അരൂപി
കിട്ടുന്നതില്‍ പകുതി കാവല്‍ക്കാരന് കൊടുക്കാമെന്ന വ്യവസ്ഥയില്‍ കൊട്ടാരത്തിലേക്ക് പ്രവേശനം ലഭിച്ച പൂക്കച്ചവടക്കാരന്‍ പൂക്കളുടെ വിലയായി പണത്തിന് പകരം 50 അടി മതിയെന്ന് അപേക്ഷിച്ച് കാവല്‍ക്കാരന് ശിക്ഷ വാങ്ങിക്കൊടുത്ത കഥ അറിയാത്തവര്‍ ചുരുക്കമായിരിക്കും. അഴിമതിക്കാരനായ സേവകന്‍റെ ശല്യം ഒഴിവാക്കാന്‍ കടപ്പുറത്ത് തിരമാല എണ്ണാന്‍ നിയോഗിക്കപ്പെട്ടപ്പോള്‍ തന്‍റെ കൃത്യനിര്‍വ്വഹണത്തിന് തടസ്സമുണ്ടാക്കുന്നെവെന്നാരോപിച്ച് മത്സ്യത്തൊഴിലാളികളില്‍ നിന്ന് അയാള്‍ പണം തട്ടിയ കഥയും പ്രസിദ്ധമാണ്.
അധികാര വര്‍ഗ്ഗത്തോടൊപ്പം ജനിച്ച അഴിമതിയുടെ കഥകള്‍ക്ക് ലോക ചരിത്രത്തില്‍ ഒരു പഞ്ഞവുമുണ്ടാവില്ല. അഴിമതി മൂലം ആഗോള സമ്പദ് വ്യവസ്ഥക്ക് 3.6 ട്രില്യന്‍ (3,60,000 കോടി) ഡോളറിന്‍റെ നഷ്ടം പ്രതിവര്‍ഷം സംഭവിക്കുന്നുവെന്നാണ് ലോക സാമ്പത്തിക ഫോറത്തിന്‍റെ കണ്ടെത്തല്‍.
അഴിമതിയുടെ കാര്യത്തില്‍ ലോകത്തെ 180 രാജ്യങ്ങള്‍ക്കിടയില്‍ ഇന്‍ഡ്യയുടെ സ്ഥാനം 93-ാമതാണെന്നാണ് “ട്രാന്‍സ്പരന്‍സി ഇന്‍റര്‍നാഷണല്‍” എന്ന് സംഘടന നടത്തിയ പഠനം പറയുന്നു. 62 ശതമാനം ഇന്‍ഡ്യാക്കാരും ഒരവസരത്തിലങ്കില്‍ മറ്റൊരവസരത്തില്‍ കാര്യസാദ്ധ്യത്തിന് കൈക്കൂലി നല്‍കുന്നുണ്ടെന്നും അവരുടെ സര്‍വ്വേ വെളിപ്പെടുത്തുന്നു.
പക്ഷേ ദേശീയ ക്രൈം റെക്കോര്‍ഡ്സ് ബ്യൂറോയുടെ റിപ്പോര്‍ട്ട് പ്രകാരം 2022-ല്‍ 4139 കേസുകള്‍ മാതമാണ് അഴിമതി നിരോധന നിയമത്തിന്‍ കീഴില്‍ രജിസ്റ്റര്‍ ചെയ്യപ്പെട്ടിരിക്കുന്നത്. ഇത് അഴിമതിയെന്ന മഹാമഞ്ഞുമലയുടെ വളരെ ചെറിയൊരു അഗ്രഭാഗം പോലുമാകുന്നില്ലന്ന് മാത്രമല്ല അവയില്‍ ബഹുഭൂരിപക്ഷവും അല്ലറ ചില്ലറ കൈക്കൂലിക്കേസുകളുമായിരിക്കും.
ഇത്തരത്തിലുള്ള അഴിമതിയൊന്നും ഒരു അഴിമതിയല്ലന്നാണ് ഇന്‍ഡ്യാക്കാര്‍ കരുതുന്നത്. അതുകൊണ്ട് അഴിമതിയെന്ന് കേള്‍ക്കുമ്പോള്‍ അവര്‍ക്ക് വലിയ ആശങ്കയൊന്നും തോന്നില്ല. ഇന്‍ഡ്യക്കാരെ സംബന്ധിച്ചടത്തോളം ഭരണാധികാരികളോ, ഉന്നത രാഷ്ട്രീയ നേതാക്കളോ കോടീശ്വരډാരോ ഒക്കെ ഉള്‍പ്പെട്ട വലിയ കേസുകളേ അവര്‍ അഴിമതിയായി കണക്കാക്കി ‘കുംഭകോണം’ എന്നും മറ്റും വിശേഷിപ്പിക്കാറുള്ളു. കുംഭകോണങ്ങള്‍ക്ക് സ്വതന്ത്ര ഇന്‍ഡ്യയില്‍ ഒരു ദാരിദ്ര്യവുമുണ്ടായിട്ടില്ല.
1948-ലെ ജീപ്പ് കുംഭകോണം മുതല്‍ ഇപ്പോഴത്തെ തെരഞ്ഞെടുപ്പ് ബോണ്ട് വിവാദം വരെ നൂറുക്കണക്കിന് കുംഭകോണങ്ങള്‍ക്ക് രാജ്യം സാക്ഷ്യം വഹിച്ചിട്ടുണ്ട്. ഹരിദാസ് മുന്ദ്ര കുംഭകോണം, നഗര്‍വാല കുംഭകോണം, കാലിത്തീറ്റ കുംഭകോണം, ബോഫോഴ്സ് കുംഭകോണം, ഹവാല കേസ്, ഹര്‍ഷദ് മേത്ത കേസ്, ശവപ്പെട്ടി കുംഭകോണം, തെല്‍ഗി കേസ്, 2-ജി സ്പെക്ട്രം, കോമണ്‍വെല്‍ത്ത് ഗയിംസ് അഴിമതി, ‘കോള്‍ഗേറ്റ്’ കേസ്, അഗസ്തവെസ്റ്റ്ലാന്‍ഡ് ഹെലികോപ്ടര്‍ കുംഭകോണം, സോളാര്‍ കുംഭകോണം, പഞ്ചാബ് നാഷണല്‍ ബാങ്ക് തട്ടിപ്പ്, കോടികള്‍ വെട്ടിച്ച് രാജ്യം വിട്ട വന്‍ വ്യവസായികളുടെ കേസുകള്‍, സത്യം കുംഭകോണം, പെഗാസസ്, പി.എം.കെയേഴ്സ് ഫണ്ട്, സ്വര്‍ണ്ണക്കടത്ത് കേസ്, റഫാല്‍ അഴിമതി തുടങ്ങി എത്രയെത്ര കേസുകള്‍. പലതും വെളിച്ചത്ത് കൊണ്ട് വന്നത് മാദ്ധ്യമങ്ങളാണെന്നതും ശ്രദ്ധേയമാണ്. തെഹല്‍ക്ക, നാരദ സ്റ്റിംഗ് ഓപ്പറേഷന്‍, ഹിന്‍ഡന്‍ബര്‍ഗ് റിപ്പോര്‍ട്ട്, പനാമ, പാരഡൈസ് പേപ്പേഴ്സ് തുടങ്ങിയവ അതിനുദാഹരണങ്ങള്‍.
ഇന്‍ഡ്യയിലെ കുംഭകോണക്കഥകള്‍ പലതും വെളിച്ചം കാണുന്നത് പൊതു തെരഞ്ഞെടുപ്പുകള്‍ക്ക് തൊട്ടു മുമ്പാണ് എന്ന ഒരു പ്രത്യേകതയുണ്ട്. തെരഞ്ഞെടുപ്പ് പ്രചരണത്തിന് ഒരു അഴിമതിക്കഥയെങ്കിലും ഇല്ലങ്കില്‍ രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് വല്ലാത്ത വിമ്മിഷ്ടമാണ്. അഴിമതിക്കഥയൊന്നും കിട്ടിയില്ലങ്കില്‍ അവ ചമയ്ക്കാനും അവര്‍ മടിക്കാറില്ല. പക്ഷേ അതിതുവരെ വേണ്ടി വന്നിട്ടില്ല. കാരണം എതിരാളികള്‍ക്ക് ആഘോഷിക്കാന്‍ വേണ്ടതിലുമേറെ അഴിമതികളും കുംഭകോണങ്ങളും അധികാരത്തിലിരിക്കുന്ന കക്ഷി ചെയ്ത് കൂട്ടിയിട്ടുണ്ടാവും.
ഇപ്പോള്‍ നടക്കുന്ന തെരഞ്ഞെടുപ്പ് പ്രചരണം തന്നെ നോക്കുക. അനവധിയായ അഴിമതിക്കഥകളാണ് ബി.ജെ.പി.ക്കെതിരേയുള്ള പ്രചരണത്തില്‍ ഇടംപിടിച്ചിട്ടുള്ളത്. ‘കറപ്റ്റ് ഇന്‍ഡ്യ.കോം’ എന്ന ഒരു വെബ്ബധിഷ്ഠിത മാധ്യമം കേന്ദ്രത്തിലേയും വിവിധ സംസ്ഥാനങ്ങളിലേയും ബി.ജെ.പി. സര്‍ക്കാരുകളുടെ അഴിമതികളുടേയും കുംഭകോണങ്ങളുടേയും നൂറു കഥകളാണ് സമാഹരിച്ച് ഈയിടെ പ്രസിദ്ധീകരിച്ചത്.
കുംഭകോണങ്ങളില്‍പ്പെട്ട് തുടര്‍ ഭരണം നഷ്ടമായത് പ്രധാനമായും കോണ്‍ഗ്രസ്സിനാണ്. 1984-ല്‍ അഭൂതപൂര്‍വ്വമായ ഭൂരിപക്ഷത്തോടെ അധികാരത്തിലേറിയ രാജീവ് ഗാന്ധിക്ക് 1989-ലെ തെരഞ്ഞെടുപ്പില്‍ തിരിച്ചടിയായത് ബോഫോഴ്സ് കുംഭകോണമാണ്. 2004-ലെ തെരഞ്ഞെടുപ്പില്‍ “ഇന്‍ഡ്യ തിളങ്ങുന്നു”വെന്ന ബി.ജെ.പി.യുടെ മുദ്രാവാക്യത്തിന്‍റെ തിളക്കം കെടുത്തി അവരെ അധികാര ഭൃഷ്ടരാക്കിയതിന് പിന്നില്‍ ആയുധകച്ചവട ഇടപാടുകളിലെ ‘തെഹല്‍ക്ക’ വെളിപ്പെടുത്തലുകളും ഒരു നല്ല പങ്ക് വഹിച്ചിരുന്നു.
2004 മുതല്‍ 2014 വരെ കേന്ദ്രത്തില്‍ അധികാരത്തിലിരുന്ന യു.പി.എ. സര്‍ക്കാരിന്‍റെ അഴിമതികള്‍, പ്രത്യേകിച്ചും 2010-ന് ശേഷം പുറത്തായ കേസുകള്‍, കുപ്രസിദ്ധങ്ങളാണ്. കേന്ദ്രമന്ത്രിമാരും ഉന്നതോദ്യോഗസ്ഥരുമെല്ലാം ഉള്‍പ്പെട്ട 2-ജി സ്പെക്ട്രം, കോമണ്‍വെല്‍ത്ത് ഗയിംസ് അഴിമതി, ആദര്‍ശ് ഹൗസിംഗ് സൊസൈറ്റി കുംഭകോണം, കോള്‍ഗേറ്റ് കുംഭകോണം, അഗസ്റ്റവെസ്റ്റ്ലാന്‍ഡ് ഹെലികോപ്ടര്‍ ഇടപാട് തുടങ്ങിയവയാണ് കോണ്‍ഗ്രസ്സ് സര്‍ക്കാരിനെ നിലംപതിപ്പിച്ചത്.
കോണ്‍ഗ്രസ്സിന്‍റെ ഈ അഴിമതി മുതലെടുത്ത് അഴിമതി മുക്ത ഭാരതം സൃഷ്ടിക്കുമെന്ന് പ്രഖ്യാപിച്ച് അധികാരത്തിലേറിയ ബി.ജെ.പി. സര്‍ക്കാരും അഴിമതിക്കാര്യത്തില്‍ അത്ര മോശക്കാരൊന്നുമല്ല. റഫാല്‍ അഴിമതി, തെരഞ്ഞെടുപ്പ് ബോണ്ടുകള്‍, പി.എം.കെയേഴ്സ് ഫണ്ട്, ഭാരത്മാല ഹൈവേ പദ്ധതി തുടങ്ങിയ അനവധി അഴിമതി കഥകള്‍ ബി.ജെ.പി.ക്കെതിരേ ഉയര്‍ന്നിട്ടുണ്ട്.
അഴിമതിയും കുംഭകോണവുമെല്ലാം ആരോപിച്ച് തെരഞ്ഞെടുപ്പില്‍ വിജയം നേടി അധികാരത്തിലേറുന്നവര്‍ കുറ്റവാളികളെ മാതൃകാപരമായി ശിക്ഷിക്കുമെന്നെല്ലാം പ്രഖ്യാപിക്കുകയല്ലാതെ കാര്യമായി ഒന്നും ചെയ്യില്ല. 1989-ല്‍ അധികാരത്തിലേറിയ വി.പി.സിംഗ് ബോഫോഴ്സ് കേസില്‍ തൊട്ടടുത്ത വര്‍ഷം തന്നെ കുറ്റപത്രം സമര്‍പ്പിച്ചു.
ബോഫോഴ്സിനെ കരിമ്പട്ടികയില്‍ പെടുത്തിയെന്നല്ലാതെ മറ്റൊന്നും തന്നെ സംഭവിച്ചില്ല. ആ കുംഭകോണത്തിന് പിന്നിലുണ്ടായിരുന്നവരെന്ന് ആരോപിക്കപ്പെടുന്ന പ്രമുഖരില്‍ പലരും മരണമടഞ്ഞു. 1991-ല്‍ മരണമടഞ്ഞ മുന്‍ പ്രധാനമന്ത്രി രാജീവ് ഗാന്ധിയെ 2004-ല്‍ ഹൈക്കോടതി കുറ്റവിമുക്തനാക്കിയിരുന്നു. 35 കൊല്ലത്തിനിപ്പുറവും ബോഫേഴ്സ് കേസ് അവസാനിച്ചിട്ടില്ല.
കോമണ്‍വെല്‍ത്ത് ഗയിംസ് അഴിമതിയില്‍ രജിസ്റ്റര്‍ ചെയ്ത 53 കേസുകളില്‍ 28 എണ്ണം ഇപ്പോഴും നിലനില്‍ക്കുന്നു. ആദര്‍ശ് ഹൗസിംഗ് കോളനി കേസ് സുപ്രീം കോടതിയില്‍ തുടരുന്നു. അഗസ്റ്റ വെസ്റ്റ്ലാന്‍ഡ് കേസിലെ ഇടനിലക്കാര്‍ക്കെതിരായ കേസും അവസാനിച്ചിട്ടില്ല. ഇങ്ങിനെ മിക്ക കേസുകളിലും ഒരു തരം തണുപ്പന്‍ നിലപാടുകളാണ് പിന്നീട് അധികാരത്തിലേറുന്നവര്‍ പിന്തുടരുന്നതെന്ന് കാണാം.
ബോഫോഴ്സ് കേസിലും, 2 ജി സ്പ്ക്ട്രം കേസിലും, കല്‍ക്കരിപ്പാട ലേല (കോള്‍ഗേറ്റ്) കേസിലുമെല്ലാം കോടികളുടെ നഷ്ടം ഖജനാവിന് സംഭവിച്ചിട്ടുണ്ട് എന്ന് സി.എ.ജി. ചൂണ്ടിക്കാട്ടിയിട്ടുണ്ട്. എന്നാല്‍ ഈ കേസുകള്‍ക്കെല്ലാം ഒരു മറുവശം കൂടിയുണ്ടെന്ന വസ്തുത അധികമാരും ശ്രദ്ധിച്ചുണ്ടാവില്ല. നടപടിക്രമങ്ങളില്‍ നിന്ന് വഴിമാറി നടക്കുന്നതും അതുവഴി ഖജനാവിനുണ്ടാകുന്ന നഷ്ടമൊക്കെ ചികഞ്ഞ് പരിശോധിച്ച് ഖനനാവിന്‍റെ നഷ്ടം രൂപ അണ പൈസക്കണക്കില്‍ കണക്കാക്കുന്നവരും, അതിന് പിന്നില്‍ അഴിമതിയും കുംഭകോണവും ആരോപിക്കുന്നവരും ആത്യന്തികമായി ആ നടപടികള്‍ എത്രമാത്രം സമൂഹത്തിന് പ്രയോജനപ്പെട്ടുവെന്നും സാധാരണജനങ്ങള്‍ക്ക് അതെത്രമാത്രം ആശ്വാസകരമായിരിക്കുമെന്നും അതിന്‍റെ മൂല്യം എത്രയാണെന്നും വിലയിരുത്താറില്ല.
കുംഭകോണമാരോപിക്കപ്പെട്ട ബോഫോഴ്സ് തോക്കുകള്‍ കാര്‍ഗില്‍ യുദ്ധത്തില്‍ പ്രയോജനം ചെയ്യപ്പെട്ടു. കാര്‍ഗില്‍ യുദ്ധത്തില്‍ ഇന്‍ഡ്യക്ക് വിജയിക്കാനായത് ഒരു മിനുട്ടില്‍ മൂന്ന് റൗണ്ട് വെടിയുതിര്‍ത്താന്‍ കഴിവുള്ള ബോഫോഴ്സ് തോക്കുകളുടെ പ്രയോഗത്താലാണ്. എങ്കിലും ബോഫോഴ്സ് കമ്പനിയെ കരിമ്പട്ടികയില്‍ പെടുത്തിയതിനാല്‍ അവ തദ്ദേശീയമായി നിര്‍മ്മിക്കാനുള്ള അവസരം നമുക്ക് നഷ്ടപ്പെട്ടു.
ഏറ്റവും കൂടുതല്‍ തുക വാഗ്ദാനം ചെയ്യുന്നവര്‍ക്കാണ് ലേലം ഉറപ്പിച്ച് നല്‍കുകയാണ് സാധാരണ ടെന്‍ഡര്‍ നടപടി ക്രമം. എന്നാല്‍ 2 ജി സ്പെക്ട്രം ലേലത്തില്‍ ആദ്യം വരുന്നവര്‍ക്ക് ആദ്യം എന്ന ക്രമത്തിലാണ് ലൈസന്‍സ് അനുവദിച്ചത്. ഏറ്റവും കൂടുതല്‍ തുക വാഗ്ദാനം ചെയ്യുന്നവര്‍ക്ക് ലൈസന്‍സ് നല്‍കിയിരുന്നുവെങ്കില്‍ മൊബൈല്‍ ഫോണ്‍ നിരക്കുകള്‍ ഇന്നുള്ളതില്‍ നിന്നും എത്രയോ വര്‍ദ്ധിച്ചതായിരുന്നേനേ എന്ന് ചൂണ്ടിക്കാട്ടപ്പെടുന്നു. ഇന്ന് ദരിദ്രനായ ഇന്‍ഡ്യാക്കാരന്‍റെ പക്കല്‍ പോലും മൊബൈല്‍ ഫോണ്‍ ഉള്ളത് അവന് താങ്ങാനാവുന്ന നിരക്കില്‍ ഫോണ്‍ സേവനം ലഭ്യമായതിനാലാണ്. അങ്ങിനെ ‘ഡിജിറ്റല്‍ ഇന്‍ഡ്യ’യില്‍ പങ്കാളിയാവാനും അവന് സാധിച്ചു.
അതുപോലെ കല്‍ക്കരിപാടങ്ങള്‍ ലേലം ചെയ്യാത്തതും നയപരമായ നല്ല തീരുമാനമായിരുന്നു എന്ന് ഇന്ന് വിലയിരുത്തുന്നവരുണ്ട്. ലേലം ചെയ്ത് നല്‍കിയിരുന്നുവെങ്കില്‍ ഇന്‍ഡ്യയിലെ മിക്ക സംസ്ഥാനങ്ങളിലേയും വൈദ്യുതി ഉപഭോഗ നിരക്കുകള്‍ ഇന്നത്തേലിലും ഇരട്ടി കണ്ട് വര്‍ദ്ധിക്കുമായിരുന്നു. അതുപോലെ ഉല്‍പ്പന്നങ്ങളുടെ നിര്‍മ്മാണച്ചെലവും അവശ്യവസ്തുക്കളുടെ വിലയുമെല്ലാം ഉയര്‍ന്നേനെ.
എന്തായാലും തുടക്കത്തിലുള്ള ആവേശമല്ലാതെ കുംഭകോണത്തിലുള്‍പ്പെട്ട ആരും കാര്യമായി ശിക്ഷിക്കപ്പെട്ടിട്ടില്ല (ലാലു പ്രസാദ് യാദവിനെപ്പോലുള്ള അപൂര്‍വ്വം ചിലരൊഴിച്ചാല്‍). അഴിമതിയുമായി ബന്ധപ്പെട്ട കേസുകള്‍ ദീര്‍ഘകാലം കോടതികളില്‍ ഇഴഞ്ഞു നീങ്ങുന്നതോടെ ജനങ്ങളും ഭരണകൂടങ്ങളും അവയെ വിസ്മരിക്കും. മിക്ക അഴിമതികളിലും ഉള്‍പ്പെട്ടവരെന്ന് ആരോപിക്കപ്പെടുന്നവര്‍ സര്‍ക്കാരുമായി ബന്ധപ്പെട്ടവരായതിനാല്‍ അവരെ സര്‍ക്കാര്‍ തന്നെ പ്രതിരോധിക്കും.
ചുരുക്കത്തില്‍ ജനങ്ങള്‍ക്ക് വന്‍ നഷ്ടം വരുത്തിയ കുംഭകോണങ്ങളെ എന്തുകൊണ്ട് യുക്തിസഹമായ പരിണാമത്തിലെത്തിക്കാനും അവ ആവര്‍ത്തിക്കാതിരിക്കാനുള്ള നടപടികള്‍ സ്വീകരിക്കാനും കഴിയുന്നില്ല എന്ന ചോദ്യം അവശേഷിക്കുന്നു.
ഒരു അഴിമതി ശ്രദ്ധയില്‍പ്പെട്ടാല്‍ സര്‍ക്കാരിന് കീഴിലുള്ള സി.ബി.ഐ., ഇ.ഡി., ആദായ നികുതി വകുപ്പുകള്‍ വെവ്വേറെ അന്വേഷണം നടത്താതെ ഏകോപിതമായ അന്വേഷണം നടത്തണം. അതിന് ഈ വകുപ്പുകളില്‍ നിന്നുള്ളവരെ ഉള്‍ക്കൊള്ളിച്ച് പ്രത്യേക സംഘങ്ങള്‍ക്ക് രൂപം നല്‍കണം. അതിലുമുപരി വിവിധ അന്വേഷണ ഏജന്‍സികളെ സര്‍ക്കാരിന്‍റെ കൂട്ടിലടച്ച തത്തകളോ വേട്ടമൃഗങ്ങളോ ആയി കണക്കാക്കാതെ സ്വതന്ത്രമായി പ്രവര്‍ത്തിക്കാന്‍ അനുവദിക്കണം.
സമയബന്ധിതമായി കുറ്റവാളികളെ നിയമത്തിന് മുന്നില്‍ കൊണ്ട് വരാനും അവര്‍ നിയമ വിരുദ്ധമായി സമ്പാദിച്ച പണവും സ്വത്തുക്കളും കണ്ടുകെട്ടാനും സമാനമായ അഴിമതികള്‍ ആവര്‍ത്തിക്കാതിരിക്കാനും വേണ്ട നടപടിക്രമങ്ങള്‍ക്ക് രൂപം നല്‍കണം. അത്തരത്തില്‍ സ്വതന്ത്രവും ഉയര്‍ന്ന തലത്തിലുള്ള ധാര്‍മ്മികതയും ആര്‍ജ്ജവവും സമൂഹത്തോട് പ്രതിബദ്ധതയുമുള്ള ഒരു സംവിധാനമായി ഈ നമ്മുടെ അന്വേഷണ ഏജന്‍സികള്‍ മാറിയാലേ രാജ്യം അഴിമതിയില്‍ നിന്ന് അല്‍പ്പമെങ്കിലും മുക്തമാകൂ.
Nice