December 13, 2024 11:26 am

മൃണാളിനി സാരാഭായി

ആർ. ഗോപാലകൃഷ്ണൻ

🔸🔸
ഭാരതത്തിലെ ശാസ്ത്രീയനൃത്തങ്ങളെ ലോകജനതയ്ക്ക് മുമ്പിൽ എത്തിച്ച് അവയുടെ മഹത്ത്വത്തെ മനസ്സിലാക്കികൊടുത്ത പ്രതിഭയാണ് മൃണാളിനി സാരാഭായി. അവരുടെ എട്ടാം ചരമവാർഷികദിനം ഇന്ന്.

 

ലോകപ്രശസ്തിയാർജ്ജിച്ച ‘ദർപ്പണ’ എന്ന കലാകേന്ദ്രം ഇവരുടെ പ്രവർത്തനത്തിൻ്റെ നിത്യസ്മാരകമായി നിലകൊള്ളുന്നു. ധാരാളം പുരസ്കാരങ്ങൾ ലഭിച്ചിട്ടുള്ള മൃണാളിനി നിരവധി വിദ്യാർത്ഥികൾക്ക് കഥകളിയിലും, ഭരതനാട്യത്തിലും പരിശീലനം നൽകിയിട്ടുണ്ട്.
ബ്രിട്ടീഷ് ഭരണത്തിന്‍ കീഴിലുള്ള ഭാരതത്തില്‍നിന്ന് മൃണാളിനിയുടെ കീര്‍ത്തി കടല്‍കടന്നിരുന്നു. 91 ലധികം രാജ്യങ്ങളിലായി 23,000ല്‍ അധികം വേദികളിലാണ് അവര് തൻ്റെ കലാപ്രകടനം കാഴ്ചവെച്ചത്.

May be an image of 1 person

 

മൃണാളിനി സാരാഭായി, ‘ഹൃദയത്തിൻ്റെ സ്വരം’ എന്ന ആത്മകഥയില്‍ അവര്‍ തന്റെ ജീവിതം വരച്ചിടുന്നുണ്ട്. ജീവിതവും നൃത്തവും അവര്‍ക്ക് രണ്ടായിരുന്നില്ലെന്ന് ഇതിലെ ഓരോ വരിയും പറയുന്നു. ലോകത്തിന് മുമ്പിൽ ഭാരതത്തിൻ്റെ സംസ്‌ക്കാരത്തെ ഉയർ‍ത്തിപ്പിടിച്ച വ്യക്തിയായിരുന്നു മൃണാളിനി സാരാഭായ്. ഇന്ത്യൻ ബഹിരാകാശ ഗവേഷണരംഗത്തിൻ്റെ പിതാവായി കരുതപ്പെടുന്ന വിക്രം സാരാഭായ് ആയിരുന്നു മൃണാളിനിയുടെ ജീവിതപങ്കാളി.

 

May be an image of 2 people and people smiling

 

🌍

പാലക്കാട് ജില്ലാതിര്‍ത്തിയിൽ തൃത്താലക്ക് അടുത്ത് ആനക്കര ഗ്രാമം. ആനക്കരയിലെ ‘വടക്കത്ത് തറവാട്ടിൽ’ ജനനം. ഈ തറവാട്ടിലെ അമ്മു സ്വാമിനാഥൻ്റെയും ഡോ. സ്വാമിനാഥൻ്റെയും മകളാണ് മൃണാളിനി. (എ.വി. കുട്ടിമാളുഅമ്മ ഈ വടക്കത്ത് തറവാട്ടുകാരിയാണ്. അമ്മു സ്വാമിനാഥനും സ്വാതന്ത്ര്യ സമര സേനാനിയും പാർ‍ലമെൻ്റ് അംഗവുമായിരുന്നു. പ്രമുഖ സ്വതന്ത്രസമര നായികയും ഐ.എൻ. എ.യുടെ പ്രവർത്തകയുമയായിരുന്ന ക്യാപ്റ്റൻ ലക്ഷ്മി, മൃണാളിനിയുടെ സഹോദരിയാണ്.)
ഇപ്രകാരം ഈ തറവാട്ടിലെ സ്ത്രീ ജനങ്ങളുടെ പ്രാഗ്ഭ്യവും പ്രശസ്തിയും മൂലമാണ്, വി.കെ.എൻ. ഈ തറവാടിനെ ‘പിടിയാന വടക്കേടത്ത്’ എന്നു വിളിച്ചത്.

 

May be an image of 2 people

 

സ്വിറ്റ്സർലണ്ടിലായിരുന്നു അവർ തന്റെ ബാല്യം ചിലവഴിച്ചത്. അവിടെയുണ്ടായിരുന്ന ഒരു നൃത്തവിദ്യാലയത്തിൽ നിന്നുമാണ് മൃണാളിനി പാശ്ചാത്യ നൃത്തത്തിന്റെ ആദ്യ ചുവടുകൾ പഠിക്കുന്നത്. പ്രശസ്തയായ രുഗ്മിണീദേവി അരുണ്ഡേലിന്റെ നൃത്ത അക്കാദമിയായ കലാക്ഷേത്രത്തില്‍ ചേര്‍ന്ന് നൃത്തപഠനം തുടങ്ങിയ ആ പെണ്‍കുട്ടി പിന്നീട് കത്തുമന്നാര്‍ കോവിലിലെ മുത്തുകുമാരപിള്ളയുടെ കീഴിലും നൃത്തമഭ്യസിച്ചു. അദ്ദേഹമാണ് ഭരതനാട്യത്തിന്റെ യഥാര്‍ഥ പാരമ്പര്യത്തിലേക്ക് മൃണാളിനിയെ കൈപിടിച്ചുയര്‍ത്തിയത്.

 

ഗുരു തകഴി കുഞ്ചുക്കുറുപ്പിനു കീഴില്‍ കഥകളിയും അഭ്യസിച്ചു. ശാന്തിനികേതനത്തിൽ ടാഗോറിന്റെ നാടകങ്ങളിലെ പ്രധാന കഥാപാത്രമായി അഭിനയിച്ചിരുന്നു മൃണാളിനി.
പത്മഭൂഷൺ പുരസ്കാരം നേടിയിട്ടുണ്ട്.

2016 ജനുവരി 21-ന്, 97-ാം വയസ്സിൽ, അഹമ്മദാബാദിലെ ഉസ്മാൻപുരയിലെ സ്വവസതിയായ ‘ചിദംബര’ത്തായിരുന്നു അന്ത്യം.
🔸
മൃണാളിനി- വിക്രം സാരാഭായ് ദമ്പതികളുടെ മകളായ മല്ലികാ സാരാഭായ് പ്രശസ്തയായ നർത്തകിയും നടിയുമാണ്; ഇപ്പോൾ കലാമണ്ഡലത്തിന്റെ ചാൻസലറുമാണ്.

————————————————————————————————————————————————–

(കേരള സാഹിത്യ അക്കാദമിയുടെ സെക്രട്ടറിയായിരുന്നു ലേഖകന്‍)

___________________________________________________________

കൂടുതല്‍ വാര്‍ത്തകള്‍ക്കായി

http://www.newsboardindia.com
സന്ദര്‍ശിക്കുക

Leave a Reply

Your email address will not be published. Required fields are marked *

Related News

Latest News