സൈബർ ആക്രമണം; നിയമനടപടിയുമായി അച്ചു ഉമ്മൻ

കോട്ടയം: സൈബർ ലോകത്ത് സി.പി.എം പ്രവർത്തകർ തനിക്കെതിരെ നടത്തുന്ന ആക്രമണത്തിൽ നിയമ നടപടിയെടുക്കാൻ മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ മകൾ അച്ചൂ ഉമ്മൻ.

സെക്രട്ടറിയേറ്റിലെ മുൻ ഉദ്യോ​ഗസ്ഥൻ നന്ദകുമാറിനെതിരെ പോലീസ് സൈബർ സെല്ലിനും വനിതാ കമ്മീഷനും അവർ പരാതി നൽകി.

ഫാഷൻ രംഗത്ത് പ്രവർത്തിക്കുന്ന അച്ചു ഉമ്മന്റെ തൊഴിലുമായി ബന്ധപ്പെട്ട ചിത്രങ്ങൾ ഉപയോഗിച്ചായിരുന്നു വ്യാജപ്രചരണങ്ങൾ.

സൈബർ അധിക്ഷേപങ്ങൾക്കെതിരെ ഫേസ്ബുക്ക് കുറിപ്പിലൂടെയും അച്ചു ഉമ്മൻ പ്രതികരിച്ചിരുന്നു. സൈബർ പോരാളികൾ തന്റെ കരിയറുമായി ബന്ധപ്പെടുത്തി വ്യജപ്രചാരണങ്ങൾ നടത്തുന്നു എന്ന് അച്ചു കുറിപ്പിൽ പറഞ്ഞു.

പിതാവിന്റെ പേര് ഉപയോഗിച്ച് ഒരു നേട്ടവും ഇന്നുവരെ ഉണ്ടാക്കിയിട്ടില്ല. ഉമ്മൻചാണ്ടിയുടെ സൽപേരിന് കളങ്കം ഉണ്ടാക്കും വിധത്തിലുള്ള സൈബർ പ്രചാരണങ്ങൾ നിരാശാജനകമാണ്.തന്റെ ജോലിയിലും അതിനെ സമീപിക്കുന്ന സത്യസന്ധതയിലും ഞാൻ ഉറച്ചുനിൽക്കുന്നു എന്ന് വ്യക്തമാക്കിയാണ് അച്ചു ഉമ്മൻ കുറിപ്പ് അവസാനിപ്പിക്കുന്നത്.

പുതുപ്പള്ളി ഉപതിരഞ്ഞെടുപ്പിൽ മുഖ്യമന്ത്രിയുടെ മകൾ വീണക്കെതിരായ ആക്രമണങ്ങൾക്ക് പിന്നാലെയായിരുന്നു അച്ചു ഉമ്മനെതിരെ സൈബറാക്രമണം ഉണ്ടായത്.

ഉമ്മൻ ചാണ്ടിക്കെതിരായ സിപിഎം അധിക്ഷേപങ്ങളുടെ തുടർച്ചയാണിതെന്ന് യുഡിഎഫ് ആരോപിക്കുന്നു.