്ചസാര വാങ്ങിയതിനു മാത്രം നൽകാനുള്ളത് 60 കോടി രൂപ. ചെറുപയർ, ഉഴുന്ന് സാമ്പാർ പരിപ്പ് തുടങ്ങിയവയും കിട്ടാനില്ല.