മുഖ്യമന്ത്രിവിജയൻ്റെ വിനോദയാത്ര

പി. രാജൻ

മുഖ്യമന്ത്രി പിണറായി വിജയൻ കുടുംബസമേതം വിദേശത്ത് വിനോദയാത്രക്ക് പോയിരിക്കയാണ്. അതിൽ നിയമലംഘനമൊന്നുമില്ലെന്ന് ഇടത് മുന്നണി കൺവീനർ ജയരാജൻ വ്യക്തമാക്കിയിട്ടുമുണ്ട്.ആരാണ് യാത്രയുടെ ചെലവ് വഹിക്കുന്നതെന്ന് പ്രതിപക്ഷ നേതാവ് ചോദിച്ചു കൊണ്ടിരിക്കുന്നു.

മുഖ്യമന്ത്രിയായാൽ സ്വകാര്യ ജീവിതമേ പാടില്ലെന്ന് പറയാനാവില്ല. പക്ഷെ കേരള നിയമസഭയിൽ ഒരിക്കൽ ഒരു മുസ്ലിം ലീഗ് മന്ത്രിയുടെ മകളുടെ കല്യാണത്തിനു ബിരിയാണി സദ്യ നടത്തിയതിൻ്റെ ചെലവ് വരെ അഴിമതിയാരോപണത്തിന് കാരണമായിട്ടുണ്ട്.

അഖിലേന്ത്യാ ലീഗുകാരനായ മന്ത്രി നാലായിരം കിലോ കോഴിയിറച്ചിയുടെ ബിരിയാണി വിളമ്പിയതിനു കാശ് എവിടെ നിന്നു കിട്ടിയെന്നു മുസ്ലിം ലീഗിൻ്റെ എം എൽ.എ നിയമസഭയിൽ ചോദിച്ചുവെന്നാണ് ഓർമ്മ. ഗൾഫിലുള്ള ബന്ധുക്കാരനാണ് പണം ചെലവാക്കിയതെന്നു മന്ത്രി മറുപടി നൽകിയിരുന്നു.സംഗതി അവിടെയ വസാനിച്ചു.

പക്ഷെ ഈ ബന്ധുക്കാരൻ ബിസിനസ്സുകാരനും മന്ത്രിയുമായി ബന്ധപ്പെട്ട സർക്കാർ ഇടപാടുകൾ നടത്തുന്ന കരാറുകാരനും ആണെങ്കിലോ? ജുഡീഷ്യൽ അന്വേഷണം തന്നെ നടത്തണമെന്ന ആവശ്യം ഉണ്ടായെന്നുവരാം.

കേരളത്തിൽ മുഖ്യമന്ത്രിയായിരുന്ന ആർ.ശങ്കർ ഒരു വാഹന വ്യാപാരിക്ക് നൽകിയ കത്ത് പ്രോലും വൻവിവാദത്തിനു കാരണമായിട്ടുണ്ട്. നിയന്ത്രണങ്ങൾക്ക് വിധേയമായി വാഹനങ്ങളിൽ ഒന്ന് അർഹതയുണ്ടെങ്കിൽ നൽകണമെന്നേ മുഖ്യമന്ത്രി പറഞ്ഞിരുന്നുള്ളൂ.

മുഖ്യമന്ത്രിയുടേയും കുടുംബത്തിൻ്റേയും വിദേശ യാത്ര വിനോദത്തിനാണോ കുടുംബ വിശ്രമത്തിനാണോ യെന്നു പരസ്യമാക്കുന്നതാണ് നല്ലത്. അറിഞ്ഞിടത്തോളം വിനോദയാത്രയാണ്. വ്യാപാരത്തിനാണെങ്കിൽ അത് വീണ്ടും വിവാദമാകും. മുഖ്യമന്ത്രിയുടെ യാത്രകളും പ്രവർത്തനങ്ങളും സുതാര്യമാക്കുന്നതാണ് ശരി.