ഇന്ത്യയിൽ ഭീകരാക്രമണ സാദ്ധ്യതയുണ്ടെന്ന് കാനഡ

In Editors Pick, Featured
October 21, 2023

ന്യൂഡൽഹി: അന്ത്യശാസനത്തെ തുടർന്ന് 41 നയതന്ത്ര ഉദ്യോഗസ്ഥരെ പിൻവലിച്ചതിനു പിന്നാലെ കാനഡ നടത്തിയ മോശം പരാമർശങ്ങളിൽ ശക്തിയായി പ്രതിഷേധിച്ച് ഇന്ത്യ. ഭീകരാക്രമണ സാദ്ധ്യതയുണ്ടെന്നും തിരക്കേറിയ നഗരങ്ങളിലും വിനോദസഞ്ചാര കേന്ദ്രങ്ങളിലും പോക്കറ്റടി സർവസാധാരണമാണെന്നും കനേഡിയൻ വിദേശ മന്ത്രാലയം പത്രക്കുറിപ്പ് ഇറക്കിയതാണ് വിവാദമായത്. വിദേശകാര്യമന്ത്രി മെലാനി ജോളിയും ഇന്ത്യയ്ക്കെതിരെ ഇതേ ആരോപണങ്ങൾ ഉന്നയിച്ചു. വലിയ തുക കൈവശം വയ്ക്കരുത്, അപരിചിതരുമായി ഇടപഴകരുത് തുടങ്ങിയ നിർദേശങ്ങളും പത്രക്കുറിപ്പിലുണ്ട്. കനേഡിയൻ പൗരൻമാർക്കുള്ള മുന്നറിയിപ്പെന്ന നിലയിലാണ് ഈ ആക്ഷേപമുന്നയിച്ചത് .

ശുദ്ധ അസംബന്ധമെന്നാണ് ഇന്ത്യയുടെ പ്രതികരണം. ഇതിനു പിന്നിൽ ദുരുദേശ്യമുണ്ടെന്നും ഇന്ത്യ തുറന്നടിച്ചു. രാജ്യങ്ങളുടെ നയതന്ത്ര ബന്ധം സംബന്ധിച്ച വിയന്ന കരാർ ലംഘിച്ചെന്ന ആരോപണവും നിഷേധിച്ചു.

നയതന്ത്ര ഉദ്യോഗസ്ഥരെ പിൻവലിച്ചതോടെ മുംബയ് , ബംഗളൂരു, ചണ്ഡിഗർ എന്നിവിടങ്ങളിലെ കോൺസുലേറ്റുകൾ അടച്ചു. ഇവിടെ ലഭിച്ചിരുന്ന സേവനങ്ങൾക്ക് ഇനി ഡൽഹിയിലെ കനേഡിയൻ ഹൈക്കമ്മിഷനുമായി ബന്ധപ്പെടണം. ഇരു രാജ്യങ്ങളിലെയും നയതന്ത്ര ഉദ്യോഗസ്ഥരുടെ അംഗബലത്തിൽ തുല്യത വരുത്തുകമാത്രമാണ് ചെയ്തതെന്നും കനേഡിയൻ ഉദ്യോഗസ്ഥർ ആഭ്യന്തര കാര്യങ്ങളിൽ കൈകടത്തിയെന്നും ഇന്ത്യ ചൂണ്ടിക്കാട്ടി. പുതിയ സംഭവവികാസങ്ങളോടെ ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം കൂടുതൽ വഷളായി.

ഖാലിസ്ഥാൻ ഭീകരൻ ഹർദീപ് സിംഗ് നിജ്ജറിന്റെ വധത്തിൽ ഇന്ത്യക്കു പങ്കുണ്ടെന്ന കനേഡിയൻ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോയുടെ പ്രസ്താവനയോടെയാണ് ഇന്ത്യ-കാനഡ ബന്ധം ഉലഞ്ഞത്. ഇതിനു പിന്നാലെ നയതന്ത്ര പ്രതിനിധികളെ ഇരു രാജ്യങ്ങളും പുറത്താക്കിയിരുന്നു.