ബി ജെ പി ദേശീയ നേതാവ് ജാവദേക്കർ വീട്ടിൽ വന്നുവെന്ന് ജയരാജൻ

കണ്ണൂർ: ബിജെപി ദേശീയ നേതാവ് പ്രകാശ് ജാവദേക്കർ കണ്ടുവെന്ന ദല്ലാൾ നന്ദകുമാറിന്റെ ആരോപണം എൽ ഡി എഫ് കൺവീനർ ഇ പി ജയരാജൻ സ്ഥിരീകരിച്ചു. തിരുവനന്തപുരം ആക്കുളത്തെ തന്റെ മകന്റെ ഫ്ലാറ്റിലെത്തി ജാവേദ്ക്കറോട്  ഇറങ്ങിപ്പോകാൻ പറയാൻ കഴിയുമോ എന്നും അദ്ദേഹം ചോദിച്ചു.

ബിജെപിയിൽ പോകാൻ ചർച്ച നടത്തിയെന്ന ആരോപണം ജയരാജൻ തളളി. തനിക്കെതിരെ കെ പി സി സി പ്രസിഡണ്ട് കെ സുധാകരനും ബി ജെ പി നേതാവ് ശോഭാ സുരേന്ദ്രനും ചേർന്ന് ആസൂത്രിത ഗൂഢാലോചന നടത്തി. ഇതിനെതിരെ നിയമ നടപടി സ്വീകരിക്കുമെന്നും ജയരാജൻ അറിയിച്ചു.

ജയരാജൻ്റെ വാദങ്ങളെ ഇങ്ങനെ:

കെ സുധാകരനും ശോഭാ സുരേന്ദ്രനും നാല് മാധ്യമപ്രവർത്തകരും ചേർന്നാണ് എനിക്കെതിരെ ഗൂഢാലോചന നടത്തിയത്. ഇതിന്റെ ഭാഗമായാണ് തെരഞ്ഞെടുപ്പിന്റെ തലേദിവസം നടത്തിയ ഈ ആരോപണങ്ങൾ. സുധാകരന്റെ ബിജെപിയിലേക്കുള്ള പോക്കിനെ ലഘുകരിക്കാൻ നടത്തിയ നീക്കമാത്രമാണ് തനിക്കെതിരായ ആരോപണം. ഞാൻ ബിജെപിയിലേക്ക് പോകുമെന്നതും ചർച്ച നടത്തിയെന്നതും അടിസ്ഥാന രഹിതമായ ആരോപണം മാത്രമാണ്.

സുധാകരനും ശോഭാ സുരേന്ദ്രനും തമ്മിൽ ആന്തരിക ബന്ധമുണ്ട്. ചില മാധ്യമങ്ങളാണ് തനിക്കെതിരെ ഗൂഢാലോചന നടത്തിയത്.മകനും ശോഭയും തമ്മിൽ ബന്ധമില്ല.കല്യാണത്തിന് എറണാകുളം വന്നപ്പോൾ പരിചയപ്പെട്ടതാണ്. ശോഭയുടെ മൊബൈൽ വാങ്ങി പരിശോധിക്കണം. ശോഭയും ദല്ലാളും തമ്മിലുള്ള ബന്ധത്തിൽ ഞങ്ങളെ വലിച്ചിഴക്കേണ്ട. ആരോപണങ്ങളിൽ നിയമ നടപടി സ്വീകരിക്കും. ദല്ലാൾ നന്ദകുമാറിനൊപ്പം പോകേണ്ട കാര്യം എനിക്കെന്താണ് ?

പ്രകാശ് ജാവദേക്കർ എന്നെ കാണാൻ വന്നിരുന്നു. മകന്റെ കുട്ടിയുടെ പിറന്നാൾ ആഘോഷത്തിനിടെ മകന്റെ തിരുവനന്തപുരത്തെ ഫ്ലാറ്റിലാണ് വന്നത്. ഒരാൾ വീട്ടിൽ വരുമ്പോൾ ഇറങ്ങിപ്പോകാൻ പറയാൻ കഴിയില്ലാല്ലോ. എന്താണ് വന്നതെന്ന് ചോദിച്ചപ്പോൾ അതുവഴി പോയപ്പോൾ കണ്ട് പരിചയപ്പെടാൻ വന്നതാണെന്ന് മാത്രം പറഞ്ഞു. അദ്ദേഹം രാഷ്ട്രീയം സംസാരിക്കാൻ ശ്രമിച്ചു. അത് താല്പര്യമില്ല എന്ന് ഞാൻ പറഞ്ഞു.

ദല്ലാൾ നന്ദകുമാറും ജാവേദ്ക്കറിന്റെ ഒപ്പമുണ്ടായിരുന്നുവെന്നും ജയരാജൻ സമ്മതിച്ചു.ഡല്‍ഹിയിലേക്ക് പോയിട്ട് രണ്ടു വര്‍ഷമായി. നന്ദകുമാറിന് ഒപ്പം എനിക്ക് പോകേണ്ട കാര്യമില്ല’’– അദ്ദേഹം പറഞ്ഞു