സിദ്ധാര്‍ഥന്റെ മരണം: കുറ്റപത്രം സമര്‍പ്പിച്ച്‌ സിബിഐ

കൊച്ചി: വെറ്ററിനറി സര്‍വകലാശാലയുടെ വയനാട് പൂക്കോട് ക്യാമ്പസിലെ വിദ്യാർഥി ജെ.എസ്.സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട് സിബിഐ പ്രാഥമിക കുറ്റപത്രം ഹൈക്കോടതിയില്‍ സമർപ്പിച്ചു.

എസ് എഫ് ഐ നേതാക്കളായ പ്രതികളുടെ ജാമ്യാപേക്ഷ പരിഗണിക്കുന്നതിനിടെയാണ് സിബിഐ കുറ്റപത്രം ഹാജരാക്കിയത്. കുറ്റപത്രത്തിന്റെ പകര്‍പ്പ് പ്രതികള്‍ക്ക് നല്‍കാനും ജസ്റ്റിസ് സി.പ്രതീപ് കുമാർ നിർദേശിച്ചു. ജാമ്യഹർജിയില്‍ വെള്ളിയാഴ്ച വാദം കേള്‍ക്കും.

മരണവുമായി ബന്ധപ്പെട്ട് 20 വിദ്യാർഥികളെയാണ് ഇതുവരെ അറസ്റ് ചെയ്തത്. ഇതില്‍ പത്തോളം വിദ്യാര്‍ഥികളാണ് ജാമ്യത്തിനായി ഹൈക്കോടതിയെ സമീപിച്ചത്. കഴിഞ്ഞ തവണ കേസ് പരിഗണിച്ചപ്പോള്‍ പ്രാഥമിക കുറ്റപത്രം ഹാജരാക്കാൻ സിബിഐക്ക് കോടതി നിർദേശം നല്‍കിയിരുന്നു.

ജാമ്യഹര്‍ജിയെ സിബിഐ അന്ന് എതിർക്കുകയും ചെയ്തിരുന്നു. ഗുരുതരമായ കുറ്റകൃത്യമാണ് നടന്നിരിക്കുന്നത് എന്നാണ് സിബിഐ വാദിച്ചത്.

അതേസമയം, പ്രതികളുടെ ജാമ്യാപേക്ഷ നേരത്തെ സെഷൻസ് കോടതി തള്ളിയിരുന്നു. ഇതിനെതിരെയാണ് പ്രതികള്‍ ഹൈക്കോടതിയെ സമീപിച്ചത്. കഴിഞ്ഞ ഒരു മാസമായി തങ്ങള്‍ ജയിലിലാണെന്നും പഠനം തടസ്സപ്പെട്ടെന്നും വസ്തുതകള്‍ പരിഗണിക്കാതെയാണ് സെഷൻസ് കോടതി ജാമ്യാപേക്ഷ തള്ളിയതെന്നുമാണു വിദ്യാർഥികളുടെ വാദം.

2024 ഫെബ്രുവരി 18നാണ് സിദ്ധാർഥനെ ഹോസ്റ്റലിലെ കുളിമുറിയില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. പ്രതികള്‍ പരസ്യവിചാരണ നടത്തുകയും മർദിക്കുകയും ചെയ്തതിനെ തുടർന്ന് സിദ്ധാർഥൻ ആത്മഹത്യ ചെയ്യുകയായിരുന്നു എന്നാണ് കേസ്.