ചരിത്രം മാറ്റിയെഴുതിയ ഒരു സംഗീത സംവിധായകൻ .

സതീഷ് കുമാർ വിശാഖപട്ടണം
ധുനിക വൈദ്യശാസ്ത്രം ഇന്നത്തെ രീതിയിൽ  പുരോഗമിക്കാതിരുന്ന കഴിഞ്ഞ നൂറ്റാണ്ടിൽ ആന്ധ്രയിൽ നിന്നും ഉത്തരേന്ത്യയിൽ നിന്നുമൊക്കെ ചില ലാടവൈദ്യന്മാർ നമ്മുടെ നാട്ടിൽ ചികിത്സിക്കാൻ എത്തുമായിരുന്നുവത്രെ !
 ദേശാടനക്കാരായ ഇവർ  ഗ്രാമത്തിലെ ഏതെങ്കിലും സത്രത്തിലോ വീടുകളിലോ അതിഥിയായി താമസിച്ചു കൊണ്ട് ഗ്രാമീണർക്കു വേണ്ട ചികിത്സകളെല്ലാം ചെയ്തുകൊടുത്തിരുന്നത്. എറണാകുളം ജില്ലയിലെ ചെറായിയിലുള്ള കൊറശേരിൽ വീട്ടിൽ ഇങ്ങനെ എത്തിയതായിരുന്നു  ഉത്തരേന്ത്യക്കാരനായ ആ ലാട വൈദ്യൻ .
 
കൊറശേരിൽ എത്തിയപ്പോഴാണ് അറിയുന്നത് ആ വീട്ടിലെ ഗൃഹനാഥ പ്രസവിച്ചു കിടക്കുകയാണ് . ഫലിതപ്രിയനായ വൈദ്യൻ വീട്ടുകാരനോടു ചോദിച്ചു ..
                                പ്രതാപ് സിംഗ് - Prathap Singh | M3DB പ്രതാപ് സിംഗ്
“ആൺകുട്ടിയോ പെൺകുട്ടിയോ…?   
“ആൺകുട്ടി …”
“എന്താ കുട്ടിയുടെ പേര് ….?
“പേരിട്ടിട്ടില്ല …
” ഇല്ലേ ….
അതെന്തായാലും നന്നായി …”
എങ്കിൽ ഞാനൊരു നല്ലപേര് പറയട്ടെ ….. “
“പറയൂ കേൾക്കാം … “
“പ്രതാപസിംഹൻ …..”.
ഞങ്ങളുടെ മഹാരാജാവിന്റ പേരാണ്.
 രാജസ്ഥാനിലെ മേവാർ രാജവംശത്തിലെ രജപുത്ര രാജാവായിരുന്ന റാണാപ്രതാപ് സിംഹൻ അവരുടെ ആരാധ്യപുരുഷനായിരുന്നു .
നാട്ടിൽ ആർക്കും ഇല്ലാത്ത ഈ പേരു കേട്ടപ്പോൾ വീട്ടുകാർക്കും സന്തോഷം .അവർ ആ കുട്ടിക്ക് പേരുനൽകി പ്രതാപസിംഹൻ . പ്രതാപസിംഹനെ സ്കൂളിൽ ചേർത്തപ്പോൾ വീട്ടുകാർ പേര് ഒന്നുകൂടെ പരിഷ്കരിച്ചു .“പ്രതാപ് സിംഗ് “
രജപുത്ര മഹാരാജാവിന്റെ നാമധേയത്തിൽ വളർന്ന ഈ പ്രതാപ് സിംഗാണ് മലയാളത്തിൽ ആദ്യമായി ഈണത്തിനനുസരിച്ച് പാട്ടെഴുതിക്കുകയും കേരളത്തിലാദ്യമായി സ്റ്റുഡിയോക്ക് പുറത്ത് ഗാനങ്ങൾ റെക്കോർഡ് ചെയ്യിക്കുകയും ചെയ്ത പ്രശസ്ത സംഗീത  സംവിധായകൻ .
” നിണമണിഞ്ഞ കാൽപ്പാടുകളി” ലൂടെ പ്രശസ്തനായ എൻ എൻ പിഷാരടി സംവിധാനം ചെയ്ത “മുൾക്കിരീടം ” എന്ന ചിത്രത്തിന് വേണ്ടി പി ഭാസ്കരന്റെ വരികൾക്ക്  ഈണം പകർന്നത്  പ്രതാപ് സിംഗാണെന്ന് ഇന്നും പലർക്കുമറിയില്ല.
എസ് ജാനകി പാടി സൂപ്പർഹിറ്റായ ” കുളികഴിഞ്ഞ് കോടി മാറ്റിയ ശിശിരകാല ചന്ദ്രികേ …” എന്ന ഗാനം റേഡിയോവിലൂടെ കേട്ട് ആസ്വദിച്ചപ്പോഴെല്ലാം ഈ ഗാനത്തിന്റെ സംഗീത സംവിധായകൻ സലീൽ ചൗധരിയെപോലെ ഏതോ ഉത്തരേന്ത്യക്കാരനാണെന്നാണ് ഈ ലേഖകനും വിശ്വസിച്ചിരുന്നത്.
Vimooka Shoka / Yesudas / Music Prathap Singh / Lyrics KS Namboothiri / Movie - Muthu 1976
https://youtu.be/dT9IBxR3ZPg?t=11
 മലയാള ചലച്ചിത സംഗീതരംഗത്ത് തന്റെ സ്വന്തം കൈയൊപ്പ്  പതിപ്പിച്ച ഈ സംഗീതജ്ഞൻ
ആലുവായിൽ വാട്ടർ അതോറിറ്റി ഉദ്യോഗസ്ഥനായിരുന്നു . ശാസ്ത്രീയമായി സംഗീതം അഭ്യസിച്ചിട്ടില്ലെങ്കിലും  നല്ലപോലെ ഹാർമോണിയം വായിക്കുകയും, പാടുകയും  , ഇടയ്ക്കിടക്ക് നാടക ഗാനങ്ങൾക്ക് സംഗീതസംവിധാനം നിർവ്വഹിക്കുകയും ചെയ്തിരുന്നത് കലയോടുള്ള സ്നേഹം കൊണ്ടു മാത്രം .
“മുൾക്കിരീട ” ത്തിലെ ഗാനങ്ങളെല്ലാം ഹിറ്റായെങ്കിലും സുരക്ഷിതമായ ജോലി വിട്ടൊരു ഭാഗ്യപരീക്ഷണത്തിന് അന്നത്തെ സാഹചര്യത്തിൽ പ്രതാപ് സിംഗ് തയ്യാറായിരുന്നില്ല. എന്നാൽ  ഏതാനും വർഷങ്ങൾക്ക് ശേഷം സംവിധായകൻ  പിഷാരടിയും പ്രതാപ് സിങ്ങും 976-ൽ പുറത്തിറങ്ങിയ “മുത്ത് ” എന്ന ചിത്രത്തിന്റെ സംഗീത സംവിധാനത്തിനായി  ഒരിക്കൽ കൂടി ഒന്നിച്ചു .
കോട്ടയത്തുകാരായ മൂന്നു സുഹൃത്തുക്കളായിരുന്നു ചിത്രത്തിന്റെ നിർമ്മാതാക്കൾ .
ചെലവു കുറയ്ക്കാനായി സിനിമയിലെ ഗാനങ്ങളുടെ റെക്കോർഡിങ്  കേരളത്തിൽ  വെച്ച് തന്നെ  നടത്താൻ നിർമ്മാതാക്കൾ തീരുമാനിക്കുന്നു . സംവിധായകൻ പിഷാരടിയും ആ വഴിക്ക് ചിന്തിക്കാൻ തുടങ്ങിയതോടെ ധർമ്മസങ്കടത്തിലായത് പ്രതാപ് സിംഗ് ആയിരുന്നു .
 
കാരണം പാട്ടുകൾ റെക്കോർഡ് ചെയ്യാനുള്ള സൗണ്ട് പ്രൂഫ് സ്റ്റുഡിയോകളോ പാട്ടിനെ ഫിലിമുമായി sychnonise ചെയ്യിപ്പിക്കുന്ന പ്രൊഫഷണൽ ടേപ്പ് റെക്കോർഡറുകളോ സ്റ്റുഡിയോ ഗ്രേഡ് മൈക്രോഫോണുകളോ നൊട്ടേഷൻ വായിക്കുന്ന ആർട്ടിസ്റ്റുകളോ ഒന്നും അന്ന് കേരളത്തിൽ  ഉണ്ടായിരുന്നില്ല .
പ്രതാപ് സിംഗ് - Prathap Singh | M3DB
പനമ്പ് കൊണ്ടോ ഓല കൊണ്ടോ മറച്ച ഷെഡ്‌ഡിനുള്ളിൽ ഓർക്കസ്ട്ര ക്കാരുടെ സഹായത്താൽ പാട്ടുകൾ റെക്കോർഡ് ചെയ്തു കൂടെ എന്നൊരു ആശയം കൂടി  പിഷാരടി  മുന്നോട്ട് വെച്ചപ്പോൾ ആ വഴിക്ക് ഒരു പുതിയ പരീക്ഷണത്തിന് പ്രതാപസിംഗ് നിർബ്ബന്ധിതനാവുകയായിരുന്നു .
  അങ്ങനെയാണ്  സുഹൃത്തും വോയ്സ് ഓഫ് ട്രിച്ചൂർ എന്ന മ്യൂസിക് ഗ്രൂപ്പിന്റെ ജീവനാഡിയും ഒട്ടേറെ സംഗീതോപകരണങ്ങൾ കൈകാര്യം ചെയ്യുന്നതിൽ വിദ്ഗ്ദ്ധനുമായ ജോൺസൺ എന്ന ചെറുപ്പക്കാരനെ  പ്രതാപ് സിംഗ് കൂടെ കൂട്ടുന്നത്.
അതെ … പിൽക്കാലത്ത് മലയാള ചലച്ചിത്ര സംഗീത രംഗത്ത് രാഗവസന്തങ്ങൾ തീർത്ത സാക്ഷാൽ ജോൺസൺ തന്നെ. വിവിധ തരം സംഗീത ഉപകരണങ്ങൾ വായിക്കുന്നതിൽ അസാമാന്യ സാമർത്ഥ്യം ഉണ്ടായിരുന്ന ജോൺസൺ പ്രതാപ് സിംഗിന് ധൈര്യം നൽകി .
“പ്രതാപേട്ടാ നമുക്കൊന്നു പരീക്ഷിച്ചു നോക്കാം ….”.
  ജോൺസൺ കൊടുത്ത ധൈര്യത്തിൽ  മുന്നോട്ടുപോകാൻ തന്നെ പ്രതാപ് സിംഗ് തീരുമാനിച്ചു. തൃശ്ശൂരിലെ തിരുവമ്പാടി ക്ഷേത്രത്തിനു സമീപമുള്ള നടനനികേതൻ ഹാളാണ് റെക്കോർഡിങ്ങിനായി അവർ തിരഞ്ഞെടുത്തത്.
           
കോയമ്പത്തൂരിൽ നിന്നും കോഴിക്കോട് നിന്നും വന്ന ഗാനമേളയുടെ ആർട്ടിസ്റ്റുകളും ചിത്രാഞ്ജലി സ്റ്റുഡിയോയിലെ ശബ്ദലേഖനവിദഗ്ദ്ധനായ ദേവദാസും പുതിയ പരീക്ഷണത്തിനായി തൃശൂരിലെത്തി.
  നാടകങ്ങളിൽ പാട്ടുകൾ എഴുതിയിരുന്ന കെ എസ് നമ്പൂതിരിയാണ് ”മുത്തി ” ലെ ആറു ഗാനങ്ങളിൽ അഞ്ചെണ്ണവും എഴുതിയത്. എന്നാൽ നിർമ്മാതാക്കളുടെ അടുത്ത സുഹൃത്തായ കെ നാരായണപിള്ള എഴുതിയ ” നിത്യചൈതന്യദായകാ..” എന്ന ഗാനത്തിനായിരുന്നു ചരിത്രത്തിന്റെ ഭാഗമാകാൻ ഭാഗ്യമുണ്ടായത് .
ആദ്യ ചലച്ചിത്ര ഗാനം പുതുമുഖ ഗായികയായ രാധാ വിശ്വനാഥിനെ കൊണ്ട് പാടിപ്പിക്കാനായിരുന്നു  പ്രതാപ് സിംഗിന്റെ തീരുമാനം . ഒരു ദിവസം മുഴുവൻ നീണ്ടു നിന്ന റിഹേഴ്സൽ . ഒരുവിധം ശരിയായി എന്നു തോന്നിയതോടെ 7 മണിക്ക് പാട്ട് റെക്കോർഡ് ചെയ്യാൻ തീരുമാനിച്ചു.
“നിത്യ ചൈതന്യ ദായകാ
കർത്താവേ ശ്രീയേശുനാഥാ ….”
രാധ വിശ്വനാഥിന്റെ മധുരശബ്ദം ഹാളിൽ ഉയർന്നു . എല്ലാവരും ആകാംക്ഷയോടെ ശ്വാസമടക്കിപ്പിടിച്ച് ആ മനോഹര ഗാനം കേട്ടു നിന്നു . ആറു ടേക്കുകൾ കഴിഞ്ഞു . ഏഴാമത്തെ ടേക്കിൽ പാട്ട് ഒക്കെയായി . റീപ്ലേ ചെയ്തു നോക്കിയപ്പോൾ ജോൺസന്റേയും പ്രതാപ് സിംഗിന്റേയും കണ്ണുകൾ സന്തോഷത്താൽ ഈറനണിഞ്ഞു .
  ഇത്ര നന്നാവുമെന്ന്  അവരാരും  പ്രതീക്ഷിച്ചിരുന്നില്ല. തൃശ്ശൂരിലെ ചലച്ചിത്രപ്രവർത്തകരെല്ലാം ഈ സംഭവം കേട്ടറിഞ്ഞ് നടനനികേതനിലെത്തി . പ്രതാപ് സിംഗിനെ അഭിനന്ദിക്കാനെത്തിയവരിൽ ഗാന ഗന്ധർവ്വൻ യേശുദാസും ഭാവ ഗായകൻ ജയചന്ദ്രനുമുണ്ടായിരുന്നു .
                 
പിന്നെ ഒരാഴ്ചക്കാലം അവിടെ ഉത്സവമായിരുന്നുവെന്ന് മാത്രമല്ല മദ്രാസിൽ വെച്ച് റെക്കോർഡിങ് നടത്താൻ തീരുമാനിച്ചിരുന്ന യേശുദാസിന്റെ രണ്ടു ഗാനങ്ങളും ജയചന്ദ്രന്റെ ഒരു ഗാനവും മറ്റു മൂന്നു ഗാനങ്ങളുമടക്കം മുത്തിലെ ഏഴ് ഗാനങ്ങളും ആദ്യമായി സ്റ്റുഡിയോക്കു പുറത്ത് തന്നെ റെക്കോർഡ് ചെയ്ത് ചരിത്രം സൃഷ്ടിച്ചു .
“വിമൂകശോക സ്മൃതികളുണർത്തി വീണ്ടും പൗർണ്ണമി വന്നു …”
 ( യേശുദാസ് )
“കണ്ണുനീരിൻ കടലിലേക്കാരുമാരുമറിയാതെ …” (ജയചന്ദ്രൻ )
“ജീവിതം പ്രണയമധുരം …. “
 (രാധാ പി വിശ്വനാഥ് )
“ആകാശ താഴ് വരകാട്ടിൽ … “
(കെ  സതി )
“ഭൂഗോളം ഒരു ശ്മശാനം … “
 (യേശുദാസ് )
വിമൂകശോക സ്മൃതികളുണർത്തി വീണ്ടും പൗർണമി വന്നു…”
(രാധാ പി വിശ്വനാഥ് )
എന്നീ ഗാനങ്ങളായിരുന്നു സ്റ്റുഡിയോക്ക് പുറത്ത് റെക്കോർഡ് ചെയ്യപ്പെട്ടത് .
രാധാ പി വിശ്വനാഥ്   പാടിയ ഏക ചലച്ചിത്രമായിരുന്നു മുത്ത് . ആദ്യ ചിത്രമായ മുൾക്കിരീടത്തിൽ പി ഭാസ്കരനെ കൊണ്ട് ഈണങ്ങൾക്കനുസരിച്ച് പാട്ടുകളെഴുതിപ്പിക്കുകയും കേരളത്തിലാദ്യമായി  സ്റ്റുഡിയോക്ക് പുറത്ത് പാട്ടുകൾ റെക്കോർഡ് ചെയ്യിപ്പിച്ച് ചരിത്രം സൃഷ്ടിക്കുകയും ചെയ്ത  സംഗീതസംവിധായകൻ പ്രതാപ് സിംഗ് ഇപ്പോൾ തൃശ്ശൂർ ജില്ലയിലെ ഇരിഞ്ഞാലക്കുടയിൽ എൺപത്തിയൊമ്പതിന്റെ ചെറുപ്പത്തോടെ സാഹിത്യരചനയിൽ മുഴുകി കഴിയുന്നു …