ദളിതരുടെ ദുരിതങ്ങളും ദ്രാവിഡ നാടും

അരൂപി

നാടും കാലവും നടക്കുന്നത് പിന്നിലേക്കാണെന്ന് തോന്നുന്നു. അതിനാലാണ് സ്വാതന്ത്ര്യം നേടിയിട്ടും സ്ഥിതി സമത്വ, മതേതര ജനാധിപത്യ റിപ്പബ്ലിക്കായി പ്രഖ്യാപിച്ച് ദശാബ്ദങ്ങള്‍ കഴിഞ്ഞിട്ടും ഇന്നും ‘തൊട്ടു കൂടാത്തവരും, തീണ്ടിക്കൂടാത്തവരും , ദൃഷ്ടിയില്‍പ്പെട്ടാലും ദോഷമുള്ളോ’രുമെന്ന് മുദ്രകുത്തി നല്ലൊരു വിഭാഗത്തെ നാം അകറ്റി നിര്‍ത്തിയിരിക്കുന്നത്.

അതിനാലാണ് ദളിതര്‍ക്കും ആദിവാസികള്‍ക്കുമെതിരേയുള്ള അതിക്രമങ്ങള്‍ ഓരോ കൊല്ലവും വര്‍ദ്ധിച്ചു വരുന്നത്. അതിനാലാണ് ദളിത് പെണ്‍കുട്ടികള്‍ കൂട്ട ബലാല്‍സംഗത്തിനിരകളാകുന്നത്. അതിനാലാണ് അവരെ തല്ലിക്കൊന്ന് കെട്ടിത്തൂക്കുന്നതും രായ്ക്ക്രാമാനം ചുട്ടുകരിച്ചു കളയുന്നതും. അതിനാലാണ് പൊതു കിണറ്റില്‍ നിന്നും വെള്ളമെടുത്തുവെന്നും പശുവിനെ കൊന്നുവെന്നും ആരോപിച്ച് ദളിതരെ കൊല്ലുന്നത്. അതിനാലാണ് ഭക്ഷണത്തില്‍ തൊട്ടുവെന്നും വാഹനത്തില്‍ ചാരിനിന്നുവെന്നും പറഞ്ഞ് കൊച്ചു കുട്ടികളെപ്പോലും മര്‍ദ്ദിക്കുന്നത്.

ദേശീയ ക്രൈം റെക്കോര്‍ഡ് ബ്യൂറോയുടെ റിപ്പോര്‍ട്ട് പ്രകാരം ഇന്‍ഡ്യയില്‍ ദളിതര്‍ക്കെതിരായ ആക്രമണങ്ങളുമായി ബന്ധപ്പെട്ട് 2022-ല്‍ 58992 കേസുകള്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട് . അതായത് ദിവസേന 162 ദളിതര്‍ വീതം ഇന്‍ഡ്യയില്‍ പീഡിപ്പിക്കപ്പെടുന്നു. ഈ അതിക്രമങ്ങളില്‍ 72 ശതമാനവും നടക്കുന്നത് ഉത്തര്‍പ്രദേശ്, രാജസ്ഥാന്‍, മദ്ധ്യപ്രദേശ്, ബീഹാര്‍, ഒഡീഷ എന്നീ അഞ്ച് ഉത്തരേന്‍ഡ്യന്‍ സംസ്ഥാനങ്ങളിലാണ്.

ഉത്തരേന്‍ഡ്യയിലെ ജാതിക്കോമരങ്ങളായ ആര്യന്മാരില്‍ നിന്നും വ്യത്യസ്തരാണെന്നാണ് ദ്രാവിഡരുടെ അവകാശ വാദം. എന്നാല്‍ തങ്ങളും ആര്യന്മാരേക്കാള്‍ മോശക്കാരല്ലന്ന് ദ്രാവിഡരായ തമിഴ്‌നാട് ജനത തെളിയിച്ചു കൊണ്ടിരിക്കുകയാണ്. ക്ഷേത്രങ്ങളില്‍ പ്രവേശിക്കുന്നത് പോയിട്ട് അതിന്റെ പരിസരത്ത് പോകുന്ന കാര്യം പോലും ഉത്തരേന്‍ഡ്യയില്‍ ദളിതര്‍ക്കോ മറ്റ് പിന്നോക്ക ക്കാര്‍ക്കോ ചിന്തിക്കാന്‍ പോലുമാവില്ല.

എന്നാല്‍ വിശ്വാസികളായ ഹിന്ദുക്കള്‍ക്ക് അവര്‍ ഏത് ജാതിയില്‍പ്പെട്ടവരായാലും തമിഴ്‌നാട്ടില്‍ ക്ഷേത്ര പ്രവേശനം നിയമപരമായി അനുവദനീയമാണ്. ആ അവകാശം പക്ഷേ നിയമ പുസ്തകത്തില്‍ മാത്രമേയുള്ളു. ഇന്നും തമിഴ് നാട്ടിലെ പല ക്ഷേത്രങ്ങളിലും ദളിതര്‍ക്ക് പ്രവേശനം നിഷേധിക്കപ്പെടുന്നു എന്നതാണ് യാഥാര്‍ത്ഥ്യം.

അതിനേറ്റവും ഒടുവിലത്തെ ഉദാഹരണമാണ് ഇക്കഴിഞ്ഞ ഏപ്രിലില്‍ വില്ലുപുരത്തെ ധര്‍മ്മരാജ ദ്രൗപതി അമ്മന്‍ ക്ഷേത്രത്തിലെ ഉത്സവത്തോടനുബന്ധിച്ച് നടന്ന സംഭവം . ഈ ക്ഷേത്രത്തില്‍ ദളിതര്‍ക്ക് പ്രവേശനമില്ല. വേണമെങ്കില്‍ അമ്പലത്തിന് പുറത്ത് നിന്ന് പ്രാര്‍ത്ഥിക്കാം. ഉത്സവ ദിവസം പോലും ക്ഷേത്ര മതില്‍ക്കെട്ടിനകത്തേക്ക് കടക്കാന്‍ അവര്‍ക്ക് അനുവാദമില്ല. ഈ അലിഖിത നിയമമാണ് ഇക്കഴിഞ്ഞ ഏപ്രില്‍ 7-ന് കതിരവന്‍ എന്ന ദളിത് ചെറുപ്പക്കാരന്‍ ലംഘിച്ചത്.

ക്ഷേത്രത്തിലെ ഉത്സവം ഏതാണ്ട് അവസാനിക്കാറായ സമയം കതിരവന്‍ ക്ഷേത്രത്തിനകത്ത് പ്രവേശിച്ചു. ക്ഷേത്രം അശുദ്ധമാക്കിയെന്നാരോപിച്ച് അയാളേയും അയാളോടൊപ്പമുണ്ടായിരുന്ന മറ്റ് രണ്ട് ദളിതരേയും സവര്‍ണ്ണ ഹിന്ദുക്കള്‍ മര്‍ദ്ദിച്ചു. തുടര്‍ന്ന് ദളിത് വിഭാഗം പ്രതിഷേധവുമായി രംഗത്തെത്തി. റോഡ് ഉപരോധ മടക്കമുള്ള പ്രക്ഷോഭം ആരംഭിച്ചു. ക്ഷേത്രത്തില്‍ പ്രവേശനമനുവദിച്ചേ മതിയാവൂ എന്ന് ദളിത് വിഭാഗം വാദിച്ചു. ഒരു കാരണവശാലും അതിനനുവദിക്കില്ലന്ന സവര്‍ണ്ണ ഹിന്ദു വിഭാഗമായ വണ്ണിയരും. രണ്ട് മാസക്കാലമായി നടന്ന സമവായ ചര്‍ച്ചകള്‍ പരാജയപ്പെട്ടതോടെ ഇക്കഴിഞ്ഞ ജൂണ്‍ 7-ന് സര്‍ക്കാര്‍ ക്ഷേത്രം അടച്ചുപൂട്ടി സീല്‍ ചെയ്തു.

ഈ വര്‍ഷം തന്നെ ഇത്തരത്തിലുള്ള നിരവധി സംഭവങ്ങള്‍ തമിഴ് നാട്ടില്‍ അരങ്ങേറിയിരുന്നു. ജനുവരി 2-ന് കല്ലക്കുറിച്ചി ജില്ലയിലെ 200 കൊല്ലം പഴക്കമുള്ള ശ്രീ വരദരാജ പെരുമാള്‍ ക്ഷേത്രത്തില്‍ 250 ദളിതര്‍ പ്രവേശിച്ചു. പക്ഷേ 300 പോലീസുകാരുടെ സംരക്ഷണം അവര്‍ക്കതിന് വേണ്ടിവന്നു. ഏതാനും ദിവസം കഴിഞ്ഞപ്പോള്‍ തിരുവണ്ണാമല ജില്ലയിലെ എഴുപത് വര്‍ഷത്തെ പഴക്കമുള്ള മുത്താലമ്മന്‍ ക്ഷേത്രത്തില്‍ ആദ്യമായി ദളിതര്‍ പ്രവേശിച്ചു.

ഫെബ്രുവരി 23-ന് തഞ്ചാവൂര്‍ ജില്ലയിലെ ആലംപള്ളത്തെ മഴൈ മാരിയമ്മന്‍ ക്ഷേത്രത്തില്‍ ദളിതരുടെ പ്രവേശനം സവര്‍ണ്ണ സമുദായമായ വെള്ളാളര്‍ തടഞ്ഞു. ദളിതര്‍ ജില്ല കളക്ടറുടെ സഹായത്തോടെ ക്ഷേത്രത്തിനുള്ളില്‍ പ്രവേശിച്ചു. പക്ഷേ അതിനവര്‍ക്ക് വലിയ വിലയാണ് നല്‍കേണ്ടി വന്നിരിക്കുന്നത്.

ഗ്രാമത്തിലെ ഭൂരിപക്ഷ സമുദായമായ വെള്ളാളര്‍, ദളിതര്‍ക്ക് പണി നല്‍കേണ്ടതില്ല എന്ന് തീരുമാനിച്ചു. കടം വാങ്ങിയ പണം ഉടനടി തിരികെ നല്‍കാനും അവര്‍ നിര്‍ബന്ധം പിടിച്ചു. ആ ക്ഷേത്രം ഇപ്പോള്‍ കളക്ടര്‍ അടച്ചു പൂട്ടിയിരിക്കുകയാണ്. ഇത്തരത്തിലുള്ള നിരവധി സംഭവങ്ങള്‍ നടക്കുന്നുണ്ട്. പക്ഷേ അതൊന്നും പുറത്തറിയുന്നില്ല എന്നേയുള്ളു.

ക്ഷേത്രപ്രവേശന നിഷേധം മാത്രമല്ല തമിഴ്‌നാട്ടിലെ ദളിതര്‍ നേരിടുന്ന പ്രശ്‌നങ്ങള്‍. പൊതുനിരത്തു കളില്‍ നടക്കാനും സൈക്കിളില്‍ സഞ്ചരിക്കാനും ദളിതര്‍ക്ക് നിരോധനമുള്ളയിടങ്ങള്‍ അവിടെയുണ്ട്. ദളിതര്‍ക്ക് ചെരിപ്പ് ധരിക്കാന്‍ അനുമതിയില്ലാത്തയിടങ്ങളുണ്ട്. താഴ്ന്ന ജാതിക്കാര്‍ക്ക് ചായ നല്‍കാന്‍ പ്രത്യേക കപ്പുകള്‍ കരുതിയിട്ടുള്ള ഹോട്ടലുകളുണ്ട്. ദളിതരുടെ മുടിവെട്ടാന്‍ വിസമ്മതിക്കുന്ന ബാര്‍ബര്‍ഷാപ്പുകളുണ്ട്. ദളിതര്‍ മരിച്ചാല്‍ പൊതു ശ്മശാനങ്ങളില്‍ ശവസംസ്‌ക്കാരം നടത്താന്‍ കഴിയാത്ത ഗ്രാമങ്ങളുണ്ട്.

ദുരഭിമാന കൊലകള്‍ വ്യാപകമാണ്. ദളിതരെ വേര്‍തിരിച്ചു നിര്‍ത്താനും അവരുടെ പോക്ക് വരവു തടയാനും അവര്‍ താമസിക്കുന്ന കോളനികള്‍ക്ക് ചുറ്റും മതിലുകള്‍ കെട്ടുന്നത് പതിവാണ്. മുന്നോക്ക ജാതിക്കാരും അവരുടെ ഗുണ്ടകളും ദളിതര്‍ വസിക്കുന്ന കോളനികള്‍ ആക്രമിക്കുന്നതും കൊലപാതകങ്ങള്‍ നടത്തുന്നതും മറ്റും ഏറെക്കുറെ നിത്യ സംഭവങ്ങളാണ്.

ഈയിടെ ഒരു സന്നദ്ധ സംഘടന തമിഴ് നാട്ടിലെ 1200-ഓളം ഗ്രാമങ്ങളില്‍ നടത്തിയ പഠനത്തില്‍ 88 തരത്തിലുള്ള അസ്പര്‍ശ്യതകളും അയിത്തവും ആചരിക്കുന്നതായി കണ്ടെത്തിയിരുന്നു. അയിത്താചാരങ്ങള്‍ ലംഘിക്കുന്നവര്‍ക്ക് 28 തരത്തിലുള്ള ശിക്ഷാവിധികളും നടപ്പാക്കാറുണ്ടെന്ന് അവര്‍ പറയുന്നു.

തമിഴ് നാട്ടിലെ 646 ഗ്രാമങ്ങളില്‍ അയിത്തം നിലനില്‍ക്കുന്നതായി 2011-ലെ സെന്‍സസ് റിപ്പോര്‍ട്ടും വെളിപ്പെടുത്തുന്നു. ഇതില്‍ 26 ഗ്രാമങ്ങളിലെ അയിത്താചരണം അങ്ങേയറ്റം ഗുരുതരമാണെന്നും ആ റിപ്പോര്‍ട്ടി ലുണ്ട്. ഒരു വിവരാവകാശ പ്രവര്‍ത്തകന് ഈയിടെ ലഭിച്ച വിവര പ്രകാരം തമിഴ് നാട്ടില്‍ 445 ഗ്രാമ ങ്ങളില്‍ അയിത്തം ആചരിക്കുന്നുണ്ട്.

മധുര, വില്ലുപുരം, തിരുനല്‍വേലി, തിരുവണ്ണാമലൈ, സേലം, കോയമ്പത്തൂര്‍, ഈറോഡ്, തിരുപ്പൂര്‍, നിലഗിരി, നാമക്കല്‍, ദിദിഗല്‍, കന്യാകുമാരി, ശിവഗംഗ, തെങ്കാശി, തൂത്തുക്കുടി തുടങ്ങിയ ജില്ലകളിലാണ് അയിത്താചരണം ഏറ്റവും കൂടുതലുള്ള ഗ്രാമങ്ങള്‍.

അവര്‍ണ്ണരെന്നാരോപിക്കപ്പെട്ട എല്ലാവരേയും പൂണൂല്‍ ധരിപ്പിച്ച് സവര്‍ണ്ണരാക്കി മാറ്റിയ മഹാകവി ഭാരതീയാരുടേയും, ‘റോഡില്‍ ധര്‍മ്മ ഭൃഷ്ടന്മാര്‍ സഞ്ചരിക്കുന്നു, എന്നാല്‍ ധര്‍മ്മിഷ്ടരായ ഒരു തീണ്ടല്‍ ജാതിക്കാരന് ആ വഴി പൊയ്ക്കൂടേ’ എന്ന് ആക്രോശിച്ച പെരിയാറുടെ നാടാണിത്. മധുര മീനാക്ഷി ക്ഷേത്രത്തിലേക്ക് എല്ലാ മതവിശ്വാസികളുമായി പ്രവേശിച്ച വൈദ്യനാഥ അയ്യരുടേയും അഗ്രഹാരത്തില്‍ എല്ലാ ജാതിയിലും പെട്ട വിദ്യാര്‍ത്ഥികള്‍ക്ക് ഹോസ്റ്റല്‍ പണിഞ്ഞ പി. കാക്കന്റേയും നാട്.

അയിത്തോച്ചാടത്തിനായി ജീവിതം ഉഴിഞ്ഞു വച്ച രാമലിംഗ അഡിഗളുടേയും എം.സി. രാജയുടേയുമെല്ലാം പാരമ്പര്യം പേറുന്നവരാണ് ഞങ്ങള്‍ എന്ന് അഹങ്കരിക്കാന്‍ തമിഴ് നാട്ടുകാര്‍ക്കോ കഴിഞ്ഞ അഞ്ചര പതിറ്റാണ്ടായി തമിഴ് നാട് ഭരിക്കുന്ന ദ്രാവിഡ പാര്‍ട്ടികള്‍ക്കോ ഇന്ന് കഴിയില്ല. ജാതിമത ചിന്ത അത്രമേല്‍ ശക്തമായി തമിഴ്‌നാടിനേയും ഗ്രസിച്ചിരിക്കുന്നു.

മനുസ്മൃതിയാണ് ഭരണഘടനക്കും മേലേ എന്ന ധാരണ സമൂഹ മനസ്സില്‍ നിന്നും മായാത്തിടത്തോളം കാലം അയിത്തവും അസ്പര്‍ശ്യതയും അതിന്റെ പേരിലുള്ള അതിക്രമങ്ങളും തുടരുക തന്നെ ചെയ്യും.