അടുത്ത അഞ്ച് ദിവസം ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാദ്ധ്യത

തിരുവനന്തപുരം: സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാദ്ധ്യതയെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. തെക്കൻ തീരദേശ തമിഴ്നാടിന് മുകളിലായി ചക്രവാതചുഴിയും തെക്കൻ തീരദേശ തമിഴ്നാടിന് മുകളിൽ നിന്ന് വടക്കൻ കർണാടക വരെ ന്യൂനമർദ്ദ പാത്തിയും രൂപപ്പെട്ടിട്ടുണ്ട്. കൂടാതെ വടക്കൻ കേരളത്തിന് ചക്രവാതചുഴിയും നിലനിൽക്കുന്നുണ്ട്. ഇതിന്റെ ഫലമായാണ് മഴ സാദ്ധ്യത പ്രവചനം.

തെക്ക് പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിൽ മേയ് 22ഓടെ ന്യുന മർദ്ദം രൂപപ്പെടാൻ സാദ്ധ്യതയുണ്ട്. വടക്ക് കിഴക്കൻ ദിശയിൽ സഞ്ചരിച്ച് മേയ് 24 രാവിലെയോടെ മദ്ധ്യ ബംഗാൾ ഉൾകടലിൽ തീവ്ര ന്യുന മർദ്ദമായി ശക്തി പ്രാപിക്കാൻ സാദ്ധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.

2024 മേയ് 20,21 തീയതികളിൽ കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോടു കൂടിയ മഴയ്ക്കും മണിക്കൂറിൽ 30 മുതൽ 40 കി.മീ വരെ വേഗതയിൽ വീശിയേക്കാവുന്ന ശക്തമായ കാറ്റിനും 2024 മെയ് 22 മുതൽ 24 വരെ കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോടു കൂടിയ മഴയ്ക്ക് സാദ്ധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.

അതേസമയം, കഴിഞ്ഞ തിരുവനന്തപുരം, കൊല്ലം ഉൾപ്പടെയുള്ള തെക്കൻ ജില്ലകളിൽ കനത്ത മഴയാണ് ലഭിച്ചത്. കൊല്ലം നഗരത്തിൽ മാത്രം ഇന്നലെ 180 മില്ലി മീറ്റർ മഴ ലഭിച്ചു. പുനലൂർ 49.4 മില്ലി മീറ്ററും ആര്യൻകാവിൽ 55 മില്ലി മീറ്ററും മഴ രേഖപ്പെടുത്തി. കഴിഞ്ഞ 9 മുതൽ 15 വരെ ജില്ലയിൽ സാധാരണ ലഭിക്കേണ്ട മഴ ലഭിച്ചു. എന്നാൽ മാർച്ച് ഒന്നുമുതൽ ഇന്നലെ വരെയുള്ള മഴയുടെ കണക്കിൽ 32 ശതമാനം കുറവാണ് രേഖപ്പെടുത്തിയത്. 333.9 മില്ലി മീറ്റർ മഴ ലഭിക്കേണ്ട സ്ഥാനത്ത് 228.2 മില്ലി മീറ്റർ മഴയാണ് ലഭിച്ചത്. ഇടവിട്ട് ഇടവിട്ടാണ് കൊല്ലം ജില്ലയിൽ മഴപെയ്തത്. വൈകിട്ടും രാത്രിയുമാണ് മഴ കൂടുതൽ സജീവമാകുന്നത്.