സാഹിത്യ വാരഫലവും വിഷവൃക്ഷവും …

കൊച്ചി : സാഹിത്യ വാരഫലം എന്ന പംക്തിയേയും അത് എഴുതിയിരുന്ന പ്രൊഫ. എം. കൃഷ്ണൻ നായരെയും പരിഹസിച്ച് എഴുത്തുകാരനും രാഷ്ടീയ നിരീക്ഷകനുമായ സി.ആർ. പരമേശ്വരൻ്റെ വിയോജനക്കുറിപ്പ്.

മലയാള നാട്, കലാകൗമുദി, മലയാളം എന്നീ വാരികകളിലായി തുടർച്ചയായി 35 വർഷത്തോളം ഈ പംക്തി കൈകാര്യം ചെയ്തിരുന്ന കൃഷ്ണൻ നായരെ അതിരൂക്ഷമായി വിമർശിക്കുകയാണ് അദ്ദേഹം.

‘അദ്ദേഹത്തിന്റെ അഭിരുചികൾ തെറ്റിദ്ധരിപ്പിക്കുന്നതും മാരകവും ആയിരുന്നു. അത് കൊണ്ടാണ്, അദ്ദേഹം ജീവിച്ചിരുന്ന കാലത്ത്,ഏതാണ്ട് ഇരുപതിലേറെ കൊല്ലം മുൻപ് ഒരു അഭിമുഖത്തിൽ അദ്ദേഹത്തെ ഞാൻ ‘മലയാള സെൻസിബിലിറ്റിയിലെ വിഷവൃക്ഷം’ എന്ന് വിശേഷിപ്പിച്ചത്.’ – അദ്ദേഹം ഫേസ്ബുക്കിൽ കുറിച്ചു.

സി.ആര്‍. പരമേശ്വരന്‍ എഴുതിയ നോവല്‍ 'പ്രകൃതി നിയമ'ത്തിന്റെ മാതൃഭൂമി പതിപ്പ് പുറത്തിറങ്ങി, Prakrithi niyamam novel by C.R. Parameswaran, Mathrubhumi books

 

പരമേശ്വരൻ്റെ ഫേസ്ബുക്ക് കുറിപ്പ്:

നിരവധി പേർക്ക് വിയോജിപ്പ് ഉണ്ടാകാൻ ഇടയുള്ള പോസ്റ്റ്‌ ആണ് ഇത്.ദിവംഗതനായ എം.കൃഷ്ണൻ നായർ ഒരു തരംഗം ആയിരിക്കുന്ന ഈ സമയത്ത് അദ്ദേഹത്തെ കുറിച്ചുള്ള വ്യത്യസ്തമായ ഒരു വിലയിരുത്തൽ ആണിത്.

വായനാക്ഷമതയും ജനപ്രിയതയും ഉള്ളവയെങ്കിലും അദ്ദേഹത്തിന്റെ ഉപരിപ്ലവവും പലപ്പോഴും സത്യസന്ധമല്ലാത്തതും ആയ എഴുത്തുകളെ യഥാർത്ഥത്തിൽ അവ ഇരിക്കാൻ അർഹതയുള്ള ഇടത്ത് സ്ഥാപിക്കേണ്ടത് ജാഗ്രതയുള്ള വായനക്കാരുടെ കടമയാണ്. അവ മിക്കപ്പോഴും നിരൂപണമൂല്യങ്ങൾ വിസ്മരിക്കുന്നവയും ദരിദ്രമായ സംവേദന ശീലങ്ങളാൽ ദുർബലമാക്കപ്പെട്ടവയും ആയിരുന്നു.

എം.കൃഷ്ണന്‍ നായര്‍, വായിക്കാതെ പോയ പുസ്‌തകം

എം. കൃഷ്ണൻ നായർ വായനക്കാർക്കിടയിൽ, പ്രത്യേകിച്ച് യുവാക്കൾക്കിടയിൽ, ഒരു ആരാധനാമൂർത്തി ആയിക്കൊണ്ടി രിക്കുന്ന കാലമാണിത്.അദ്ദേഹത്തിന്റെ പംക്തിയിലെ വിനോദാoശവും അദ്ദേഹം പറയുന്ന വൈദേശിക എഴുത്തുകാരുടെ പേരുകൾ സൃഷ്ടിക്കുന്ന സംഭ്രമാത്മകതയും ചേർന്നുള്ള ഒരു ആരാധനയാണിത്.

ഒരു mediocrity യെ അളന്ന് അപഗ്രഥിക്കാതെ അതിന്റെ വിനോദാoശത്തിൽ മാത്രം മുഴുകുന്നത് ഒരു കാലഘട്ടത്തിന്റെ സാഹിത്യത്തിന്റെയും സാഹിത്യ വായനയുടെയും ആഴക്കുറവിനെ ആണ് കാണിക്കുന്നത്. അദ്ദേഹം ജീവിച്ചിരുന്ന കാലത്ത്, പ്രത്യേകിച്ച് വായനയുടെ വസന്തകാലമായിരുന്ന 70കളിലും 80കളിലും സാഹിത്യത്തെ സാരവത്തായി എടുത്തിരുന്ന എഴുത്തുകാരും വായനക്കാരും അദ്ദേഹത്തെ ഗൗരവമായി കണ്ടിരുന്നില്ല.

 

ഒന്നു പറയാം,മൂന്നു കാര്യങ്ങളിൽ ഞാനും അദ്ദേഹത്തെ ഇഷ്ടപ്പെട്ടിരുന്നു:

ഒന്ന്‌,അദ്ദേഹത്തിന്റെ തിരുവിതാംകൂർ anecdotes(രസകരമായ സംഭവകഥകൾ) ഒന്നാന്തരം ആയിരുന്നു. അവയുടെ വൈപുല്യം അതിശയകരമായിരുന്നു. അവയെ വളരെ ഭംഗിയായി അദ്ദേഹം തന്റെ പoക്തിയോട് ഇണക്കിച്ചേർക്കാറുമുണ്ട്.

രണ്ടാമത്തേത്, എഴുത്തിന്റെ കാര്യത്തിൽ ഉള്ള അദ്ദേഹത്തിന്റെ അത്ഭുതകരമായ സന്താനപുഷ്ടി(prolificity)ആണ്.ഒരു പoക്തി മൂന്നോ നാലോ ദശാബ്ദക്കാലം കൈകാര്യം ചെയ്യുക എന്നത് അമാനുഷികമായ ഒരു നേട്ടം തന്നെയായിരുന്നു.

മൂന്നാമത്തേത്,സമകാലീനരും സഹപ്രവർത്തകരും ആയ എഴുത്തുകാരെ കുറിച്ച് പോലും കഠിന വിമർശനം നടത്തുന്നതിലുള്ള അദ്ദേഹത്തിന്റെ നിരങ്കുശതയാണ്.തൊട്ടടുത്ത കസേരകളിൽ ഇരുന്ന് ജോലിചെയ്തിരുന്ന പ്രൊ. ഗുപ്തൻ നായരെയും പ്രൊ.ലീലാവതിയെയും കുറിച്ചൊക്കെ ഒത്തുതീർപ്പുകൾ നിയമം ആയിരുന്ന ഒരു കാലത്ത് അദ്ദേഹം ക്രൂരമായി വിമർശിച്ചിരുന്നു.

എം.കൃഷ്ണന്‍ നായര്‍ നിര്‍ദാക്ഷിണ്യം വിമര്‍ശിച്ചു; എഴുത്തുകാര്‍ വെറുത്തു, പുച്ഛിച്ചു..., Prof. M Krishnan Nair, Sajay K.V, Mashipacha

അദ്ദേഹത്തിന്റെ വിമർശനങ്ങൾ ശരിയാണെന്നോ വിമർശിക്കേണ്ടവയെ ആണ് വിമർശിച്ചിരുന്നതെന്നോ ഉറപ്പില്ല. പല വിമർശനങ്ങളും നടത്തിയത് അസൂയ കൊണ്ടും കുശുമ്പുകൊണ്ടും ആകാം. ഉദാഹരണത്തിന്, ആയിടെ എഴുത്തച്ഛൻ പുരസ്‌കാരം ലഭിച്ച ചിരകാല സുഹൃത്തും സഹപ്രവർത്തകനുമായിരുന്ന എസ്.ഗുപ്തൻ നായരെ അസൂയ മൂത്ത് കഠിനമായി ഭർത്സിച്ച് കഴിഞ്ഞ്,ആ മാസാർദ്ധത്തിൽ തന്നെ ആണ് കൃഷ്ണൻ നായർ അന്ത്യശ്വാസം വലിച്ചത്.

അദ്ദേഹത്തിന്റെ അഭിരുചികൾ തെറ്റിദ്ധരിപ്പിക്കുന്നതും മാരകവും ആയിരുന്നു. അത് കൊണ്ടാണ്, അദ്ദേഹം ജീവിച്ചിരുന്ന കാലത്ത്,ഏതാണ്ട് ഇരുപതിലേറെ കൊല്ലം മുൻപ് ഒരു അഭിമുഖത്തിൽ അദ്ദേഹത്തെ ഞാൻ ‘മലയാള സെൻസിബിലിറ്റിയിലെ വിഷവൃക്ഷം’ എന്ന് വിശേഷിപ്പിച്ചത്.

വാസ്തവത്തിൽ അദ്ദേഹത്തിന്റെ അഭിരുചിയുടെ സാരാംശം ഒരു തിരുവിതാംകൂർ മലയാളം പണ്ഡിറ്റിന്റെത് മാത്രം ആയിരുന്നു.അദ്ദേഹത്തിന്റെ സമകാലികരായിരുന്ന പ്രൊഫസർമാർക്കൊക്കെ ഉണ്ടായിരുന്ന സംസ്കൃത പരിജ്ഞാനവും സൗന്ദര്യ ശാസ്ത്ര പരിജ്ഞാനവും ഇന്ത്യൻ -ലോക പ്രാചീന ക്ലാസ്സിക്കുകളെ കുറിച്ചുള്ള സാമാന്യജ്ഞാനവും അദ്ദേഹത്തിനും മുതൽക്കൂട്ടായിരുന്നു.

വള്ളത്തോൾ, സി. വി. രാമൻപിള്ള, ശങ്കരക്കുറുപ്പ്, കുഞ്ഞിരാമൻ നായർ, ചങ്ങമ്പുഴ, വെണ്ണിക്കുളം തുടങ്ങിയ മലയാള കാൽപ്പനികരെ ആസ്വദിക്കാനുള്ള അഭിരുചിയേ അദ്ദേഹത്തിന് ഉണ്ടായിരുന്നുള്ളു. ഈ എഴുത്തുകാർ മോശക്കാരാണ് എന്നോ അവരോടുള്ള അദ്ദേഹത്തിന്റെ ആരാധന തെറ്റാണെന്നോ അല്ല വിവക്ഷ. അദ്ദേഹം ആഗോള ആധുനിക -ഉത്തരാധുനിക സാഹിത്യത്തിന്റെ ഒരു ആധികാരിക വ്യാഖ്യാതാവ് ആണെന്ന് പറയുന്നതാണ് അവാസ്തവവും മാരകവും ആകുന്നത്. അദ്ദേഹം പറയുന്ന എല്ലാ പേരുകാരെയും അറിഞ്ഞ് ആസ്വദിക്കാനുള്ള സ്പർശിനികളോ രസനയോ അദ്ദേഹത്തിന് ഉണ്ടായിരുന്നില്ല.

അദ്ദേഹം മലയാളത്തിലെ ഏറ്റവും വലിയ വിശ്വസാഹിത്യഗ്രന്ഥസൂചിയും ഗ്രന്ഥകാരസൂചിയും ആയിരുന്നു. ആ വിധത്തിൽ അദ്ദേഹം അംഗീകരിക്കപ്പെടണം.പക്ഷെ തന്റെ പംക്തിയിൽ ആഴ്ചയിൽ അഞ്ചും പത്തും എന്ന തോതിൽ ലോകനിലവാരത്തിൽ ഉള്ള പുതിയ എഴുത്തുകാരെയും പുസ്തകങ്ങളെയും പരിചയപ്പെടുത്തി ക്കാണുമ്പോൾ അമ്പരപ്പ് തോന്നാറുണ്ട്. മുന്നൂറ്‌ പേജുള്ള ഒരു ഇംഗ്ലീഷ് പുസ്തകം വായിക്കാൻ ഒരു മാസം എടുക്കുന്ന ഞാൻ അപകർഷതാബോധം കൊണ്ട് ചൂളിപ്പോകാറുണ്ട്.

അദ്ദേഹം ഈ പുസ്തകങ്ങൾ വായിക്കാറില്ലെന്നും അവയുടെ കവറിലെ blurb കൾ വായിച്ചാണ്‌ പoക്തി കൈകാര്യം ചെയ്തിരുന്നത് എന്നും പറയുന്ന വിമർശകർ അന്ന് ധാരാളമായി ഉണ്ടായിരുന്നു. അതേ കുറിച്ച് എനിക്ക് ഒന്നും പറയാനില്ല. അഥവാ, താൻ പരാമർശിക്കുന്ന പുസ്തകങ്ങൾ മുഴുവൻ വായിച്ചിട്ടുണ്ടെങ്കിൽ അദ്ദേഹം ഒരു അത്ഭുതപ്രവർത്തകൻ ആണ്.

എന്നാൽ അദ്ദേഹം പറയുന്ന വിദേശ പുസ്തകങ്ങളൊക്കെ വായിച്ചാൽ ഉണ്ടാകുമായിരുന്ന മന:സംസ്കാരം, പക്ഷേ, അദ്ദേഹത്തിന്റെ എഴുത്തിൽ ഇല്ലായിരുന്നു.കാര്യമതല്ല.മാരാർ, എം.പി.പോൾ, മുണ്ടശ്ശേരി, കുറ്റിപ്പുഴ, സി. ജെ. തോമസ്, എം. പി. ശങ്കുണ്ണി നായർ, പി.കെ. ബാലകൃഷ്ണൻ തുടങ്ങിയവർക്ക് അവരുടെ വിപുലമായ വായനയിൽ നിന്ന് കിട്ടിയ സംസ്കാരം അവരെഴുതിയ ഓരോ വാക്കിലും വാചകത്തിലും ഉണ്ടായിരുന്നു.

ആധുനിക -ഉത്തരാധുനിക -നിയോ റിയലിസ്റ്റിക് സാഹിത്യങ്ങളൊക്കെ വായിച്ചിട്ടുണ്ട് എന്ന് അവകാശപ്പെട്ടിരുന്ന കൃഷ്ണൻ നായരുടെ എഴുത്തുകളിൽ അത്തരം വായനാസംസ്കാരം ഒന്നും ഉണ്ടായിരുന്നില്ല. നമ്മുടെ എഴുത്തുകാരിൽ പ്രമുഖരായിരുന്ന വൈലോപ്പിള്ളി, ഇടശ്ശേരി, സുഗതകുമാരി, വിജയൻ, ആനന്ദ്,വി. കെ. എൻ,മാധവിക്കുട്ടി എന്നിവരെ കുറിച്ച് പോലും സുഘടിതവും അചപലവും ആയ ഒരു വീക്ഷണം അദ്ദേഹത്തിന് ഉണ്ടായിരുന്നു എന്ന് തോന്നുന്നില്ല.

ഒറ്റപ്പെട്ട കൃതികളെ കുറിച്ച് മാത്രമല്ല, ഈ എഴുത്തുകാരെ കുറിച്ചൊക്കെ ഓരോരോ സമയങ്ങളിൽ കൺസിസ്റ്റൻസി ഇല്ലാതെ ഓരോരോ അഭിപ്രായമാണ് അദ്ദേഹം പറഞ്ഞിരുന്നത്.

ഈ ചപലത അദ്ദേഹത്തിന്റെ പ്രതികരണങ്ങളിലും ഉണ്ടായിരുന്നു. കുറച്ച് ഭീരുത്വവും. നമ്മുടെ സമകാലീന എഴുത്തുകാരിൽ സാത്വികനായ സേതുവിന് പോലും ഒരിക്കൽ കൃഷ്ണൻ നായരുടെ വകതിരിവില്ലാത്ത വിമർശനത്തിന് മൈ* ചേർത്ത കല്ലുവച്ച തെറി കൊണ്ട് അടുത്ത ലക്കത്തിൽ മറുപടി പറയേണ്ടി വന്നു.

അടിസ്ഥാനമില്ലാത്ത ഒരു ആരോപണത്തിന്റെ പേരിൽ എൻ. എസ്. മാധവൻ അദ്ദേഹത്തിനെതിരെ വക്കീൽ നോട്ടീസ് അയച്ചു. ആരൊക്കെയോ കൊണ്ട് ഇടപെടുവിച്ചാണ് പരിഭ്രാന്തനായ അദ്ദേഹം പുകിൽ അവസാനിപ്പിച്ചത്. ഒരിക്കൽ കൃഷ്ണൻ നായരുടെ സാംസ്കാരികഇരട്ടത്താപ്പിന് ഇരയായ പി. കെ. ബാലകൃഷ്ണൻ എം കൃഷ്ണൻ നായരെ കുറിച്ച് പറഞ്ഞത് ‘ഈ നായരെ ചാണകത്തിൽ മുക്കിയ ചൂല് കൊണ്ട് അടിക്കണം ‘ എന്നാണ്.

സമകാലീനരായ അധികാരികളെ വളരെ ഇഷ്ടമായിരുന്നു. അദ്ദേഹത്തെ സന്ദർശിക്കുന്ന മന്ത്രിമാർ, IAS കാർ, എം. എൽ. എ മാർ,ഡോക്ടർമാർ എന്നിങ്ങനെയുള്ള ഉന്നതരെ അദ്ദേഹം നിരുപാധികം തന്റെ പംക്തിയിൽ പുകഴ്ത്താറുണ്ട്. അതിൽ ഒരാൾ സരിതകേസിൽ പെട്ട ഒരു വിടൻ ആയിരുന്നു എന്ന സാഹിത്യബാഹ്യമായ വസ്തുതയും സാന്ദർഭികമായി പറയട്ടെ.

70കളിലും 80കളിലും 90കളിലും ആയി, എന്റെ ഓർമ്മയിൽ അദ്ദേഹം എന്നെ മൂന്നു തവണയാണ് പരാമർശിച്ചിട്ടുള്ളത്.യഥാക്രമം ഒരു ചെറുകഥ, ഒരു നോവൽ, ഒരു നിരൂപണ ലേഖനം എന്നിവയെ വിമർശിക്കുമ്പോൾ.വിമർശനങ്ങൾ ആണെങ്കിലും അവയ്ക്ക് ധാരാളം സ്ഥലം നൽകിയാണ് എന്നെ വിമർശിച്ചത് എന്നതിനാൽ എനിക്ക് അദ്ദേഹത്തോട് കൃതജ്ഞതയാണുള്ളത്. ഒരു കവിതാചരിത്ര അവലോകനം ആയിരുന്ന അവസാന ലേഖനത്തെക്കുറിച്ചുള്ള അദ്ദേഹത്തിന്റെ വിമർശനം ആ ആഴ്ചയിലെ പംക്തിയുടെ പകുതിയോളം സ്ഥലമെടുത്താണ് നടത്തിയത്.

കൃഷ്ണൻ നായർക്ക് ആരാധകർ കൂടി വരുന്ന ഒരു കാലത്ത് അദ്ദേഹത്തിനും അദ്ദേഹത്തിന്റെ എഴുത്തിനും മറ്റൊരു വശം കൂടി ഉണ്ടെന്ന് പറഞ്ഞുവെന്ന് മാത്രം.നമ്മുടെ സാഹിത്യം ഒരു ഗ്രഹണകാലത്തിലൂടെ സഞ്ചരിക്കുന്ന കാലത്ത് ഒരു എം. കൃഷ്ണൻ നായർ പുനരവതരിക്കുന്നതിൽ തെറ്റൊന്നുമില്ല.

പ്രിയാവർഗീസിന്റെയും ചിന്താജെറോമിന്റെയും സാഹിത്യ ഗവേഷണ ഔന്നത്യം ഇല്ലെങ്കിലും വേറെയും ഗവേഷണ വിദ്യാർഥികളും അധ്യാപകരും കേരളത്തിൽ ഉണ്ടല്ലോ. അവരുടെ ശ്രദ്ധക്കായി ഒരു കീറ് സാഹിത്യചരിത്രം എന്ന നിലയിൽ ഈ കുറിപ്പിനെ കണക്കാക്കിയാൽ മതി.

———————————————————————————-

prof.m.krishnan nair | pathratthundu

1 comments on “സാഹിത്യ വാരഫലവും വിഷവൃക്ഷവും …
    K Dilip Kumar

    സി ആർ പരമേശ്വരൻ കാലപ്പഴക്കം കൊണ്ട് നമ്മൾ മറന്ന പ്രൊ എം കൃഷ്ണൻ നായരുടെ സാഹിത്യ വാരഫലം എന്ന പംക്തിയെ കുറിച്ചുള്ള യാഥാർത്ഥ്യം ഓർമിപ്പിച്ചത് നന്നായി. 70 കളും 80 കളും കേരളത്തിൽ വളരെ ഗൗരവത്തോടെ സിനിമയും സാഹിത്യവും കലയും രാഷ്ട്രീയവും ചർച്ച ചെയ്യപ്പെട്ട കാലമാണ്. കൃഷ്ണൻ നായരെ ആരും ഗൗരവത്തിൽ എടുത്തിരുന്നില്ല. ആ പംക്തിയുടെ ഏക പോസിറ്റീവ് ആയ കാര്യം എനിക്ക് തോന്നുന്നത് പുതിയ വായനക്കാർക്ക് , വിദ്യാർത്ഥികൾക്ക് ഒക്കെ ലോക സാഹിത്യത്തിലെ വലിയ പേരുകൾ പരിചയപ്പെടുത്തി എന്നതാണ്. തോമസ് മാനെ അറിയാമോ? ബോർഹസ്സിൻ്റെ ചെറുകഥകൾ വായിച്ചിട്ടുണ്ടോ? തുടങ്ങിയ പരാമർശങ്ങൾ ക്ലാസിക്കുകൾ വായിക്കുവാൻ പുതിയ വായനക്കാർക്ക് പ്രേരകമായി എന്നത് മാത്രമാണ് കൃഷ്ണൻ നായരുടെ എഴുത്തിൻ്റെ പ്രസക്തി അദ്ദേഹത്തിൻ്റെ സ്വന്തം അഭിപ്രായങ്ങൾ സാഹിത്യബാഹ്യവും വ്യക്തിനിഷ്o വുമായിരുന്നു.

Leave a Reply