നർഗീസ് ദത്തിൻ്റെ ഓർമകൾക്ക് 43 വർഷം…

ആർ. ഗോപാലകൃഷ്ണൻ 

ദർ ഇന്ത്യയുടെ (ഭാരത മാതാവിൻ്റെ ) വെള്ളിത്തിരയിലെ മൂർത്തിമത് ഭാവം ആയിരുന്നു നര്‍ഗീസ് ദത്ത്.
🔸🔸
ഭാരത മാതാവായി (‘മദർ ഇന്ത്യ’) സിനിമാസ്വാദകരുടെ മനസ്സിൽ കുടിയേറിയ വിഖ്യാത നടി നര്‍ഗീസ് ദത്തിൻ്റെ ഓർമ്മദിനം, മെയ് 3 ആയിരുന്നു.

‘മദർ ഇന്ത്യ’, ‘ആവാര’ തുടങ്ങിയ നിരവധി ചിത്രങ്ങളിലൂടെ ഇന്ത്യയിലെ എക്കാലത്തെയും മികച്ച നടിമാരിൽ ഒരാളായി മാറിയ നര്‍ഗീസ്… ഭാരത മാതാവിന്റെ/ ‘മദർ ഇന്ത്യ’യുടെ പെർസോണിഫിക്കേഷൻ ആയി മാറിയ നടി, എന്ന പേരിൽ അനശ്വരമായി !

🌍
പഞ്ചാബി മാതാപിതാക്കളുടെ മകളായി 1929 ജൂണ്‍ 1-ന് കൊൽക്കത്തയിലാണ് നർഗീസ് ജനിച്ചത്. ‘ഫാത്തിമ റഷീദ്’ എന്നായിരുന്നു നർഗീസിന്റെ ആദ്യനാമം.

അച്ഛൻ അബ്ദുൾ റാഷിദ് .  അമ്മ ജദ്ദൻബായ് ഒരു ഹിന്ദുസ്ഥാനി ശാസ്ത്രീയ സംഗീത ഗായികയും ഇന്ത്യൻ സിനിമയിലെ ആദ്യത്തെ വനിതാ സംഗീത സംവിധായികയുമായിരുന്നു. പിന്നീട് നർഗീസിന്റെ കുടുംബം ബംഗാളിൽ നിന്ന് ഉത്തർപ്രദേശിലെ അലഹബാദിലേക്ക് മാറി.

1935-ൽ ആറു വയസ്സുള്ളപ്പോഴാണ് നർഗീസ് ആദ്യമായി അഭിനയിക്കുന്നത്. ‘തലാക് ഇശ്ക്’ എന്ന ചിത്രത്തിൽ ബേബി നർഗീസ് ആയി അഭിനയിച്ചു. ആദ്യ വേഷത്തിലെ പേരായ ‘നർഗീസ്’ എന്ന പേര് തന്നെ പിന്നീടുള്ള ചിത്രങ്ങളിൽ ഉപയോഗിക്കുകയായിരുന്നു.

 

14-ാം വയസ്സിൽ, 1942-ൽ‍ ‘തമന്ന’ എന്ന ചിത്രത്തിലൂടെ അഭിനയ ജീവിതം ആരംഭിച്ച ‘ഫാത്തിമ റഷീദ്’ എന്ന ‘നർ‍ഗീസ്’ നാൽ‍പതുകളിലും അൻ‍പതുകളിലും രാജ് കപൂറിൻ്റെ ജോഡിയായി വെള്ളിത്തിരയുടെ പ്രിയ താരമായി മാറി.

1940 – 60 കാലഘട്ടത്തിലെ ഒരു മികച്ച നടിയായിരുന്നു നർഗീസ്. അക്കാലത്തെ ധാരാളം വിജയചിത്രങ്ങളിൽ നർഗീസ് അഭിനയിച്ചു. 1957-ൽ അഭിനയിച്ച ‘മദർ ഇന്ത്യ’ എന്ന ചിത്രത്തിലെ അഭിനയം വളരെ ശ്രദ്ധേയമായ ഒന്നായിരുന്നു. ‘മദർ ഇന്ത്യ’ അന്നത്തെ നിലയിൽ ഏറ്റവും വലിയ box office hit ആയി മാറി. ഓസ്കർ (അക്കാദമി) അവാർഡ് നാമനിർദ്ദേശം ലഭിച്ച ആദ്യ ഇന്ത്യൻ സിനിമ ആണ് മദർ ഇന്ത്യ. ‘മദർ ഇന്ത്യ’യുടെ പെർസോണിഫിക്കേഷൻ ആയി മാറിയ ഈ നടി അനശ്വരമായ പെരുമ നേടിയെന്ന് തുടക്കത്തിൽ സൂചിപ്പിച്ചുവല്ലോ….

നർഗീസ്സിന്റെ പ്രധാന സിനിമകളായി കരുതപ്പെടുന്നത് ഇവയൊക്കെയാണ്: ‘ബർസാത്ത്’ (1949); ‘ബാബുൽ’ (1950); ‘ആവര’ (1951); ശ്രീ 420 (1955); ‘ചോരി ചോരി’ (1956); ‘മദർ ഇന്ത്യ’ (1957); ‘രാത്ത് ഔർ ദിൻ’ (1967)

 

🌍

രാജ് കപൂറുമായുണ്ടയിരുന്നതെന്ന് പറയപ്പെടുന്ന പ്രണയം മറന്നു; ബോളിവുഡ് താരമായ സുനിൽ ദത്തിനെ വിവാഹം കഴിച്ച നര്‍ഗീസ്, 1958-ൽ വിവാഹത്തിനു ശേഷം കുറച്ചു കാലത്തെക്ക് ചലച്ചിത്ര രംഗത്ത് നിന്ന് വിട്ടു നിന്നു. പിന്നീട് 1967-ൽ അഭിനയിച്ച, ‘രാത് ഓർ ദിൻ’ എന്ന ചിത്രമാണ് അവസാന ചിത്രം. ഇതിലെ അഭിനയത്തിന് ദേശീയ ചലച്ചിത്രപുരസ്കാരം ലഭിച്ചു.

 

1980-ൽ രാജ്യസഭാംഗവുമായി. ബോളിവുഡ് താരമായ സഞ്ജയ് ദത്ത്, കോണ്‍ഗ്രസ് എം.പി.-യായിരുന്ന പ്രിയ ദത്ത്, നമ്രത ദത്ത് എന്നിവരാണ് നര്‍ഗീസിന്റെ മക്കൾ.
പാൻക്രിയാസ് കാൻ‍സറിനെ തുടർ‍ന്ന് 1981 മെയ് 3-ന്, 51-ാം വയസിലാണ്, നര്‍ഗീസ് ദത്ത് ഈ ലോകത്തോട് വിട പറഞ്ഞത്.

======================================================

(കേരള സാഹിത്യ അക്കാദമിയുടെ സെക്രട്ടറിയായിരുന്നു ലേഖകന്‍)

___________________________________________________________

കൂടുതല്‍ വാര്‍ത്തകള്‍ക്കായി
http://www.newsboardindia.com
സന്ദര്‍ശിക്കുക