സ്ഥാനാര്‍ഥി സാറാമ്മയും തോല്‍ക്കുന്ന പത്രിക !

 

ക്ഷത്രിയന്‍

ഐക്യ കേരളം ശ്രവിച്ച അര്‍ഥസമ്പുഷ്ടവും ഭാവനാസമ്പൂര്‍ണവുമായ തിരഞ്ഞെടുപ്പ് പ്രകടനപത്രിക ഏതാണെന്ന് ചോദിച്ചാല്‍ സ്ഥാനാര്‍ഥി സാറാമ്മ എന്ന സിനിമയിലേതാണെന്ന് നെഞ്ചത്ത് കൈവച്ച് പറയാന്‍ സാധിക്കും. പഞ്ചായത്ത് തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്ന സ്ഥാനാര്‍ഥി തൊട്ടിന്‍കരയില്‍ വിമാനമിറങ്ങാന്‍ താവളമുണ്ടാക്കുമെന്നും ജനങ്ങളെ പിഴിയുന്ന നികുതി ഒഴിവാക്കാന്‍ നികുതി വകുപ്പ് തന്നെ ഇല്ലാതാക്കുമെന്നുമൊക്കെ പ്ര്യഖ്യാപിച്ചതിനേക്കാള്‍ ഉത്തമമായി വേറെ ഏത് തിരഞ്ഞെടുപ്പ് പ്രകടനപത്രികയാണ് മലയാളികള്‍ക്ക് മുന്‍പില്‍ ആശയസമ്പുഷ്ടമായിട്ടുള്ളത്. വിമാനത്താവളം കേന്ദ്രവിഷയവും നികുതി സംസ്ഥാന വിഷയവുമാണെന്നും അറിയാതെയാവില്ലല്ലോ സാറാമ്മ നയം പ്രഖ്യാപിച്ചത്. അതിന് ശേഷം അത്രയും സമ്പുഷ്ടമായ ഒരു പ്രകടനപത്രിക പുറത്തിറക്കിയിട്ടുള്ളത് സിപിഎം ആണെന്ന് പറയാതെ വയ്യ.

 

കള്ളപ്പണം വെളുപ്പിക്കല്‍ തടയുന്നതിനുള്ള നിയമം ഇല്ലാതാക്കുമെന്നാണ് സിപിഎം പ്രഖ്യാപനം. കാരണഭൂതരുടെ മകള്‍ ഉള്‍പ്പെടെ കള്ളപ്പണം വെളുപ്പിക്കല്‍ പരിധിയിലേക്ക് എന്ന സാഹചര്യമായതോടെ ഉണ്ടായ ഉള്‍പ്പുളകമാകാം അത്തരമൊരു പ്രഖ്യാപനത്തിന് നിദാനം. യു.എ.പി.എ എടുത്തുകളയുമെന്ന സുന്ദരന്‍ വാഗ്ദാനവുമുണ്ട്. ഏത് യു.എ.പി.എ? ഒരു കഷ്ണം നോട്ടീസ് കൈവശം വച്ചതിന് കോഴിക്കോട്ടെ രണ്ട് വിദ്യാര്‍ഥികളെ ജയിലിലടക്കാന്‍ ചാപ്പകുത്തിക്കൊടുത്ത അതേ യു എ പി എ. അന്ന് അതിന് നേതൃത്വം നല്‍കിയ തീയില്‍ കുരുത്ത കടുവയുടെ പാര്‍ട്ടി ഇന്നിപ്പോള്‍ യു എ പി എ ഇല്ലാതാക്കുമെന്ന് പറഞ്ഞാല്‍ വിശ്വസിച്ച് ജനം വോട്ട് ചെയ്തുകൊള്ളണം. വാഗ്ദാനങ്ങള്‍ പിന്നെയും അനവധിയുണ്ട്.

പ്രഖ്യാപനങ്ങള്‍ കേട്ടാല്‍ തോന്നും കേരളത്തിലെ ‘ഠ’ വട്ടത്തില്‍ മാത്രം അവശേഷിക്കുന്ന വിപ്ലവപ്പാര്‍ട്ടി ഈ തിരഞ്ഞെടുപ്പില്‍ കേവല ഭൂരിപക്ഷം നേടി രാജ്യം ഭരിക്കാനുള്ള ഒരുക്കത്തിലാണെന്ന്. മൊത്തം സീറ്റിന്റെ പത്തിലൊന്ന് എണ്ണത്തില്‍ പോലും മത്സരിക്കാന്‍ ശേഷിയില്ലാത്തവരാണ് ജയിച്ചുവന്നാല്‍ കേന്ദ്രത്തില്‍ നടപ്പാക്കുന്ന പദ്ധതികള്‍ പ്രഖ്യാപിച്ചിട്ടുള്ളത്. മുട്ടിന് കീഴെ കാലില്ലാത്തവന്‍, ഞാന്‍ ഇവിടുന്ന് എഴുന്നേറ്റാല്‍…….. എന്നു വെല്ലുവിളിക്കുന്നത് പോലെയാണ് കാര്യം. സ്വപ്‌നം കാണാനുള്ളതാണ്. സ്വപ്‌നത്തില്‍ വേണമെങ്കില്‍ നയാപൈസ ചെലവില്ലാതെ വിമാനത്തിലും പറക്കാം. ഇടത് മുന്നണിക്കൊപ്പമുള്ള ജനതാ ദളിന്റേതാണ് പ്രഖ്യാപനമെങ്കില്‍ കേള്‍ക്കാനെങ്കിലും രസമുണ്ടായിരുന്നു. ദേശീയ തലത്തില്‍ മോദിക്കൊപ്പമുള്ള ജനതാദളിന് അവരുടെ സഖ്യ കക്ഷിയായ ബിജെപി ഭൂരിപക്ഷം സീറ്റുകളില്‍ മത്സരിക്കുന്നുണ്ടെന്നെങ്കില്‍ ആശ്വസിക്കാമായിരുന്നു. അതല്ല ജനത ദളിന്റെ സഖ്യ കക്ഷിയായ സിപിഎമ്മിന് എന്‍ ഡി എ യുമായി അങ്ങനെയൊരു ബന്ധമുണ്ടെന്ന് സമ്മതിച്ചാല്‍ വിപ്ലവപ്പാര്‍ട്ടിയുടെ പ്രഖ്യാപനത്തിന് അര്‍ഥമുണ്ടെന്ന് അനുമാനിക്കാം.

പറഞ്ഞതൊക്കെ നടപ്പാക്കാന്‍ സിപി എമ്മിന് കേന്ദ്രഭരണം കിട്ടിയിട്ടുവേണ്ടേ എന്ന സന്ദേഹം മാറ്റിവച്ചാല്‍ അതൊന്നും നടപ്പാക്കാന്‍ മടിയുള്ളവരാണ് ആ പാര്‍ട്ടിയെന്ന് സന്ദേഹിക്കുകയേ വേണ്ട. അഴിമതി തടയാന്‍ നായനാര്‍ നടപ്പാക്കിയ ലോകായുക്ത നിയമത്തിന്റെ പല്ല് പറിച്ചവതാണ് കാരണഭൂതര്‍. ലോകായുക്തയുടെ ചങ്ങലെ തനിക്കുനേരെ നീങ്ങുമെന്ന ഭയമായിരുന്നു കാരണം. കള്ളപ്പണം വെളുപ്പിക്കലും അന്തരീക്ഷത്തില്‍ നിലനില്‍ക്കെ അതുമായി ബന്ധപ്പെട്ട നിയമവും അധികാരം കയ്യിലുണ്ടെങ്കില്‍ ഇല്ലാതാക്കാന്‍ പാര്‍ട്ടി മടിക്കില്ലതന്നെ.

അതിനിടെയിലാണ് വയനാട്ടില്‍ മുസ്ലിം ലീഗിന്റെ കൊടി കാണാത്തതില്‍ മുഖ്യന്റെ പരിഭവം. രാഹുല്‍ വന്നിറങ്ങുമ്പോള്‍ കല്‍പറ്റയിലെ വഴിയോരങ്ങളില്‍ മുഴുക്കെ പച്ചക്കൊടി പാറുമെന്ന് സ്വപ്‌നം കണ്ടിരുന്നതാണ് മുഖ്യനും കൂട്ടരും. കഴിഞ്ഞ തവണ അങ്ങനെ സംഭവിച്ചത് ഉത്തരേന്ത്യയില്‍ പ്രചാരണായുധമാക്കിയ സങ്കികളും ഇത്തവണയും അങ്ങനെയൊരു ചിത്രം പ്രതീക്ഷിച്ചതാണ്. സങ്കികളും സഖാക്കളും മനസില്‍ കണ്ടത് യുഡിഎഫ് മാനത്ത് കണ്ടതിന്റെ പ്രതിഫലനമാണ് ഇത്തവണ വയനാട്ടില്‍ അരങ്ങേറിയത്. അതുവഴി സങ്കികള്‍ നിരാശരായത് സ്വാഭാവികം.

എന്നാല്‍ മുഖ്യന്‍ എന്തിന് അതില്‍ അത്രമാത്രം വിഷണ്ണനാകുന്നുവെന്നതാണ് മനസിലാകാത്തത്. ലീഗിന്റെ പച്ചക്കൊടി സങ്കികള്‍ ആയുധമാക്കിയാല്‍ യു ഡി എഫിന് നഷ്ടപ്പെടുന്ന വോട്ടുകളില്‍ നല്ല വിഹിതം തങ്ങളുടെ പെട്ടിയില്‍ വീഴുമെന്ന് മുഖ്യന്‍ കരുതിക്കാണണം. സ്വപ്‌നം തകര്‍ന്നതിന്റെ വല്ലായ്മയിലാണ് പിണറായി വചനങ്ങള്‍ ഉതിര്‍ന്നുവീഴുന്നത്. കഴിഞ്ഞ തവണ ലീഗിന്റെ കൊടി കണ്ടത് പ്രചാരണമാക്കിയത് സങ്കികളാണെങ്കില്‍ ഇത്തവണ ലീഗിന്റെ കൊടി കാണാത്തത് സിപിഎം പ്രചാരണമ്മാക്കിയിരിക്കുന്നുവെന്ന വ്യത്യാസമേയുള്ളൂ. രണ്ടിലും അടങ്ങിയിരിക്കുന്ന വികാരം ഒന്നുതന്നെയിടത്താണ് കാര്യങ്ങളുടെ കിടപ്പ്.