ജാമ്യമില്ല: കേജ്‌രിവാള്‍ 20 വരെ കസ്റ്റഡിയിൽ

ന്യൂഡല്‍ഹി: മദ്യനയ അഴിമതിക്കേസില്‍ മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാള്‍ ഈ മാസം 20 വരെപോലീസ് കസ്റ്റഡിയില്‍ തുടരും.അദ്ദേഹത്തിന് ജാമ്യം അനുവദിക്കുന്നതു സംബന്ധിച്ച് ഇന്ന് വിധി വന്നില്ല.

മദ്യനയ അഴിമതിയിലെ അന്വേഷണത്തിന് രണ്ടുവര്‍ഷം എടുത്തതില്‍ ഇ.ഡിയെ കോടതി വിമര്‍ശിച്ചു. സത്യം കണ്ടെത്താന്‍ രണ്ടുവര്‍ഷം എടുത്തെന്നു പറയുന്നത് അന്വേഷണ ഏജന്‍സിക്ക് ചേര്‍ന്നതല്ല .

കേസ് ഫയല്‍ ഹാജരാക്കാന്‍ ഇ.‍ഡിക്ക് സുപ്രീംകോടതി നിര്‍ദേശം നല്‍കി .ജാമ്യം നല്‍കിയാലും ഔദ്യോഗിക ജോലികള്‍ ചെയ്യാന്‍ പാടില്ലെന്ന് സുപ്രീംകോടതി വ്യവസ്ഥ വച്ചു.ഫയലുകളില്‍ ഒപ്പിടാന്‍ പാടില്ല.തിരഞ്ഞെടുപ്പ് പ്രചാരണങ്ങളില്‍ പങ്കെടുക്കാമെന്നും കോടതി പറഞ്ഞു.

ഇതിനിടെ, മുതിർന്ന എ.എ.പി നേതാവും ഡല്‍ഹി മുൻ വിദ്യാഭ്യാസ മന്ത്രിയുമായ മനീഷ് സിസോദിയയുടെ ജുഡീഷ്യല്‍ കസ്റ്റഡി മേയ് 15 വരെ നീട്ടി.

മദ്യനയ അഴിമതിയുമായി ബന്ധപ്പെട്ട് സി.ബി.ഐ രജിസ്റ്റർ ചെയ്ത കള്ളപ്പണം വെളുപ്പിക്കല്‍ കേസിലാണ് ഈ നടപടി.റോസ് അവന്യൂ കോടതി സ്പെഷ്യല്‍ ജഡ്ജി കാവേരി ബാജ്‍വയാണ് വിധി പുറപ്പെടുവിച്ചത്.

കേസിലെ പ്രതികള്‍ക്കെതിരെ കുറ്റം ചുമത്തുന്നത് സംബന്ധിച്ച്‌ കൂടുതല്‍ വാദങ്ങള്‍ക്കായി തീയതിയും നിശ്ചയിച്ചു. മദ്യനയ അഴിമതിയുമായി ബന്ധപ്പെട്ട് സി.ബി.ഐയും ഇ.ഡിയും സമർപ്പിച്ച കേസുകളില്‍ വിചാരണ കോടതി സ്ഥിരം ജാമ്യം നിഷേധിച്ചതിനെ തുടർന്ന് സിസോദിയയുടെ ജാമ്യാപേക്ഷയില്‍ മെയ് മൂന്നിന് ഡല്‍ഹി ഹൈക്കോടതി നോട്ടീസ് അയച്ചിരുന്നു.

കസ്റ്റഡിയില്‍ തുടരുന്നതിനിടെ, ഇ.ഡിക്ക് എതിർപ്പില്ലെന്ന് ചൂണ്ടിക്കാട്ടി ആഴ്ചയിലൊരിക്കല്‍ സിസോദിയക്ക് ഭാര്യയെ കാണാൻ ജസ്റ്റിസ് കാന്ത അനുവാദം നല്‍കിയിരുന്നു. ഈ കേസില്‍ മേയ് എട്ടിന് അടുത്ത വാദം കേള്‍ക്കും.

ഏപ്രില്‍ 30ന് ജാമ്യം തേടിയുള്ള സിസോദിയയുടെ ഹരജി ഡല്‍ഹി ഹൈകോടതി തള്ളിയിരുന്നു. മദ്യനയ അഴിമതിയുമായ ബന്ധപ്പെട്ട കേസില്‍ 2023 ഫെബ്രുവരി മുതല്‍ ജയിലിലാണ് സിസോദിയ. 2023 മാർച്ച്‌ 31നാണ് ആദ്യമായി അദ്ദേഹത്തിന്റെ ജാമ്യാപേക്ഷ തള്ളിയത്. ഏപ്രില്‍ 28ന് വിചാരണ കോടതിയും ജാമ്യാപേക്ഷ തള്ളി.