യസുനാറി കവാബത്തയെ ഓർമ്മിക്കുമ്പോൾ

ആർ. ഗോപാലകൃഷ്ണൻ 
ജാപ്പനീസ് ഭാഷയിലേക്കു ആദ്യമായി നോബൽ സമ്മാനം കൊണ്ടുവന്ന രചയിതാവ് യസുനാറി കവാബത്ത വിടവാങ്ങിയിട്ട് അരനൂറ്റാണ്ടിലേറെയായി. ചൊവ്വാഴ്ച  അദ്ദേഹത്തിൻ്റെ  52-ാം ഓർമ്മദിനമായിരുന്നു  🌹🌹
🔸
‘സഹശയനം’ എന്ന കൃതിയുടെ പരിഭാഷയിലൂടെയാണ് മലയാളികൾ കവാബത്തയെ പരിചയപ്പെടുന്നത്. വിവർത്തകൻ മലയാളികൾക്ക് പ്രിയപ്പെട്ട നോവലിസ്റ്റ് എം . കെ , മേനോൻ എന്ന ‘വിലാസിനി’യായിരുന്നു .
                                                                                         
🌏
1899 ജൂൺ 14-ന് ജപ്പാനിലെ ഓസക്കയിൽ യസുനാറി ജനിച്ചു. ഭിഷഗ്വരന്മാരുടെ കുടുംബത്തിലായിരുന്നു ജനനം. നാലു വയസ്സുള്ളപ്പോൾ തന്നെ മാതാപിതാക്കൾ  മരിച്ചു. പിൽക്കാല ജീവിതം യസുനാറി മുത്തച്ഛനോടൊപ്പം ആയിരുന്നു. ഏക സഹോദരി പതിനൊന്നു വയസ്സുള്ളപ്പോൾ മരണമടഞ്ഞിരുന്നു.
ബന്ധുക്കളെല്ലാം നഷ്ടപ്പെട്ട കവാബത്ത തന്റെ അമ്മയുടെ നാടായ ‘കുറോഡാസി’ലേയ്ക്കും, പിന്നീട് പഠനാവശ്യം പ്രമാണിച്ചു ‘ടോക്യോ’യിലേയ്ക്കും താമസം മാറ്റുകയാണുണ്ടായത്.1924-ൽ ബിരുദം പൂർത്തിയാക്കിയ യസുനാറി എഴുത്തിലേയ്ക്കും, പത്രപ്രവർത്തന ത്തിലേയ്ക്കും തിരിഞ്ഞു.
‘മെയ്നിച്ചി ഷിംബുൺ’ എന്ന പത്രത്തിനുവേണ്ടി പ്രവർത്തിച്ചു. രണ്ടാം ലോക മഹായുദ്ധ കാലത്തെ രാഷ്ട്രീയത്തെക്കുറിച്ചോ, സൈനിക നടപടികളുടെ ആശാസ്യതയെക്കുറിച്ച് തെല്ലും താത്പര്യം കാണിയ്ക്കാതിരുന്ന കവാബത്ത, എന്നാൽ തന്റെ കൃതികളിൽ അതിന്റെ വിഹ്വലതകൾ പ്രകടമാക്കുന്നുണ്ട്.
🔸
ആദ്യത്തെ ചെറുകഥയായിരുന്ന ‘A View from Yasukuni Festival’ 1921-ൽ പ്രസിദ്ധീകരിച്ചു. തുടർന്നെഴുതിയ ചെറുകഥകളെല്ലാം തന്നെ ആസ്വാദകശ്രദ്ധ ആകർഷിച്ചു. ‘The Dancing Girl of Izu’ (1926) അദ്ദേഹത്തെ ഏറെ പ്രശസ്‌തനാക്കി. ഇതിൽ കവാബത്തയുടെ രചനകളുടെ ഒരു സവിശേഷതയായ ലൈംഗികത (eroticism) പ്രകടമായിരുന്നു… അദ്ദേഹത്തിന്റെ തുടർന്നുള്ള മിക്ക കൃതികളും സമാനമായ ‘തീമുകൾ’ വലയം ചെയ്യുന്നുണ്ട്…
‘A Page of Madness’ (1926) എന്നൊരു സിനിമയുടെ സ്ക്രിപ്റ്റ് ചെയ്യുകയുണ്ടായി.
1930-ൽ പുറത്തുവന്ന ‘The Scarlet Gang of Asakusa’-യിൽ കവാബത്തയുടെ മറ്റു കൃതികളിൽ നിന്നും അല്പം വ്യത്യസ്തമായ ശൈലിയിൽ ഉള്ളതാണ്- പാശ്ചാത്യ മോഡേണിസം സ്വാധീനിച്ച ഏക കൃതി
‘ആയിരം കൊറ്റികൾ’ (Thousand Cranes -1952 ), ‘ഉറങ്ങുന്ന സുന്ദരിമാരുടെ ഭവനം’- (‘സഹശയനം’/ ജാപ്പനീസ് പേര്: ‘നെമു രേരൂ ബിജോ’- House of the Sleeping Beauties – 1961), ‘മലയുടെ മുഴക്കം’ (The Sound of the Mountain-1954) ‘മഞ്ഞുദേശം’ (Snow Country-1937), ‘പഴയ തലസ്ഥാനം’ (The Old Capital-1962) തുടങ്ങിയവയാണ് അദ്ദേഹത്തിന്റെ വിശ്വോത്തര രചനകൾ…
1968 ഒക്ടോബർ 16-നു കവാബത്തക്കു നോബൽ സമ്മാനം പ്രഖ്യപിച്ചു; ‘ഹിമഭൂമി’, ‘ആയിരം കൊറ്റികൾ’, ‘പഴയ തലസ്ഥാനം’ എന്നീ മൂന്ന് കൃതികളാണ് നോബൽ അക്കാഡമി പരാമർശിച്ചിട്ടുള്ളത്.
🔸
കവാബത്ത മലയാളത്തിൽ:
കവാബത്ത രചിച്ച ‘House of the Sleeping ബ്യൂട്ടീസ്’ (1961) ‘സഹശയനം’ എന്ന പേരിലും ‘THOUSAND CRANES’ എന്നത് ‘ആയിരം കൊറ്റികൾ പറക്കുന്നു’ എന്ന ശീർഷകത്തിലും ‘The Sound of the Mountain’ എന്ന നോവൽ, ‘മലയുടെ മുഴക്കം’ എന്ന പേരിലും ‘The Dandelion’ (Tanpopo) എന്ന ചെറുകൃതി ‘നദിക്കരയിലെ ജമന്തിപ്പൂക്കള്‘ എന്ന ശീർഷകത്തിലും മലയാള വിവർത്തനം വന്നിട്ടുണ്ട്.
‘സഹശയനം’ വിവർത്തനം ചെയ്തത് പ്രസിദ്ധ നോവലിസ്റ്റ് വിലാസിനി ആണ്. ‘Show Country’ എന്നത് ‘ഹിമഭൂമി’ മലയാളത്തിൽ വന്നിട്ടുണ്ട്; മറ്റുചില കൃതികളും വന്നിട്ടുണ്ടെന്നാണ് തോന്നുന്നത്; ഞാനവ വായിച്ചിട്ടില്ലാത്തതു കൊണ്ട്, പേര് ഓർമ്മ വരുന്നില്ല….
🌏
1972 ഏപ്രിൽ 16-ന് (72-ാം വയസിൽ) അദ്ദേഹം മരിച്ചു: യസുനാറി കവാബത്ത തികച്ചും ദുരൂഹമായ ഒരുസാഹചര്യത്തിൽ മരണമടയുകയാണുണ്ടായത്. അപകടമാണെന്നും എന്നാൽ ഇത് ആത്മഹത്യയാണെന്നും കരുതുന്നവരുണ്ട്. തന്റെ ആത്മമിത്രമായ യുകിയോ മിഷിമയുടെ ആത്മഹത്യ യസുനാറിയെ ആകെ ഉലച്ചുകളഞ്ഞു എന്നതു വാസ്തവമായതിനാൽ, അദ്ദേഹം സ്വയമേവ മരണം വരിച്ചതാണെന്നുള്ള വാദം ശക്തമാക്കി.
——————————————————————————————————————————————————————

(കേരള സാഹിത്യ അക്കാദമിയുടെ സെക്രട്ടറിയായിരുന്നു ലേഖകന്‍)

___________________________________________________________

കൂടുതല്‍ വാര്‍ത്തകള്‍ക്കായി

http://www.newsboardindia.com
സന്ദര്‍ശിക്കുക