‘വീണ്ടും മോദി വന്നാൽ സ്വേച്ഛാധിപത്യ പ്രവണത കൂടും’

കൊച്ചി: വന്‍ ഭൂരിപക്ഷത്തില്‍ ജയിച്ച്‌ നരേന്ദ്ര മോദിയുടെ നേതൃത്വത്തിൽ എൻ ഡി എ വീണ്ടും അധികാരത്തില്‍ വന്നാല്‍ സ്വേച്ഛാധിപത്യ പ്രവണത വര്‍ധിക്കുമെന്ന് മുന്‍ ക്യാബിനറ്റ് സെക്രട്ടറി കെ എം ചന്ദ്രശേഖര്‍ അഭിപ്രായപ്പെടുന്നു.

2014ലും 2019 ലും നല്ല ഭൂരിപക്ഷം അവർക്ക് ഉണ്ടായിരുന്നു. ഇത്തവണ ചെറിയ ഭൂരിപക്ഷത്തിനാണ്
ബിജെപി ജയിക്കുന്നതെങ്കില്‍ പാര്‍ലമെന്റില്‍ സംവാദങ്ങള്‍ ഉണ്ടാകുകയും സംസ്ഥാനങ്ങള്‍ കൂടുതല്‍ ശക്തമാകുകയും ചെയ്യും. സമനില കൈവരിക്കാന്‍ ഇത് സഹായിക്കും – അദ്ദേഹം പറഞ്ഞു.

ദി ന്യൂ ഇന്ത്യന്‍ എക്‌സ്പ്രസിന്റെ എക്‌സ്പ്രസ് ഡയലോഗ്‌സില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു ചന്ദ്രശേഖര്‍.

ഒന്നോ രണ്ടോ മാസം മുമ്പ് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തില്‍ ബിജെപി വ്യക്തമായ വിജയം നേടുമെന്നായിരുന്നു കരുതിയിരുന്നത്. മോദിയുടെ പ്രതിച്ഛായ വര്‍ധിപ്പിച്ചതിനാല്‍ 400 ലധികം സീറ്റുകള്‍ ബിജെപിക്ക് നേടാനാകുമെന്നായിരുന്നു അന്ന് വിചാരിച്ചത്.എന്നാല്‍ മൂന്നാം ഘട്ട വോട്ടെടുപ്പിന് ശേഷം സാഹചര്യം മാറിമറിഞ്ഞു.

മോദി സര്‍ക്കാര്‍ വീണ്ടും അധികാരത്തില്‍ എത്തിയാല്‍ അവര്‍ എന്തുചെയ്യുമെന്ന് വ്യക്തമാണ്. അതിന് മുന്‍പത്തെ പശ്ചാത്തലം നോക്കിയാല്‍ മാത്രം മതി. അവര്‍ ഏകീകൃത സിവില്‍ കോഡ് നടപ്പിലാക്കാന്‍ ശ്രമിക്കുന്നു. ഒരുപക്ഷേ കാര്‍ഷിക നിയമങ്ങളും തിരികെ വന്നേക്കാം. ആര്‍ട്ടിക്കിള്‍ 370ല്‍ കൂടുതല്‍ പുരോഗതി ഉണ്ടായേക്കാം.

‘ഇന്ത്യ’ മുന്നണിയെ സംബന്ധിച്ചിടത്തോളം, അവര്‍ ഇതുവരെ ഒരു പൊതു അജണ്ട രൂപപ്പെടുത്തിയിട്ടില്ല. എന്നെ സംബന്ധിച്ചിടത്തോളം, ആരാണ് ഭരിക്കുന്നത് എന്നതല്ല, ഭരണത്തില്‍ സന്തുലിതാവസ്ഥ ഉണ്ടായിരിക്കണം എന്നതാണ് പ്രധാനം.

പാര്‍ലമെന്റില്‍ അടുത്ത കാലം വരെ ഒരു പക്ഷം മാത്രമാണ് ആധിപത്യം പുലര്‍ത്തിയിരുന്നത്. സംസ്ഥാനങ്ങളും കേന്ദ്രവും തമ്മിലുള്ള സംഘര്‍ഷം ഗണ്യമായി വര്‍ദ്ധിച്ചു.

2014ല്‍ തെരഞ്ഞെടുപ്പിനെ നേരിടുമ്പോൾ മോദിയില്‍ നര്‍മ്മവും ആത്മവിശ്വാസവും നിറഞ്ഞിരുന്നു. എന്നാല്‍ ഇപ്പോള്‍ അദ്ദേഹം ആ സ്വരത്തിലല്ല സംസാരിക്കുന്നത്. മറിച്ച്‌, നേരിട്ടുള്ള ആക്രമണങ്ങളില്‍ മുഴുകുകയാണ്. സാധാരണയായി, ആത്മവിശ്വാസമാണ് അദ്ദേഹം പ്രകടിപ്പിക്കാറുണ്ടായിരുന്നതെന്നും ചന്ദ്രശേഖര്‍ പറഞ്ഞു.