സ്വാമി ചിന്മയാനന്ദനും മാർക്സും ഫ്രോയ്ഡും

പി. രാജൻ

സ്വാമിചിന്മയാനന്ദജിയുടെ നൂറ്റെട്ടാം ജന്മദിനവും ശങ്കര ജയന്തിയുമൊന്നിച്ച് ആഘോഷിക്കുന്ന സന്ദർഭത്തിൽ എറണാകുളം ടി.ഡി.എം ഹാളിൽ നടന്ന ഗീതാജ്ഞാന യജ്ഞത്തെപ്പറ്റി ഞാൻ എഴുതിയ റിപ്പോർട്ടിനെ ചൊല്ലിയുണ്ടായ വിവാദം ഓർമ്മ വന്നു.

പത്തറുപത് കൊല്ലം മുമ്പാണ്.അന്നു സ്വാമിയും അദ്ദേഹത്തിൻ്റെ ഗീതാജ്ഞാന യജ്ഞങ്ങളും ലോക പ്രസിദ്ധി നേടുന്നതേയുണ്ടായിരുന്നുള്ളൂ.പക്ഷെ അദ്ദേഹത്തിൻ്റെ ഗീതാ പ്രഭാഷണങ്ങൾ നടന്നിടത്തെല്ലാം വലിയ ജനക്കൂട്ടത്തെ ആകർഷിച്ചിരുന്നു. ടി ഡി എം ഹാളിൽ നടക്കുന്ന ഗീതാജ്ഞാനയജ്ഞം നഗരത്തെ ഗീതാലഹരി പിടിപ്പിച്ചിരിക്കുന്നൂവെന്നാണ് ഞാൻ എഴുതിയത്.

ധാരണ രീതിയിൽ നിന്നു വ്യത്യസ്തമായി ഒരു മതഗ്രന്ഥത്തെ അടിസ്ഥാനമാക്കി സന്യാസി ചെയ്യുന്ന പ്രഭാഷണം വ്യാഖ്യാനാത്മകമായി ഇന്ന് ഇന്ത്യയിൽ ആരെങ്കിലും റിപ്പോർട്ട് ചെയ്യുമെന്നു തോന്നുന്നില്ല. ഉദാഹരണത്തിനു ഗീതാശ്ലോകംവ്യാഖ്യാനിച്ചു കൊണ്ട് സ്വാമി പറഞ്ഞതിനെ എൻ്റെ റിപ്പോർട്ടിൽ തന്നെ ഞാൻ ചോദ്യം ചെയ്തിരുന്നു.

തോക്കിൻ്റെ കുഴൽ ഉന്നം പിടിച്ച ദിശയിൽ തന്നെ തോക്കിൽ നിന്നു പായുന്ന വെടിയുണ്ടയും സഞ്ചരിക്കുന്നത് പോലെ അനുഭവങ്ങൾ മരണശേഷവും തുടരുന്നുവെന്നു സ്വാമിജി ഒരു ശ്ലോകം വ്യാഖ്യാനിച്ചു കൊണ്ട് പറഞ്ഞുവെന്നാണ് ഓർമ്മ.അത് റിപ്പോർട്ട് ചെയ്തപ്പോൾ സ്വപ്നവും ശരീരത്തിൽ തന്നെയല്ലേ നടക്കുന്നതെന്ന് കേൾവിക്കാർക്ക് സംശയമുണ്ടായിയെന്നു റിപ്പോർട്ടിൽ ഞാൻ എഴുതിയിരുന്നു.

പിറ്റേദിവസം സ്വാമിജിയും ഞാനും ഒന്നിച്ചാണ് എറണാകുളത്ത് നിന്ന് ആലുവ വരെ സഞ്ചരിച്ചത്. അദ്ദഹം മംഗലപ്പുഴ സെമിനാരിയിൽ പ്രസംഗിക്കാൻ പോകുകയായിരുന്നു.  സ്വപ്നത്തിൽ നിങ്ങൾ സ്വയം കുഷ്ഠരോഗിയായി കണ്ടെന്നുവരാം. കാല് കല്ലിൽ തട്ടി വേദനയോടെ അയ്യോയെന്നു വിളിച്ച് നിങ്ങൾ ഞെട്ടിയുണരുമ്പോൾ ശരീരത്തിൽ രോഗമൊന്നുമില്ല. അപ്പോൾ സ്വപ്നത്തിലെ ശരീരവും യഥാർത്ഥ ശരീരവും രണ്ടല്ലേ.?” അനുഭവം നിങ്ങളുടേതാണെങ്കിലും?. സ്വാമിജി ചോദിച്ചു.

അദ്ദേഹത്തിൻ്റെ പ്രഭാഷണത്തെപ്പറ്റി ചില യാഥാസ്ഥിതികരിൽ നിന്നുണ്ടാകുന്ന ആക്ഷേപം ഞാൻ ശ്രദ്ധയിൽപ്പെടുത്തി. ദാമ്പത്യ ജീവിതത്തിലെ ഉദാഹരണങ്ങൾ വരെ സ്വാമിജി പ്രസംഗത്തിനിടയിൽ ചൂണ്ടിക്കാട്ടുമായിരുന്നു.

രണ്ട് യഹൂദ ശ്രേഷ്ഠർ ജീവിതത്തെ വ്യാഖ്യാനിച്ചതിനെപ്പറ്റി ഒരിക്കൽ അദ്ദേഹം പറഞ്ഞത് ഇങ്ങനെയാണ്. ഒരാൾ വയറാണ് എല്ലാറ്റിനും അടിസ്ഥാനം ( മാർക്സ്) എന്നു വാദിച്ചു. മറ്റെയാൾ  (ഫ്രോയ്ഡ്) പറഞ്ഞത് എല്ലാറ്റിനും അടിസ്ഥാനം അതിനു താഴെയുള്ളതാണെന്നാണ്.

ഒരിക്കൽ തെമ്മാടികളുടെ പട്ടികയിൽപ്പെടുത്തിയിരുന്ന പൂതാമ്പിള്ളി ബാലകൃഷ്ണ മേനോൻ എന്ന ചിന്മയാനന്ദൻ്റെ ജീവിതം എത് ആഖ്യായികയെക്കാളും അനുഭവ സമ്പന്നമാണ്. ശ്രീ ശങ്കര ജയന്തിയോടൊപ്പം അദ്ദേഹത്തിൻ്റെ ജന്മദിനം കൂടി എറണാകുളത്ത് ആഘോഷിക്കുന്നത് തികച്ചും ഉചിതമാണ്.

പിറവത്തിനടുത്ത് ശ്രീ ശങ്കരൻ്റെ അമ്മയുടെ ഇല്ലത്തെ പുനരുദ്ധരിച്ച് ഹിന്ദു സംസ്ക്കാരം പഠിക്കാനുള്ള കേന്ദ്രമായി വികസിപ്പിച്ചത് ചിന്മയാമിഷനാണല്ലോ.

———————————————————————————————-

പ്രമുഖ രാഷ്ടീയ നിരീക്ഷകനായ പി.രാജന്‍,

മാതൃഭൂമിയുടെ അസി. എഡിറ്ററായിരുന്നു )


കൂടുതല്‍ വാര്‍ത്തകള്‍ക്കായി
http://www.newsboardindia.com

സന്ദര്‍ശിക്കുക

1 comments on “ സ്വാമി ചിന്മയാനന്ദനും മാർക്സും ഫ്രോയ്ഡും
Leave a Reply