ജെ.ഡി.എസ് ; പ്രശ്നപരിഹാരത്തിനായി ശ്രമങ്ങൾ ഊർജിതം

In Editors Pick, Special Story
October 22, 2023

തിരുവനന്തപുരം: കർണാടകയിലെ ജെ.ഡി.എസ് – ബി.ജെ.പി സഖ്യത്തിന് പിന്നാലെ വെട്ടിലായ ജെ.ഡി.എസ് സംസ്ഥാന ഘടകം പ്രശ്നപരിഹാരത്തിനായി ശ്രമങ്ങൾ ഊർജ്ജിതമാക്കി. മറ്റ് സംസ്ഥാന ഘടകങ്ങളിലെ ബി.ജെ.പി വിരുദ്ധ നേതാക്കളെ ഒപ്പം കൂട്ടി  രാഷ്ട്രീയ നിലപാട് സ്വീകരിക്കാനാണ് ജെ.ഡി.എസ് കേരള ഘടകം ശ്രമിക്കുന്നത്.

നീലലോഹിതദാസൻ നാടാർ, ജോസ് തെറ്റയിൽ, സി.കെ നാണു എന്നിവരുടെ നേതൃത്വത്തിലാണ് മറ്റ് സംസ്ഥാനങ്ങളിലെ നേതാക്കളുമായി ആശയവിനിമയം നടക്കുന്നത്. ബി.ജെ.പി വിരുദ്ധ പാർട്ടി രൂപീകരിക്കുകയോ ദേവഗൗഡയെയും മകനെയും പാർട്ടിയിൽ നിന്ന് പുറത്താക്കി തങ്ങളാണ് യഥാർത്ഥ ജെ.ഡി.എസ് എന്ന പ്രഖ്യാപനം നടത്തുകയോ വേണമെന്ന ആവശ്യമാണ് ഇവർ ഉന്നയിക്കുന്നത്. ബി.ജെ.പി വിരുദ്ധ രാഷ്ട്രീയ നിലപാട് സ്വീകരിക്കണമെന്നായിരുന്നു പാർട്ടി പ്ലീനമെടുത്ത നിലപാട്.

കർണാടകയിലെ ജെ.ഡി.എസ് – ബി.ജെ.പി സഖ്യത്തിന് മുഖ്യമന്ത്രി പിണറായി വിജയന്റെയും പാർട്ടി സംസ്ഥാന ഘടകത്തിന്റെയും അനുമതിയുണ്ടെന്ന വിവാദവെളിപ്പെടുത്തൽ ദേവഗൗഡ നടത്തിയത് ആശയക്കുഴപ്പം സൃഷ്ടിച്ചിരുന്നു. ഗൗഡ വെളിപ്പെടുത്തൽ പിൻവലിച്ചെങ്കിലും അതുണ്ടാക്കിയ പേരുദോഷം മാറ്റാനാണ് ദേശീയതലത്തിൽത്തന്നെ നീക്കം നടത്തുന്നത്. മുഖ്യമന്ത്രി പിണറായി വിജയൻ ദേവഗൗഡയ്‌ക്കെതിരെ രൂക്ഷവിമർശനമുന്നയിക്കുകയും ജെ.ഡി.എസ് കേരളഘടകത്തിന് പിന്തുണ നൽകുകയും ചെയ്തിരുന്നു.

ഗൗഡ വിവാദ വെളിപ്പെടുത്തൽ പിൻവലിച്ചതോടെ സി.പി.എമ്മിനും താൽക്കാലിക ആശ്വാസം ലഭിച്ചിട്ടുണ്ട്. സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദനും എൽ.ഡി.എഫ് കൺവീനർ ഇ.പി ജയരാജനും ഇന്നലെയും ജെ.ഡി.എസിന് പൂർണ്ണ പിന്തുണ പ്രഖ്യാപിച്ചു. എന്നാൽ ബി.ജെ.പി -സി.പി.എം അന്തർധാരയെന്ന ആരോപണത്തിൽ നിന്ന് പിന്നോട്ട് പോകാൻ യു.ഡി.എഫ് തയ്യാറായിട്ടില്ല.