ആവില്ലെന്ന് പറയാന്‍ പറ്റാതെ പോകുമ്പോള്‍

In Top News
May 23, 2023

ബിനീഷ് പണിക്കര്‍

വല്ലാത്ത ഒരു അവസ്ഥ തന്നെയാണത്. പറ്റില്ല/ അരുത് എന്നൊക്കെ പറയാന്‍. വ്യക്തി ജീവിതത്തിലും സാമൂഹിക ജീവിതത്തിലും നമ്മള്‍ നിരന്തരം അഭിമുഖീകരിച്ചുകൊണ്ടിരിക്കുന്നത്. അരുത് എന്ന് മനസ്സ് പറയുന്നതു ചെയ്യാന്‍ വളരെ അടുപ്പമുള്ളയൊരാള്‍ ആവശ്യപ്പെടുമ്പോള്‍ എന്തുചെയ്യും? എങ്ങനെ ‘നോ’ പറയും? 

വേണ്ടപ്പെട്ടവര്‍, അടുപ്പക്കാര്‍, ബന്ധുക്കള്‍, ചങ്ങാതിമാര്‍ ഒക്കെയാണ് ആവശ്യപ്പെടുന്നത്. മനസ്സില്ലാമനസ്സോടെയാണ് വഴിപ്പെടേണ്ടിവരുന്നത്. എന്തുകൊണ്ടാണ് പറ്റില്ലെന്ന് പറയാന്‍ വല്ലാതെ പ്രയാസപ്പെടുന്നത്? പറ്റാത്തത് പറ്റുമെന്ന് പറഞ്ഞാല്‍ അതിനേക്കാള്‍ വിഷമകരമാണെന്ന കാര്യം അറിയാതെയല്ല. പക്ഷെ, പറ്റില്ലെന്ന് പറയാന്‍ ആവുന്നില്ല.

 ‘നോ’ പറയുക വിഷമകരം തന്നെയെങ്കിലും ജീവിതം മൂല്യവത്തായും മനസാക്ഷിയുടെ ഇച്ഛിയ്ക്കുന്നതനുസരിച്ചും മുന്നോട്ടു കൊണ്ടുപോകുന്നതിനും സുഖകരവും സുരക്ഷിതവും ആക്കുന്നതിനും അങ്ങനെ പറയാന്‍ ശീലിച്ചേ മതിയാകുകയുള്ളു. അതിനാവശ്യമായ നിശ്ചയദാര്‍ഢ്യം കൂടിയേ തീരു.

ആവില്ല എന്നത് ഒരു പൂര്‍ണ്ണവാചകമാണെ( ‘No’ is a complete sentence )ന്നെഴുതിയത് അമേരിക്കന്‍ എഴുത്തുകാരിയും ആക്റ്റിവിസ്റ്റുമായ ആന്‍ ലെമോട്ട് ( Anne Lamott )ആണ്. ഒരു അര്‍ത്ഥശങ്കയ്ക്കും ഇടനല്‍കാത്ത പൂര്‍ണ്ണവാചകം. അര്‍ത്ഥപൂര്‍ണ്ണം. പക്ഷെ, നമുക്കാര്‍ക്കും അത്രയ്‌ക്കെളുപ്പം പറഞ്ഞുപോകാന്‍ കഴിയാത്തതും. ചെയ്യാന്‍ ആവാത്തതരത്തിലുള്ള അഭ്യര്‍ത്ഥനകള്‍ മുന്നിലെത്തുമ്പോള്‍ എന്തുചെയ്യും എന്ന കാര്യം വളരെ ആഴത്തില്‍ പരിശോധിക്കുന്ന പുസ്തകമാണ് കോണല്‍ സര്‍വ്വകലാശാലയിലെ അദ്ധ്യാപികയും സാമൂഹ്യമനശാസ്ത്രജ്ഞയുമായ വനേസ ബോണ്‍സ്(Vanessa Bohns) എഴുതിയ ‘നിങ്ങള്‍ ചിന്തിയ്ക്കുന്നതിലേറെ സ്വാധീനം നിങ്ങള്‍ക്കുണ്ട്'(You Have More Influence Than You Think). എത്രവേഗം മറ്റുള്ളവരുടെ ചെറിയ അപേക്ഷകള്‍ക്കും ആവശ്യങ്ങള്‍ക്കും പോലും നമ്മള്‍ വഴങ്ങിക്കൊടുക്കുന്നുവെന്നും അതെങ്ങനെ ജീവിതത്തെ വിഷമത്തിലാക്കുന്നുവെന്നും ഈ പുസ്തകം ചര്‍ച്ച ചെയ്യുന്നു.

അതേപോലെ തന്നെ ശ്രദ്ധേയമായ മറ്റൊരു പുസ്തകമാണ് ‘ ആവില്ലെന്ന് പറയേണ്ടിടത്ത് അതേ എന്ന് പറയരുത്: അപ്പാടെ തെറ്റിപോകുമ്പോള്‍ ജീവിതം ശരിയായ പാതയിലേക്ക് എത്തിക്കല്‍’ (Don’t Say Yes When You Want to Say No: Making Life Right When It Feels All Wrong ). പ്രമുഖ അമേരിക്കന്‍ ബിഹേവറല്‍ തെറാപ്പിസ്റ്റായ ഡോ. ഹെര്‍ബര്‍ട്ട് ഫെന്‍സ്റ്റര്‍ഹേമും( Herbert Fensterheim ) ഭാര്യ ഷാങ് ബേയറും( Jean Baer ) ചേര്‍ന്നെഴുതിയ ഈ പുസ്തകം നിരാസം അറിയിക്കാനുള്ള വിമുഖതയെ അതിജീവിക്കുന്നതെങ്ങനെയെന്ന് വിശദമായി പരിശോധിക്കുന്നുണ്ട്.

ഈ പ്രശ്‌നം ചര്‍ച്ച ചെയ്യുന്ന സമാനമായ നിരവധി പുസ്തകങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. ‘നോ’ പറയുവാന്‍ കഴിയാത്ത അവസ്ഥ സൃഷ്ടിക്കുന്ന വ്യക്തിത്വ ദൗര്‍ബല്യത്തെ അതിജീവിക്കുന്നതിനായി നിശ്ചയദാര്‍ഢ്യ പരിശീലന( Assertiveness Training )ത്തിലാണ് ഇവരൊക്കെ പ്രധാനമായി ഊന്നുന്നത്. ബഹേവറല്‍ തെറാപ്പിയുടെ പ്രധാന പഠന മേഖലകളില്‍ ഒന്നാണ് എടി എന്ന ചുരുക്കപ്പേരില്‍ അറിയപ്പെടുന്ന അസര്‍ട്ടീവ്‌നെസ് ട്രെയിനിംഗ്. ‘ നോ’ പറയാന്‍ പറ്റാതെ പോകുന്നതിന്റെ പ്രധാന കാരണം വ്യക്തി ദൗര്‍ബല്യമാണെന്നതിനെ ആധാരമാക്കിയാണ് അന്വേഷണങ്ങളും പരിശോധനകളുമൊക്കെ പ്രധാനമായും മുന്നോട്ടു പോകുന്നത്. വ്യക്തികള്‍ അറിഞ്ഞോ അറിയാതേയോ പഠിച്ചതും ശീലിച്ചതുമായ സ്വഭാവങ്ങളാവും ഈ ദൗര്‍ബല്യത്തെ രൂപപ്പെടുത്തിയിട്ടുണ്ടാവുക. വ്യക്തിത്വം പൂര്‍ണ്ണമായി വികസിക്കുന്നതിന് പാകമല്ലാത്ത തരത്തിലുള്ള പല കാര്യങ്ങളും സമൂഹം നമ്മളെ പഠിപ്പിക്കുന്നുമുണ്ട്. ഇത്തരം പാഠങ്ങളെ മറന്നുകളയാന്‍( learn to unlearn) മനസ്സിനെ പരിശീലിപ്പിക്കുകയെന്നത് ചെറിയ കാര്യമല്ല.

ബന്ധന സുരക്ഷയും അകലുന്ന കണ്ണികളും

‘നോ’ പറയുമ്പോള്‍ അറിയാതെ എന്തോ തെറ്റുചെയ്തതുപോലെ തോന്നും. അല്ലെങ്കില്‍ അസുഖകരമായ അവസ്ഥയിലേക്ക് കൊണ്ടുചെന്നെത്തിക്കും. അതിനാലാണ് ആദ്യശ്രവണത്തില്‍ തന്നെ തനിക്ക് ഒട്ടും യോജിക്കാന്‍ ആവാത്ത കാര്യത്തിനോടുപോലും അരുതെന്ന് പറയാന്‍ ഏറെപ്പേര്‍ക്കും കഴിയാതെ പോകുന്നത്. എല്ലാവരെക്കൊണ്ടും നല്ലതെന്ന് പറയിക്കണമെങ്കില്‍ ആരോടും വിയോജിപ്പ് പറയാതെ ഇരിക്കണമെന്ന തെറ്റിദ്ധാരണയും പലരേയും നയിക്കുന്നുണ്ട്. ഈ ചിന്ത നിരാസങ്ങള്‍ പറയുന്നതില്‍ നിന്നും പലപ്പോഴും പിന്നോട്ട് നയിക്കുന്നതായി വനേസ ബേണ്‍സ് പറയുന്നു.

സമൂഹത്തില്‍ വ്യക്തികള്‍ അന്യോന്യം ഒരു മുഖം രക്ഷിക്കല്‍ അദൃശ്യമായിപ്പോലും നടത്തുന്നുണ്ട്. അമേരിക്കന്‍ സാമൂഹ്യമനശാസ്ത്രജ്ഞനായ ഇര്‍വിംഗ് ഗോഫ്മാന്‍( Erving Goffman ) ഇതിനെ ഫേസ്‌വര്‍ക്ക്( facework ) എന്നു വിളിയ്ക്കുന്നു. എക്‌സ് എന്നയാള്‍ വ്യാവഹാരിക തലത്തില്‍ വൈയുടെ മുഖം രക്ഷിയ്ക്കുന്നു. വൈ എക്‌സിന്റെ മുഖവും. നിങ്ങള്‍ മറ്റുള്ളവരുടേയും മറ്റുള്ളവര്‍ നിങ്ങളുടേയും മുഖം സംരക്ഷിച്ച് നിര്‍ത്തുന്ന ഈ പ്രക്രീയയ്ക്ക് ഭംഗം വരുത്തും പലപ്പോഴും ‘നോ’ പറച്ചിലുകള്‍. എക്‌സ്, വൈയോട് നിരാസം അറിയിക്കുമ്പോള്‍ ആ രണ്ട് ആളുകളിലും മാത്രം ഒതുങ്ങാതെ പോകുന്നു അതുണ്ടാക്കുന്ന അലയൊലികള്‍. ഇരുവരേയും ചേര്‍ന്ന് നില്‍ക്കുന്ന പ്രാധമികവും ദ്വിതീയവും ത്രിദീയവുമൊക്കെയായ സാമൂഹിക ശൃംഖലകളിലേക്ക് അതിന്റെ പ്രതിഫലനം നീളുകയും അവരില്‍ ഒരുപാട് പേരുടെ മുഖത്ത് കാളിമ പരക്കുകയും ചെയ്യും. വ്യക്തികളില്‍ വലിയ തോതില്‍ സംഭ്രമവും അമ്പരപ്പും അങ്കലാപ്പും പലപ്പോഴും ഭീതിയും സൃഷ്ടിക്കുന്ന സാഹചര്യമാണിത്. ഇത്തരം വ്യാകുലതകളും ‘നോ’ പറയുന്നതില്‍ നിന്നും പലപ്പോഴും പിന്തിരിപ്പിക്കുന്നു.

അപരന്റെ വേദനയോ ഇല്ലായ്മയോ ദുസ്തിതിയോ കണ്ട് നില്‍ക്കാന്‍ കഴിയാതെ പോകുന്നതാണ് മറ്റൊരു സാഹചര്യം. ഇത്തരം അവസ്ഥയില്‍ മനസ്സില്‍ രൂപപ്പെടുന്ന അനുതാപവും ആളുകളെ ‘നോ’ പറയുന്നതില്‍ വിമുഖരാക്കുന്നുണ്ട്. ജനസമക്ഷം ഒരാളെ കൊച്ചാക്കേണ്ട, അല്ലെങ്കില്‍ ഒരു വ്യക്തിയെ മുറിവേല്‍പ്പിക്കേണ്ട എന്ന ചിന്തകൊണ്ടും നമ്മള്‍ പലപ്പോഴും ആളുകളോട് ‘നോ’ പറയാതെ ഇരിക്കും. നമ്മുടെ മേലെ അധികാരവും ആധിപത്യവും ഉള്ള ആളുകളോടും ‘നോ’ പറയാന്‍ കഴിയാതെ പോകാറുണ്ട്. മേലധികാരിയോ അദ്ധ്യാപകനോ ആത്മീയാചാര്യനോ അല്ലെങ്കില്‍ ഗുരു സ്ഥാനീയരോ ഒക്കെയാകും ഇത്തരത്തിലുള്ള സ്വാധീനതകള്‍ രൂപപ്പെടുത്തിയിട്ടുണ്ടാവുക. അത്യന്തം ആത്മവഞ്ചനാപരമായ സാഹചര്യങ്ങളിലേക്കും പ്രവര്‍ത്തികളിലേക്കുമാകും വ്യക്തികളെ ഇത് കൊണ്ടുചെന്നെത്തിക്കുക.

സാമൂഹിക ബന്ധങ്ങളുടെ കണ്ണികളില്‍ നിന്നും താന്‍ അടര്‍ന്നുപോകും എന്ന ഭീതിയും ആളുകളെ ‘നോ’ പറയുന്ന കാര്യത്തില്‍ വിമുഖരാക്കുന്നുണ്ട്. ഗോത്രങ്ങളായി ജീവിച്ച കാലം മുതല്‍ കൂട്ടായ്മയാണ് സുരക്ഷയും സ്വാസ്ഥിയും കൊണ്ടുതരുന്നതെന്ന ബോധം മനുഷ്യരെ ഭരിക്കുന്നുണ്ട്. നിഷ്ഠൂരരായ വോട്ടക്കാരില്‍ നിന്നും രക്ഷ നേടാന്‍ ഗോത്രബോധവും കൂട്ടായ്മയും തെല്ലൊന്നുമല്ല മനുഷ്യരെ സഹായിച്ചിട്ടുള്ളത്. ഈ ഗോത്രബോധവും കണ്ണിചേരലും സാമൂഹികാബോധത്തില്‍ ആഴത്തില്‍ ഇഴ ചേര്‍ന്നിരിക്കുന്നു. ഇത്തരം ബന്ധന സുരക്ഷയില്‍ നിന്നും പുറത്തുവരിക മനുഷ്യരെ സംബന്ധിച്ചിടത്തോളം വളരെ വിഷമകരമാകുന്നു. ‘നോ’ പറയുന്നതോടെ ഈ കണ്ണികളില്‍ വടുക്കള്‍ രൂപപ്പെടുകയും അവ മുറിഞ്ഞ് സാമൂഹികശൃംഖലയ്ക്കു പുറത്താവുകയും ചെയ്യുമെന്ന ഭീതി രൂപപ്പെടുന്നു.

സാമൂഹികമായ പുറന്തള്ളലുകള്‍ പലപ്പോഴും വര്‍ദ്ധിതമായ ഒറ്റപ്പെടലും ഏകാന്തതയും സൃഷ്ടിക്കുമെന്ന ഭയവും വ്യക്തികളെ ഭരിക്കുന്നുണ്ട്. ഇത്തരത്തിലുള്ള ഭയങ്ങള്‍ സൃഷ്ടിച്ചും ആഹരിച്ചുമാണ് പല സാമൂഹിക പ്രസ്ഥാനങ്ങളും സംഘടനകളും നമ്മുടെ മേല്‍ ആധിപത്യം ചെലുത്തുന്നത്. അതെന്തായാലും, ഒറ്റപ്പെടലുകളും ഏകാന്തതകളും നമ്മുടെ ആരോഗ്യത്തേയും സ്വാസ്ഥിയേയും ദീര്‍ഘജീവിതത്തേയും മനോനിലയേയും ഒക്കെ ദോഷകരമായി ബാധിക്കുമെന്നതാണ് വാസ്തവം. ഈ തിരിച്ചറിവുകളും പലപ്പോഴും ആളുകളെ ‘നോ’ പറയാന്‍ വിമുഖരാക്കുകയും അതുവഴി കൂടുതല്‍ വിഷമകരമായ സാഹചര്യത്തില്‍ എത്തിപ്പെടുകയും ചെയ്യും. ഇത്തരം സങ്കീര്‍ണ്ണമായ അവസ്ഥ ഇല്ലാതാക്കുക തീര്‍ത്തും ശ്രമകരമാണ്.

നിരാസങ്ങള്‍ എങ്ങനെ?

നിങ്ങളോടും അപരരോടും ഒരേ പോലെ ബഹുമാനാദരങ്ങള്‍ പുലര്‍ത്തിക്കൊണ്ട്, ബന്ധങ്ങളെ ബാധിക്കാത്ത തരത്തില്‍ എങ്ങനെ ‘നോ’ പറയാന്‍ സാധിക്കും? കൂടുതല്‍ നിശ്ചയദാര്‍ഢ്യം ഉള്ളവരാകാന്‍ ( learn to be more asstertive ) ശീലിക്കുകയെന്നതാണ് അതിനായി വനേസ ബോണ്‍സ് കണ്ടെത്തുന്ന ആദ്യസംഗതി. അപരനേയും ആ വ്യക്തിയുടെ വീക്ഷണങ്ങളേയും ആദരിച്ചുകൊണ്ടുതന്നെ സ്വന്തം അവകാശങ്ങള്‍ക്കായി നിലകൊള്ളുന്നതിനുള്ള നേരിട്ടുള്ളതും സത്യസന്ധവും ഉചിതവുമായ മാര്‍ഗ്ഗം കണ്ടെത്തുന്നതിന് നിശ്ചയദാര്‍ഢ്യം സഹായിക്കുക തന്നെ ചെയ്യും. നിശ്ചയ ദാര്‍ഢ്യത്തോടെയുള്ള ദൃഢപ്രസ്താവ( assertion )ത്തേയും ആക്രമണോത്സുകമായ തരത്തിലുള്ള കടന്നുകയറ്റ( aggression) ത്തേയും വേര്‍തിരിച്ച് മനസ്സിലാക്കുക എന്നത് ഇത്തരം ഘട്ടത്തില്‍ പ്രധാനമാകുന്നു.


ഓരോരുത്തര്‍ക്കും അവകാശങ്ങള്‍ ഉണ്ടെന്ന കാര്യം വിസ്മരിക്കരുത്. കാര്യങ്ങള്‍ തുറന്നുപറയുവാനും മനസ്സിലുള്ളത് പ്രകടിപ്പിക്കുവാനും ആത്യന്തികമായി ‘നോ’ എന്നു പറയുവാനും ഉള്ള അവകാശം. മറ്റേത് അവകാശത്തെക്കാളും സുപ്രധാനമാണിത്. ഈ ബോധ്യം അവിഹിതമായ സ്വാധീനങ്ങളില്‍നിന്നും ഭീഷണികളില്‍ നിന്നും പ്രകോപനങ്ങളില്‍ നിന്നും മുക്തരാകുന്നതിനുള്ള അവസരം നല്‍കുക തന്നെ ചെയ്യും.ആളുകളെക്കൊണ്ട് നല്ല വ്യക്തിയെന്ന് പറയിപ്പിക്കാനാകും നിങ്ങള്‍ പലപ്പോഴും മനസാക്ഷിയ്ക്കു വിരുദ്ധമായി ‘യെസ്’ എന്നു പറയുക. തികഞ്ഞ ആത്മവഞ്ചനയാണിതെന്ന് തിരിച്ചറിയുക തന്നെ വേണം. മറ്റുള്ളവരെ വഴിവിട്ട് സഹായിക്കുന്നുവെന്നതിലോ അവരുടെ സമ്മര്‍ദ്ദങ്ങള്‍ക്കു വഴങ്ങുന്നുവെന്നതിലോ അല്ല സ്വയം സംരക്ഷിക്കുകയും സ്വന്തം മൂല്യങ്ങള്‍ക്കനുസരിച്ച് ജീവിക്കുകയും ചെയ്യുമ്പോഴാണ് വ്യക്തി ശ്രേഷ്ഠനാകുന്നതും ഉത്തരവാദിത്ത പൂര്‍ണ്ണമായ ജീവിതം നയിക്കുന്നതും. ഇക്കാര്യം മനസ്സില്‍ പറഞ്ഞ് ഉറപ്പിച്ചെടുക്കണം.’നോ’ എന്നത് ഒരു നയ പ്രസ്താവനയോ നിലപാടോ ആയി രൂപപ്പെടുത്തുക: ‘ക്ഷമിക്കണം, എന്റെ സെല്‍ഫോണ്‍ ഒരിക്കലും കടം കൊടുക്കില്ല എന്ന നിലപാട് എനിക്കുണ്ട്.’ ‘ആര്‍ക്കുവേണ്ടിയും ശുപാര്‍ശകള്‍ ചെയ്യില്ലെന്ന നിലപാട് വച്ചുപുലര്‍ത്തുന്നയാളാണ് ഞാന്‍.’ ഇത്തരത്തില്‍ കാര്യങ്ങള്‍ വ്യക്തമാക്കാന്‍ കഴിയേണ്ടതുണ്ട്. അതുവഴി നിങ്ങള്‍ നടത്തിയ നിരാസത്തേയോ വിസമ്മതത്തേയോ വ്യക്തിപരമായ തലത്തില്‍ നിന്നും നയനിലപാടുകളിലേക്ക് കൊണ്ടുപോകാന്‍ ആകുന്നു.
നിരാസത്തിനു പറ്റിയ ഭാഷ രൂപപ്പെടുത്തുക എന്നതാണ് അടുത്ത കാര്യം. നിശ്ചയദാര്‍ഢ്യത്തോടെ നിരാസം അറിയിക്കുകയും വിനയത്തോടെ അത് വിനിമയം ചെയ്യുന്നതിന് ഉതകുന്ന ഭാഷ. ‘എനിക്ക് അത് അത്ര സുഖകരമല്ല’ എന്നതുപോലുള്ള എല്ലാ സമയത്തും ഉപയോഗിക്കാന്‍ പറ്റിയ വാചകങ്ങള്‍ കരുതിവെയ്ക്കുക. ‘നന്ദി, പക്ഷേ ഞാന്‍ അങ്ങനെ കരുതുന്നില്ല.’ ഇത്തരത്തില്‍ വളരെ ലളിതമായി കാര്യം പറയാന്‍ സാധിക്കണം. ‘നോ’ എന്നത് ശക്തിമത്തായ വാക്ക് തന്നെയാണ്.

ആവശ്യവുമായി എത്തുന്നയാളോട് അപ്പോള്‍ തന്നെ ഒരു മറുപടിയ്ക്ക് നില്‍ക്കാതെ സ്വയം ചിന്തിയ്ക്കാനായി സമയം നല്‍കുക. ‘ഞാന്‍ അതിനെക്കുറിച്ച് ആലോചിക്കട്ടെ. എന്നിട്ട് പറയാം.’ അപരനോട് ഇത് പറയുക. പിന്നെ ആലോചിച്ച് ശ്രദ്ധാപൂര്‍വ്വം നിരാസം അറിയിക്കുക. പ്രശ്‌നരഹിതമായി ‘നോ’ പറയുന്നതിനുള്ള നിശ്ചയദാര്‍ഢ്യം ഇത്തരത്തിലുള്ള ദീര്‍ഘചിന്തകള്‍ സൃഷ്ടിക്കുമെന്നാണ് വനേസ ബോണ്‍സിനെപ്പോലുള്ളവര്‍ പറയുന്നത്. ‘നോ’ പറയാന്‍ ശീലിയ്ക്കാതെ നമ്മുടേതുപോലെ വ്യക്തിജീവിതത്തില്‍ കൂടുതല്‍ അപര ഇടപെടലുകള്‍ ഉണ്ടാകുന്ന സമൂഹത്തില്‍ ജീവിതം സുഖകരമായി മുന്നോട്ടുകൊണ്ടുപോകാന്‍ സാധിയ്ക്കില്ലെന്നിടത്താണ് വ്യക്തിത്വത്തിലെ ശീലിച്ചെടുക്കലുകളും പൊളിച്ചെഴുത്തുകളും കൂടുതല്‍ പ്രസക്തമാകുന്നത്.



അവലംബം:
1. You Have More Influence Than You Think-Vanessa Bohns, W. W. Norton & Company, New York
2. Don’t Say Yes When You Want to Say No: Making Life Right When It Feels All Wrong-Herbert Fensterheim Ph.D., Jean Baer, Dell Publishing company, New York.
3. The Awesome and Sometimes Sinister Power of ‘The Ask’-Meg Selig, www.psychologytoday.com