നടക്കാന്‍ പോകുന്നത് എന്റെ രാമന്റെ പ്രതിഷ്ഠയല്ല !!

In Featured, Special Story
January 21, 2024
തൃശ്ശൂർ: ” നടക്കാന്‍ പോകുന്നത് എന്റെ രാമന്റെ പ്രതിഷ്ഠയല്ല. എന്റെ മനസ്സിലുള്ള രാമന്‍ ഗാന്ധിയുടെ രാമനാണ്. ആ രാമന്‍ അള്ളായും മിശിഹായുമായ രാമനാണ്. എല്ലാ മതങ്ങള്‍ക്കും എല്ലാ മനുഷ്യര്‍ക്കും ആദര്‍ശപുരുഷനായി ഗാന്ധി കണ്ട രാമനാണ്” കവി സച്ചിദാനന്ദൻ പറഞ്ഞു

 അയോധ്യയിലെ പ്രതിഷ്ഠയിൽ ആ രാമൻ അസ്വസ്ഥനായിരിക്കുമെന്നും സച്ചിദാനന്ദൻ പറഞ്ഞു. ഡി.വൈ.എഫ്.ഐ. സംഘടിപ്പിച്ച മനുഷ്യച്ചങ്ങലയ്ക്കുശേഷം തൃശ്ശൂർ കോർപറേഷൻ പരിസരത്തു നടന്ന യോഗത്തിൽ പ്രസംഗിക്കുകയായിരുന്നു സച്ചിദാനന്ദൻ.

“രണ്ടുദിവസത്തിനകം നടക്കാന്‍ പോകുന്നത് എന്റെ രാമന്റെ പ്രതിഷ്ഠയല്ല. എന്റെ മനസ്സിലുള്ള രാമന്‍ ഗാന്ധിയുടെ രാമനാണ്. ആ രാമന്‍ അള്ളായും മിശിഹായുമായ രാമനാണ്. എല്ലാ മതങ്ങള്‍ക്കും എല്ലാ മനുഷ്യര്‍ക്കും ആദര്‍ശപുരുഷനായി ഗാന്ധി കണ്ട രാമനാണ്. ആ രാമനെയല്ല, നേരെ മറിച്ച് ഒരു ഹിന്ദുരാഷ്ട്രത്തിന്റെ യുദ്ധോദീപ്തനായ നേതാവായ രാമനെയാണ് ഇപ്പോള്‍ ഒരു പള്ളി തകര്‍ത്ത സ്ഥലത്ത് പ്രതിഷ്ഠിക്കാനൊരുങ്ങുന്നത്. അവിടെ നിശ്ചയാമായും എന്റെ മനസ്സിലുള്ള, ഗാന്ധിയുടെ മനസ്സിലുള്ള രാമന്‍ സ്വസ്ഥനായിരിക്കില്ല എന്നത് എല്ലാവര്‍ക്കും തീര്‍ച്ചയായ കാര്യമാണ്.

“മനസ്സില്‍ ബാല്യകാലം തൊട്ടുണ്ടായിരുന്ന ബഹുസ്വരമായ ഒരു ഇന്ത്യ, അനേകം മതങ്ങളിലും വംശങ്ങളിലും വര്‍ണങ്ങളിലും പെട്ടയാളുകള്‍ ഒന്നുചേര്‍ന്ന് പടുത്തുയര്‍ത്തിയ, സമത്വത്തെ സ്വപ്‌നം കാണുന്ന, സ്വാതന്ത്ര്യത്തില്‍ ജീവിക്കുന്ന, എല്ലാവര്‍ക്കും നീതി നല്‍കുന്ന ഒരു ഇന്ത്യ നമ്മുടെ കണ്‍മുന്നില്‍ വെച്ച് തകര്‍ന്നുകൊണ്ടിരിക്കുന്നതാണ് അനുദിനം നാം കണ്ടുകൊണ്ടിരിക്കുന്നത്. കേരളം പോലുള്ള ചെറുത്തുനില്‍ക്കുന്ന സംസ്‌കാരങ്ങളെ, ചെറുത്തുനില്‍ക്കുന്ന സംസ്ഥാനങ്ങളെ തകര്‍ക്കാനുള്ള ശ്രമങ്ങള്‍ മാത്രമല്ല നമ്മുടെ മതസൗഹാര്‍ദം, ഭാരതീയര്‍ തമ്മിലുള്ള സ്‌നേഹം, സമത്വത്തെ കുറിച്ചുള്ള നമ്മുടെ സ്വപ്‌നം ഇവയെല്ലാം തന്നെ നിരന്തരമായി ശിഥിലീകരിക്കാനുള്ള ശ്രമങ്ങള്‍ ഊര്‍ജിതമായി നടക്കുകയാണ്” സച്ചിദാനന്ദൻ ആരോപിച്ചു .

അതുകൊണ്ട് രാമ പ്രതിഷ്ഠയെ ഇന്ത്യയുടെ മുഴുവന്‍ പ്രതീകമാക്കാനുള്ള ശ്രമത്തെ നമ്മുടെ സ്വപ്‌നത്തിലുള്ള രാഷ്ട്രത്തെ തകര്‍ക്കാനുള്ള പരിശ്രമത്തെ ചെറുക്കുന്നത് ജനാധിപത്യത്തെ സ്‌നേഹിക്കുന്ന സോഷ്യലിസത്തില്‍ വിശ്വസിക്കുന്ന ഭരണഘടനയില്‍ വിശ്വസിക്കുന്ന നീതിയിലും നിയമത്തിലും വിശ്വസിക്കുന്ന ഏതൊരു ഇന്ത്യന്‍ പൗരന്റെയും കടമയാണ് എന്ന് ഞാന്‍ കരുതുന്നു”, സച്ചിദാനന്ദൻ വ്യക്തമാക്കി.