സിദ്ധാര്‍ഥന്റെ മരണം: അന്വേഷണ കമ്മിഷനെ നിയോഗിച്ച് ഗവർണർ

തിരുവനന്തപുരം: കേരള വെറ്ററിനറി സര്‍വകലാശാലയുടെ പൂക്കോട് ക്യാമ്പസിലെ വിദ്യാര്‍ഥി ജെ.എസ്. സിദ്ധാര്‍ഥന്റെ മരണത്തെക്കുറിച്ച് ഹൈക്കോടതിയില്‍നിന്ന്‌ വിരമിച്ച ജസ്റ്റിസ് എ. ഹരിപ്രസാദിന്റെ നേതൃത്വത്തിൽ അന്വേഷിക്കും.

വയനാട് മുന്‍ ഡിവൈ.എസ്.പി. വി.ജി. കുഞ്ഞന്‍ അദ്ദേഹത്തെ സഹായിക്കും. മൂന്നുമാസമായിരിക്കും അന്വേഷണ കാലാവധി.

ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ ആണ് പ്രത്യേക അന്വേഷണ കമ്മിഷനെ നിയോഗിച്ചത്. ജുഡീഷ്യല്‍ കമ്മിഷനെ നിയോഗിക്കാനായി ഹൈക്കോടതി ചീഫ് ജസ്റ്റിസിന് ഗവര്‍ണര്‍ കത്തയിച്ചിരുന്നു. ഇതേത്തടുര്‍ന്ന് വിരമിച്ച ജഡജിമാരുടെ പേരുകള്‍ കോടതി ഗവര്‍ണര്‍ക്ക് കൈമാറി. ഇവരില്‍നിന്നാണ് ജസ്റ്റിസ് ഹരിപ്രസാദിനെ തിരഞ്ഞെടുത്തത്.

കാമ്പസിന്റെയും ഹോസ്റ്റലിന്റേയും പ്രവര്‍ത്തനത്തില്‍ അധികൃതരുടെ ഭാഗത്തുനിന്നുണ്ടായ വീഴ്ചകളെക്കുറിച്ച് കമ്മിഷന്‍ അന്വേഷിക്കും. സംഭവം തടയുന്നതില്‍നിന്ന് വൈസ് ചാന്‍സലറുടെ ഭാഗത്തുണ്ടായ വീഴ്ചയും കമ്മിഷന്റെ അന്വേഷണത്തിന്റെ ഭാഗമായിരിക്കും.

സിദ്ധാര്‍ഥന്‍ മരിക്കാനിടയായ സാഹചര്യം അന്വേഷിക്കുന്നതിനുപുറമേ, ഭാവിയില്‍ സര്‍വകലാശാലയില്‍ ഇത്തരമൊരു സംഭവം ആവര്‍ത്തിക്കാതിരിക്കാനുള്ള നടപടി ശുപാര്‍ശ ചെയ്യലും പരിഗണനാവിഷയമായിരിക്കും.