വരുന്നു… പുരുഷന്മാര്‍ക്കും ഗര്‍ഭനിരോധന ഗുളികകള്‍

പുരുഷന്മരുടെ ഗര്‍ഭനിരോധന ഗുളികകള്‍ പാര്‍ശ്വഫലങ്ങള്‍ ഉണ്ടാക്കാതെ ടെസ്റ്റോസ്റ്റിറോണിന്റെ അളവ് ഫലപ്രദമായി കുറയ്ക്കുന്നുവെന്ന് പഠനം. ജോര്‍ജിയയിലെ അറ്റ്ലാന്റയില്‍ നടക്കുന്ന എന്‍ഡോക്രൈന്‍ സൊസൈറ്റിയുടെ വാര്‍ഷിക യോഗത്തില്‍ പഠനം അവതരിപ്പിക്കും. DMAU, 11b-MNTDC എന്ന മരുന്നുകളാണ് പരീക്ഷണത്തിനായി ഉപയോഗിച്ചത്. പ്രൊജസ്റ്റോജെനിക് ആന്‍ഡ്രോജന്‍സ് എന്ന മരുന്നുകളുടെ വിഭാഗത്തില്‍ പെടുന്നവയാണ് ഇവ. ഈ മരുന്നുകള്‍ ടെസ്റ്റോസ്റ്റിറോണിനെ നിയന്ത്രിക്കുകയും തുടര്‍ന്ന് ബീജങ്ങളുടെ എണ്ണം കുറയ്ക്കുകയും ചെയ്യുന്നു. ടെസ്റ്റോസ്റ്റിറോണിന്റെ അളവ് കുറയുന്നത് സാധാരണയായി പാര്‍ശ്വഫലങ്ങള്‍ക്ക് കാരണമാകാറുണ്ട്. എന്നാല്‍ പരീക്ഷണം നടത്തിയ മിക്ക പുരുഷന്മാരും മരുന്നുകള്‍ ഉപയോഗിക്കാന്‍ തയ്യാറായിരുന്നു.

‘വാസക്ടമി, കോണ്ടം എന്നിവ മാത്രമാണ് പുരുഷന്മാര്‍ക്കുള്ള ഗര്‍ഭനിരോധന മാര്‍ഗ്ഗങ്ങളായി ഉണ്ടായിരുന്നത്. സ്ത്രീകള്‍ക്കുള്ള ഓപ്ഷനുകളേക്കാള്‍ ഇത് വളരെ പരിമിതമാണ്,’ യൂനിസ് കെന്നഡി ഷ്രിവര്‍ നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ചൈല്‍ഡ് ഹെല്‍ത്ത് ആന്റ് ഹ്യൂമന്‍ ഡെവലപ്‌മെന്റിലെ ഗര്‍ഭനിരോധന വികസന പ്രോഗ്രാമിലെ പ്രധാന ഗവേഷകനായ ടമര്‍ ജേക്കബ്സണ്‍ പറഞ്ഞു.

ആദ്യ ഘട്ട ക്ലിനിക്കല്‍ ട്രയലുകളില്‍ ആരോഗ്യമുള്ള 96 പുരുഷന്മാരെയാണ് ഉള്‍പ്പെടുത്തിയത്. ഓരോ ട്രയലിലും, ദിവസവും രണ്ടോ നാലോ ഗുളികകള്‍ പുരുഷന്മാരോട് കഴിക്കാന്‍ ആവശ്യപ്പെട്ടിരുന്നു. 28 ദിവസം ഇത് പിന്തുടരണം. ഇങ്ങനെ മരുന്ന് കഴിച്ച് ഏഴ് ദിവസത്തിന് ശേഷം, ടെസ്റ്റോസ്റ്റിറോണിന്റെ അളവ് സാധാരണയിലും താഴെയായതായി കണ്ടെത്തി. പ്ലാസിബോ (മരുന്നെന്ന പേരില്‍ നല്‍കുന്ന മരുന്നല്ലാത്ത വസ്തു) എടുക്കുന്ന പുരുഷന്മാരില്‍, ടെസ്റ്റോസ്റ്റിറോണ്‍ അളവ് സാധാരണ പരിധിക്കുള്ളില്‍ തന്നെ തുടരുകയും ചെയ്തു.

പ്ലാസിബോ എടുക്കുന്ന 46.4 ശതമാനം പേരുമായി താരതമ്യം ചെയ്യുമ്‌ബോള്‍ മരുന്ന് കഴിച്ച 75 ശതമാനം പുരുഷന്മാരും ഭാവിയില്‍ ഇത് ഉപയോഗിക്കാന്‍ തയ്യാറാണെന്ന് പഠനത്തില്‍ കണ്ടെത്തി. 400 മില്ലിഗ്രാം ഡോസ് ഉള്ള നാല് ഗുളികകള്‍ ദിവസേന കഴിക്കുന്ന പുരുഷന്മാര്‍ക്ക് 200 മില്ലിഗ്രാം ഡോസ് ഉള്ള രണ്ട് ഗുളികകള്‍ കഴിക്കുന്നവരേക്കാള്‍ ടെസ്റ്റോസ്റ്റിറോണിന്റെ അളവ് കുറവാണ്. രണ്ട് ഗ്രൂപ്പുകളും ഭാവിയില്‍ മരുന്ന് ഉപയോഗിക്കുന്നതിനോട് യോജിക്കുന്നവരാണ്.

‘ക്ലിനിക്കല്‍ ട്രയലുകളില്‍ പുരുഷന്മാര്‍ക്കുണ്ടായ അനുഭവങ്ങളും ഗുളികയുടെ ഉയര്‍ന്ന റേറ്റിംഗുകളും വരും ദശകങ്ങളില്‍ പൊതുജനങ്ങള്‍ക്ക് സഹായകരമാകും,’ ജേക്കബ്സണ്‍ പറഞ്ഞു.

ടെസ്റ്റോസ്റ്റിറോണ്‍ സപ്ലിമെന്റുകള്‍ സാധാരണയായി കരളിനെ ദോഷകരമായി ബാധിക്കുമെന്ന് വിദഗ്ധര്‍ വിശ്വസിക്കുന്നുണ്ട്. എന്നാല്‍ DMAU ഇതുവരെ പാര്‍ശ്വഫലങ്ങള്‍ കാണിച്ചിട്ടില്ല. മരുന്നുകള്‍ നാലാഴ്ച കൃത്യമായി നല്‍കിയപ്പോള്‍ ബീജങ്ങളുടെ എണ്ണം കുത്തനെ കുറഞ്ഞുവെന്നും എന്നാല്‍, മരുന്ന് നിര്‍ത്തിയപ്പോള്‍ നാലോ ആറോ ആഴ്ചകള്‍ക്കുള്ളില്‍ ഇത് സാധാരണ നിലയിലാകുമെന്നും ഗവേഷകര്‍ കണ്ടെത്തി.

മെഡിക്കല്‍ ന്യൂസ് ടുഡേയിലെ ഒരു റിപ്പോര്‍ട്ട് അനുസരിച്ച്, ഗര്‍ഭനിരോധന പഠനങ്ങള്‍ കൂടുതലും ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്നത് ഒന്നുകില്‍ സ്ത്രീകളെ അണ്ഡോത്പാദനത്തില്‍ നിന്ന് തടയുകയോ അല്ലെങ്കില്‍ ബീജം ഗര്‍ഭാശയത്തിലേക്ക് പ്രവേശിക്കുന്നത് അസാധ്യമാക്കുകയോ ചെയ്യുന്ന ഗര്‍ഭനിരോധന ഗുളികകള്‍ നിര്‍മ്മിക്കുന്നതിലാണ്. പുരുഷന്മാര്‍ക്കിടയില്‍ ഗര്‍ഭനിരോധന പരീക്ഷണങ്ങള്‍ നിര്‍ത്തലാക്കിയിരുന്നു. പാര്‍ശ്വഫലങ്ങളാണ് ഇത് നിര്‍ത്തലാക്കാനുള്ള പ്രധാന കാരണം. എന്നാല്‍ ഈ പഠനം പുതിയ മാറ്റത്തിന് വഴിയൊരുക്കിയേക്കും.