ഉന്മാദം പൂക്കുന്ന കാലം  ഭ്രമിപ്പിക്കും ഭ്രമയുഗം

ഡോ ജോസ് ജോസഫ്
 ലിയുഗത്തിൻ്റെ അപഭ്രംശമാണ് ഭ്രമ യുഗം. ദൈവം പലായനം ചെയ്ത ആ യുഗത്തിൻ്റെ  സർവ്വാധിപതി കൊടുമൺ പോറ്റിയാണ്. ഭ്രമയുഗത്തിലെ സമാന്തര പ്രപഞ്ചത്തിൽ കാലവും സമയവും പ്രകൃതിയുമെല്ലാം മഹാ മാന്ത്രികനായ പോറ്റിയുടെ നിയന്ത്രണത്തിലാണ്.
പ്രപഞ്ചത്തിലെ ഏറ്റവും നിഗൂഡമായ തമോഗർത്തം പോലെയാണ് കൊടുമൺ പോറ്റിയുടെ മന. അടുത്തെത്തുന്ന ആരെയും അകത്തേക്ക് വലിച്ചെടുക്കും.പടിപ്പുര കടന്നെത്തിയാൽ പിന്നെ പുറത്തേക്കൊരു രക്ഷപെടൽ ഇല്ല. അകപ്പെട്ട ഒന്നിനും സൂര്യപ്രകാശത്തിനു പോലും പുറത്തേക്കു കടക്കാനാവില്ല.
ഭ്രമയുഗം മൂവി റിവ്യൂ - മമ്മൂട്ടി സിദ്ധാർഥ് അർജുൻ അശോകൻ - Bramayugam Malayalam Movie Review | Film Analysis | Mammooty | Sidharth | Arjun Asokan | Bramayugam The Age of Madness | Actors Performance |
ആ ഇരുണ്ട ലോകത്ത് ഓർമ്മകൾ താനെ മാഞ്ഞു പോകും. കാലം സാവധാനത്തിലാകും. സ്ഥലകാല ബോധങ്ങൾ നഷ്ടപ്പെടും.2013 ൽ റിലീസായ റെഡ് റെയിനും 2022 ൽ രേവതിക്ക് ഏറ്റവും മികച്ച നടിക്കുള്ള സംസ്ഥാന അവാർഡ് നേടിക്കൊടുത്ത ഭൂതകാലത്തിനും ശേഷം രാഹുൽ സദാശിവൻ സംവിധാനം ചെയ്യുന്ന മൂന്നാമത്തെ ചിത്രമാണ് ഭ്രമയുഗം.
ബ്ലാക്ക് ആൻഡ് വൈറ്റ് ക്യാൻവാസ്സിൽ  ദുർമ്മന്ത്രവാദിയും അധികാര ഗർവ്വിഷ്ഠനുമായ  കൊടുമൺ പോറ്റിയുടെ ഇരുണ്ട ലോകത്തേക്ക് ഭ്രമയുഗം പ്രേക്ഷകരെ കൂട്ടിക്കൊണ്ടു പോകുന്നു. കൊടുമൺ പോറ്റിയുടെ ഭ്രമലോകം കണ്ടിറങ്ങുമ്പോൾ ഡാൻ്റേ അലിഗ്യേരിയുടെ ഡിവൈൻ കോമഡിയിലെ പ്രശസ്തമായ വാചകം ഓർമ്മ വരും.” ഇവിടെ പ്രവേശിക്കുന്നവർ എല്ലാ പ്രതീക്ഷകളും ഉപേക്ഷിച്ചേക്കുക “
  മൂന്ന് പ്രധാന കഥാപാത്രങ്ങളും കുറച്ചു നേരം മാത്രം  വന്ന് മറയുന്ന രണ്ട് ഉപകഥാപാത്രങ്ങളും അടക്കം അഞ്ച് കഥാപാത്രങ്ങളെ മാത്രം വെച്ചാണ് ഭീതിയുടെയും ഫാൻ്റസിയുടെയും ഒരു കാല്പനിക ലോകം ബ്ലാക്ക് ആൻഡ് വൈറ്റിൽ സംവിധായകൻ രാഹുൽ സദാശിവൻ സൃഷ്ടിക്കുന്നത്.
കൊടുമൺ പോറ്റി(മമ്മൂട്ടി) പാണൻ (അർജുൻ അശോകൻ) പാചകക്കാരൻ (സിദ്ധാർത്ഥ് ഭരതൻ) എന്നീ മൂന്നു കഥാപാത്രങ്ങളാണ് ചിത്രത്തെ മുന്നോട്ടു കൊണ്ടു പോകുന്നത്. പാണൻ്റെ കൂട്ടുകാരനായി തുടക്കത്തിൽ എത്തുന്ന കോരനും (മണികണ്ഠൻ ആചാരി) ഇടയ്ക്ക് വന്നു പോകുന്ന യക്ഷിയുമാണ് (അമൽഡ ലിസ്) ചിത്രത്തിലെ ചെറു കഥാപാത്രങ്ങൾ.
വിശാലമായ ക്യാൻവ്യാസ്സോ  നീണ്ട താരനിരയോ  ഇല്ലാതെ കഥയുടെ  സൂക്ഷ്മാംശങ്ങളിലേക്ക് കടന്നു ചെന്ന് ഫാൻ്റസിയുടെയും വിഭ്രമത്തിൻ്റെയും മായാലോകത്ത് പ്രേക്ഷകനെ കുരുക്കിയിടുന്നതിൽ സംവിധായകൻ വിജയിച്ചു.മുൻ ചിത്രമായ  ഭൂതകാലത്തിൽ നിന്നും വ്യത്യസ്തമായി ഭയത്തിൻ്റെ മാത്രം ലോകമല്ല ഭ്രമയുഗം തുറന്നിടുന്നത് .
മമ്മൂട്ടി ഹിറ്റടിക്കുമോ ? ബജറ്റ് 27 കോടി, ഫുൾ ബ്ലാക് ആൻഡ് വൈറ്റ്, 'ഭ്രമയു​ഗം' 20ൽപരം വിദേശ രാജ്യങ്ങളിൽ
ഇവിടെ ഹൊററും ഭ്രമാത്മകതയും ഫാൻ്റസിയുമെല്ലാം കെട്ടുപിണഞ്ഞു കിടക്കുകയാണ്. 139 മിനിറ്റാണ് ചിത്രത്തിൻ്റെ ദൈർഘ്യം.രാഹുൽ സദാശിവനാണ് കഥ എഴുതിയിരിക്കുന്നത് .സംഭാഷണങ്ങൾ നോവലിസ്റ്റ് ടി ഡി രാമകൃഷ്ണൻ്റേതാണ്.
   പതിനേഴാം നൂറ്റാണ്ടിലെ ദക്ഷിണ മലബാറാണ് ഭ്രമയുഗത്തിൻ്റെ പശ്ചാത്തലം. പറങ്കികൾ നാടു കൊള്ളയടിക്കാൻ  ചുറ്റി നടക്കുന്ന കാലം. പുഴ കടക്കാനാവാതെ കാട്ടിൽ കുടുങ്ങിപ്പോയതാണ് തേവൻ എന്ന പാണനും കൂട്ടുകാരൻ കോരനും (മണികണ്ഠൻ ആചാരി). കാട്ടിൽ എന്തിൻ്റെയോ അഭൗമിക സാന്നിധ്യം തിരിച്ചറിഞ്ഞ കോരനെ യക്ഷി കൊണ്ടു പോകുന്നു.
അലഞ്ഞു തിരിഞ്ഞ് അവശനായ പാണൻ പടിപ്പുര കടന്ന് എത്തുന്നത് കൊടുമൺ പോറ്റിയുടെ മനയിലാണ്. കാലപ്പഴക്കത്താൽ നാശോന്മുഖമാണ് മന. വൃത്തിയും വെടിപ്പുമില്ലാതെ ചുറ്റും കാടും പുല്ലും പിടിച്ചു കിടക്കുന്ന ഒരിടം. മഹാമാന്ത്രികനും ത്രികാല ജ്ഞാനിയുമായ കൊടുമൺ പോറ്റിയും വെപ്പുകാരനും മാത്രമാണ് മനയിലെ അന്തേവാസികൾ.
  ജന്മം കൊണ്ടല്ല കർമ്മം കൊണ്ടാണ് ബ്രാഹ്മണനാകുന്നതെന്നാണ് കൊടുമൺ പോറ്റിയുടെ വിശ്വാസം. സർവ്വാധികാരിയാണ് പോറ്റി. തന്നെ ആരും ചോദ്യം ചെയ്യാൻ പാടില്ല എന്നാണ് നിലപാട്. വിശന്നു വലഞ്ഞ് അഭയം തേടിയെത്തിയ പാണന് പോറ്റി വയറു നിറയെ ഭക്ഷണം നൽകി. മുമ്പ് കോലോത്തെ  തമ്പുരാക്കന്മാരെ പാട്ടു പാടി ഉറക്കിയ  പരിചയമുണ്ട് പാണന്. തന്നെ പാട്ടു പാടി സന്തോഷിപ്പിച്ച് ഒപ്പം കൂടാൻ പോറ്റി പാണനെ നിർബ്ബന്ധിക്കുന്നു. പോറ്റിയുടെ അധികാര ഗർവ്വിനു മുമ്പിൽ വിധേയനായി മാറുകയാണ് പാണൻ.
 വരാഹി ദേവിയെ പ്രീതിപ്പെടുത്തിയവരാണ്  പോറ്റിയുടെ മുൻ തലമുറക്കാർ.സംപ്രീതയായ  ദേവി കുടുംബത്തിന്  ചാത്തൻ്റെ സേവനം വിട്ടു നൽകിയിരുന്നു. മനയിൽ ഒന്നും പുറമെ കാണുന്ന പോലെയല്ല എന്ന് പാണന് ക്രമേണ മനസ്സിലാകുന്നു.
നിഗൂഡതകൾ ഒളിപ്പിച്ചു വെച്ച ഇരുണ്ട ലോകമാണ് മന. ഔദാര്യനിധിയെന്നു കരുതിയ പോറ്റി മാംസാഹാരിയും മദ്യപാനിയും ചതിയുടെ അവതാരവുമാണ്. സമയം പണയം വെച്ച് കളിച്ച പാണനെ കള്ളച്ചൂതിൽ തോൽപ്പിച്ച് പോറ്റി മനയിൽ കുടുക്കുന്നു. അവിടെ നിന്നും പടിപ്പുര കടന്ന് രക്ഷപെടുക എന്നത് ഒരു സാധ്യതയെ അല്ല.
 മനയിൽ ചങ്ങലക്കിലുക്കങ്ങളും മെതിയടി ഒച്ചകളും മുഴങ്ങുന്ന അനേകം ഇരുട്ടറകളുണ്ട് ഒരിക്കലും കെടാത്ത നിലവിളക്കു കത്തുന്ന മുറിയുണ്ട്. പ്രവേശിക്കാൻ പാടില്ലാത്ത ഇടങ്ങളും  പോകാൻ പാടില്ലാത്ത ദിശകളുമുണ്ട്.ചാത്തനും യക്ഷിയുമെല്ലാം പോറ്റിയുടെ ആകർഷണ വലയത്തിലാണ്. മനയിലെത്തുന്ന അതിഥികളെല്ലാം പോറ്റിയുടെ പകിട കളിയിലെ കരുക്കളാണെന്നും ആവശ്യം കഴിഞ്ഞാൽ നശിപ്പിക്കപ്പെടുമെന്നും പാണൻ മനസ്സിലാക്കുന്നു.
ഒന്നാം പകുതിയിൽ മനയിലെ ഇരുട്ടറകളിൽ പാണനൊപ്പം പ്രേക്ഷകരും കുടുങ്ങിപ്പോകും.മനയിലെ നിഗൂഡതകളിലേക്കാണ് ആദ്യ പകുതി പ്രേക്ഷകനെ കൊണ്ടു പോകുന്നതെങ്കിൽ രണ്ടാം പകുതി പാണൻ്റെ അതിജീവന ശ്രമങ്ങളാണ്. അന്യൻ്റെ സമയവും സ്വാതന്ത്ര്യവും പണയം മേടിച്ച് കള്ളച്ചൂതു  കളിക്കുന്ന കൊടുമൺ പോറ്റി യഥാർത്ഥത്തിൽ ആരാണ്?പുറമെ വിധേയത്വം പ്രകടിപ്പിക്കുമ്പോഴും ഉള്ളിൽ രോഷവും പകയും പ്രതികാരവും ഒളിപ്പിച്ചു വെച്ച പാചകക്കാരൻ്റെ ലക്ഷ്യം എന്താണ്? ഈ ചോദ്യങ്ങൾക്കുള്ള ഉത്തരം രണ്ടാം പകുതി നൽകും.
മമ്മൂട്ടിയുടെ ഭ്രമയുഗം ഇന്ന് പ്രദർശനത്തിന് എത്തും – Malayalam Express
ദുർമ്മന്ത്രവാദം, ചാത്തൻ, യക്ഷി, മന്ത്രമോതിരം, കെടാവിളക്ക് തുടങ്ങിയ മിത്തോളജിക്കൽ സങ്കല്പങ്ങളും ഫാൻ്റസി യും സംവിധായകൻ വളരെ ഫലപ്രദമായി ഉപയോഗിച്ചിട്ടുണ്ട്. ടി ഡി രാമകൃഷ്ണൻ്റെ സംഭാഷണങ്ങൾ ലളിതമാണെങ്കിലും ശക്തമാണ്. ദൈവം, വിധി,സമയം, കാലം, മരണം, അധികാരം, വിധേയത്വം, സ്വാതന്ത്ര്യം ,അതീന്ദ്രിയ ജ്ഞാനം തുടങ്ങി ഒട്ടേറെ ദാർശനിക വിഷയങ്ങൾ സംഭാഷണങ്ങളിൽ കടന്നു വരുന്നുണ്ട്.
ദൈവവും വിശ്വാസവുമല്ല, വിധിയാണ് എല്ലാം തീരുമാനിക്കുന്നത്. മരണം എല്ലാത്തിൻ്റെയും അവസാനമാണ്. അധികാരസ്ഥാനങ്ങളിലുള്ളവർ എക്കാലത്തും സൗജന്യങ്ങളുടെ  അപ്പക്കഷണങ്ങൾ എറിഞ്ഞു കൊടുത്ത് സാധാരണക്കാരനെ  വരുതിയിലാക്കുന്നത് എങ്ങനെയെന്നതിൻ്റെ ഉദാഹരണം ചിത്രത്തിൽ കാണാം. വിധേയനിൽ മമ്മൂട്ടി അവതരിപ്പിച്ച ഭാസ്ക്കര പട്ടേലരെപ്പോലെ അധികാര ഗർവ്വിൻ്റെ ആൾരൂപമാണ് ഭ്രമയുഗത്തിലെ കൊടുമൺ പോറ്റിയും.
 വിധേയനിലെ അധികാര പ്രമത്തനായ ഭാസ്ക്കര പട്ടേലരെയും അഥർവ്വത്തിലെ മാന്ത്രികനായ തേവള്ളി അനന്തപത്മനാഭനെയും മറികടക്കുന്നതാണ് ഭ്രമയുഗത്തിൽ  മമ്മൂട്ടിയുടെ കൊടുമൺ പോറ്റിയായുള്ള മമ്മൂട്ടിയുടെ പ്രകടനം.പോറ്റിയെ പ്രേക്ഷക ഹൃദയത്തിൽ കൊരുത്തിടാൻ സർവ്വകഴിവും പുറത്തെടുത്തിട്ടുണ്ട് മമ്മൂട്ടി.അർജുൻ അശോകൻ്റെ പാണൻ്റെ മുഖത്തിൻ്റെ ക്ലോസ് അപ് ഷോട്ടുകൾ തുടരെ കാണിക്കുന്നതിനു പകരം മമ്മൂട്ടിയുടെ പോറ്റിയെ കൂടുതൽ  ഷോട്ടുകളിൽ കാണിച്ചിരുന്നെങ്കിൽ കുറെക്കൂടി നന്നാവുമായിരുന്നു.
പോറ്റിയുടെ കറപിടിച്ച പല്ലുകൾ കാട്ടിയുള്ള പൈശാചികവും വന്യവുമായ  കൊലച്ചിരിയും അട്ടഹാസവും സൂക്ഷ്മതലങ്ങളുള്ള ദുർന്നോട്ടവുമെല്ലാം മമ്മൂട്ടി ഉജ്വലമാക്കി. പോറ്റിയുടെ കെണിയിൽ നിന്നും എങ്ങനെയും രക്ഷപെടാൻ  ശ്രമിക്കുന്ന സാധാരണക്കാരനായ പാണനായി അർജുൻ അശോകൻ മമ്മൂട്ടിയോട് മത്സരിച്ച് അഭിനയിച്ചു. സിദ്ധാർത്ഥ് ഭരതൻ്റെ അഭിനയ ജീവിതത്തിലെ ഇതു വരെയുള്ളതിൽ ഏറ്റവും മികച്ച വേഷമാണ് ഭ്രമയുഗത്തിലെ പാചകക്കാരൻ. അമൽഡ ലിസിൻ്റെ യക്ഷിക്ക് വശ്യതയുണ്ട്.
  നിറക്കൂട്ടുകളില്ലാതെ ബ്ലാക്ക് ആൻഡ് വൈറ്റിൽ മനയുടെ ഉള്ളിലെ നിഗൂഡതകൾ ഒപ്പായെടുത്ത ഷെഹനാദ് ജലാലിൻ്റെ ഛായാഗ്രഹണം ശ്ലാഘനീയമാണ്. പ്രത്യേകിച്ചും പാണനും പാചകക്കാരനും മനക്കുള്ളിേലെ ഇരുട്ടറകളിൽ കുടുങ്ങിയ രണ്ടാം പകുതിയിലെ അവസാന ഭാഗങ്ങൾ. മമ്മുട്ടിക്കുള്ള എസ് ജോർജ്ജിൻ്റെ മേക്കപ്പും മികച്ചതാണ്.
ക്രിസ്റ്റോ സേവിയറിൻ്റെ പശ്ചാത്തല സംഗീതവും ഷഫീഖ് മൊഹമ്മദ് അലിയുടെ എഡിറ്റിംഗും ഭ്രമ ലോകത്തിൻ്റെ നിഗൂഡതകളിലേക്ക് പ്രേക്ഷകനെ വലിച്ചെടുക്കും. ഭ്രമയുഗത്തിലെ മനയ്ക്കുള്ളിൽ പ്രേക്ഷകനെ ആദ്യാവസാനം കുടുക്കിയിടുന്നതിൽ ജോതിഷ് ശങ്കറിൻ്റെ പ്രൊഡക്ഷൻ ഡിസൈനും വിജയിച്ചു.
ചിരിയിൽ ഒളിപ്പിച്ച നിഗൂഢത! ഭ്രമയുഗം ടീസർ എത്തി - Mammootty staring malayalam teaser of Bramayugam released - Malayalam News
————————————————
(കേരള കാർഷിക സർവ്വകലാശാലയുടെ തൃശൂർ വെളളാനിക്കര കാർഷിക കോളേജ് മുൻ പ്രൊഫസറാണ് ലേഖകൻ)
കൂടുതല്‍ വാര്‍ത്തകള്‍ക്കായി
http://www.newsboardindia.com
സന്ദര്‍ശിക്കുക