മുഖ്യമന്ത്രിയുടെ അറസ്ററ്: ഡൽഹി സർക്കാർ ഭരണപ്രതിസന്ധിയിൽ

ന്യൂഡല്‍ഹി: മദ്യനയ അഴിമതിക്കേസിൽ മുഖ്യമന്ത്രി അരവിന്ദ് കേജ്​രിവാളിനെ എൻഫോഴ്സ്മെൻ്റ് ഡയറക്ടറേററ് അറസ്ററ് ചെയ്തതോടെ ആം ആദ്മി പാർട്ടി നയിക്കുന്ന ഡൽഹി സർക്കാർ ഭരണപ്രതിസന്ധിയിലായി.

കേജ്​രിവാള്‍ രാജിവയ്ക്കില്ലെന്നും, ജയിലിലിരുന്ന് ഭരിക്കുമെന്നും ആം ആദ്മി പാര്‍ട്ടി പറയുന്നുണ്ട് എങ്കിലും അതിനു ചട്ടം അനുവദിക്കുന്നില്ല.ഇതോടെ നിയമസാധുതകള്‍ പരിശോധിക്കുകയാണ് ലഫ്റ്റനന്‍റ് ഗവര്‍ണറും ആഭ്യന്തര മന്ത്രാലയവും.

ഇതിനിടെ അറസ്ററിനെതിരെ  അരവിന്ദ് കെജ്‌രിവാള്‍ സുപ്രീം കോടതിയില്‍ നല്‍കിയ ഹര്‍ജി പിന്‍വലിച്ചു. നേരത്തെ, മദ്യനയ കേസിൽ അറസ്റ്റിലായ ബി.ആര്‍.എസ്. നേതാവ് കവിത നല്‍കിയ ജാമ്യാപേക്ഷ സുപ്രീംകോടതി പരിഗണിച്ചിരുന്നില്ല.

ജാമ്യത്തിനായി നേരിട്ട് സുപ്രീംകോടതിയെ സമീപിക്കാതെ വിചാരണക്കോടതിയെ സമീപിക്കാന്‍ കോടതി നിര്‍ദേശിച്ചിരുന്നു. ഭരണഘടനയുടെ 32-ാം അനുച്ഛേദപ്രകാരം റിട്ട് ഹര്‍ജിയുമായാണ് കവിത സുപ്രീംകോടതിയെ സമീപിച്ചത്. ജാമ്യഹര്‍ജി സമര്‍പ്പിക്കുന്നതിന് വ്യവസ്ഥാപിതമായി മാര്‍ഗങ്ങളുണ്ടെന്നും ആ മാര്‍ഗങ്ങള്‍ അവലംബിക്കണമെന്നും കവിതയ്ക്ക് വേണ്ടി ഹാജരായ സീനിയര്‍ അഭിഭാഷകന്‍ കപില്‍ സിബലിനോട് ജസ്റ്റിസ് സഞ്ജീവ് ഖന്നയുടെ അധ്യക്ഷതയിലുള്ള ബെഞ്ച് വ്യക്തമാക്കുകയും ചെയ്തിരുന്നു.

ഇന്നലെ രാത്രിയോടെയാണ് മദ്യനയ അഴിമതിക്കേസില്‍ ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാളിനെ ഇ.ഡി അറസ്റ്റ് ചെയ്തത്. അറസ്റ്റ് തടയാന്‍ ഡല്‍ഹി ഹൈക്കോടതി വിസമ്മതിച്ചതിന് പിന്നാലെ ഇ.ഡി സംഘം അരവിന്ദ് കേജ്‌രിവാളിന്റെ വീട്ടിലെത്തിയാണ് അറസ്റ്റ് ചെയ്തത്.

കേസിൻ്റെ ബുദ്ധികേന്ദ്രം അരവിന്ദ് കേജ്​രിവാൾ ആണെന്നാണ് എൻഫോഴ്സ്മെൻ്റ് ഡയറക്ടറേററ് ആരോപിക്കുന്നത്. മദ്യനയം തയ്യാറാക്കുന്ന ഗൂഢാലോചനയില്‍ കേജ്​രിവാള്‍ പങ്കെടുത്തെന്നും അവർ പറയുന്നു.

അരവിന്ദ് കേജ്‌രിവാളിനെ എൻഫോഴ്സ്മെൻ്റ് ഡയറക്ടറേററ് അഡീഷനല്‍ ഡയറക്ടര്‍ കപില്‍ രാജ് ചോദ്യം ചെയ്യുകയാണ്. ജാര്‍ഖണ്ഡ് മുന്‍ മുഖ്യമന്ത്രി ഹേമന്ദ് സോറനെ അറസ്റ്റുചെയ്തതും കപില്‍ രാജാണ്.

ബി.ആര്‍.എസ് നേതാവ് കെ.കവിതയ്ക്കൊപ്പം കേജ്‌രിവാളിനെ ചോദ്യംചെയ്യുമെന്ന് ഇഡി വ്യക്തമാക്കി. കവിതയ്ക്ക് മദ്യവ്യവസായികള്‍ നല്‍കിയ 100 കോടി എ എ പി കൈപ്പറ്റിയെന്നും ഇഡി ആരോപിക്കുന്നു.