മാസപ്പടി : പിണറായിക്ക് എതിരെ വിജിലൻസ് അന്വേഷണമില്ല

കൊച്ചി : മാസപ്പടി വിവാദത്തില്‍ മുഖ്യമന്ത്രി പിണറായി വിജയനും മകൾ വീണയ്ക്കും എതിരെ അന്വേഷണം നടത്താനാവില്ലെന്ന റിപ്പോർട്ട് വിജിലന്‍സ് കോടതിയില്‍  സമർപ്പിച്ചു.

കേസെടുക്കണമെന്ന മാത്യു കുഴല്‍നാടന്‍റെ ഹര്‍ജി കോടതി പരിഗണിക്കുമ്പോൾ ആണ് വിജിലന്‍സ് നിലപാട് അറിയിച്ചത്.വിശദമായ വാദം കേള്‍ക്കാന്‍ ഹര്‍ജി ഈ മാസം 27 നു വീണ്ടും പരിഗണിക്കും.

മാത്യുവിന്‍റെ ആരോപണങ്ങള്‍ പ്രഥമദൃഷ്ട്യാ അഴിമതി നിരോധന നിയമത്തിന്‍റെ പരിധിയില്‍ വരുന്നില്ലെന്ന് വിജിലന്‍സ് ബോധിപ്പിച്ചു. മാത്രമല്ല നേരത്തെ വിജിലന്‍സ് കോടതികള്‍ സമാനമായ അന്വേഷണാവശ്യം തള്ളിയതാണെന്നും, വിവിധ കേസുകള്‍ ഹൈക്കോടതിയുടെ പരിഗണനയിലാണെന്നും ചൂണ്ടിക്കാട്ടുന്നു.

വിജിലന്‍സില്‍ പരാതി നല്‍കിയെങ്കിലും കേസ് എടുക്കാന്‍ തയ്യാറാകുന്നില്ലെന്നും കോടതി ഇടപെട്ട് അന്വേഷണത്തിനുത്തരവിടണമെന്നുമായിരുന്നു ഹര്‍ജിയിലെ ആവശ്യം.

മാസപ്പടിക്കുശേഷം കരിമണല്‍ കമ്പനിക്കായി വ്യവസായ നയത്തില്‍ തന്നെ മാറ്റം വരുത്തിയതായും ഹര്‍ജിയില്‍ പറയുന്നുണ്ട്. മുഖ്യമന്ത്രി പങ്കെടുത്ത യോഗത്തിലെ തീരുമാനത്തിന്‍റെ അടിസ്ഥാനത്തിലാണ് കരിമണല്‍ സി.എം.ആര്‍.എല്ലിനു ലഭിക്കുന്നതെന്നും മാത്യു ഹര്‍ജിയില്‍ ആരോപിക്കുന്നു.

മുഖ്യമന്ത്രിയുടെ മകള്‍ വീണാ വിജയനു മാസപ്പടി ലഭിക്കുന്നത് ഇതിനുശേഷമാണെന്നും ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടുന്നു