ഖലിസ്താന്‍ പണം വാങ്ങി: കെജ്‌രിവാളിന് എതിരെ എൻ ഐ എ വരുന്നു ?

ന്യൂഡല്‍ഹി: മുഖ്യമന്ത്രിഅരവിന്ദ് കെജ്‌രിവാൾ ഖലിസ്താന്‍ വിഘടനവാദി നേതാവ് ഗുര്‍പത്‌വന്ത് സിങ് പന്നൂനിന്റെ സംഘടനയില്‍നിന്ന് 134 കോടി രൂപ കൈപ്പറ്റിയെന്ന ആരോപണം ദേശീയ അന്വേഷണഏജന്‍സി (എന്‍.ഐ.എ.)യെ കൊണ്ട് അന്വേഷിപ്പിക്കണമെന്ന് ഡല്‍ഹി ലഫ്റ്റനന്റ് ഗവര്‍ണര്‍ വി.കെ. സക്‌സേന.

നിരോധിത സിഖ് സംഘടനയായ സിഖ്‌സ് ഫോര്‍ ജസ്റ്റിസില്‍നിന്ന് പണം കൈപ്പറ്റിയെന്നാണ് ആരോപണം.
വേള്‍ഡ് ഹിന്ദു ഫെഡറേഷന്റെ ദേശീയ ജനറല്‍ സെക്രട്ടറി അഷൂ മൊംഗിയ നല്‍കിയ പരാതി കേന്ദ്ര ആഭ്യന്തര സെക്രട്ടറിക്ക് കൈമാറിക്കൊണ്ടുള്ള കത്തിലാണ് എന്‍.ഐ.എ. അന്വേഷണത്തിന് ഗവര്‍ണര്‍ നിര്‍ദേശിച്ചിട്ടുള്ളത്.

2014 മുതല്‍ 2022 വരെയുള്ള കാലത്ത് വിദേശത്തുള്ള ഖലിസ്താന്‍ സംഘടനകളില്‍നിന്ന് ആം ആദ്മി പാര്‍ട്ടി പണം സ്വീകരിച്ചുവെന്ന് ആരോപിച്ച് സിഖ്‌സ് ഫോര്‍ ജസ്റ്റിസ് തലവന്‍ പന്നൂന്‍ വീഡിയോസന്ദേശം പുറത്തുവിട്ടിരുന്നു. ഇതടക്കം ലഫ്റ്റനന്റ് ഗവര്‍ണര്‍ക്കുള്ള പരാതിക്കൊപ്പം ചേര്‍ത്തിരുന്നു.

1993-ലെ ഡല്‍ഹി ബോംബ് സ്‌ഫോടനക്കേസില്‍ അറസ്റ്റിലായി ജയിലില്‍ക്കഴിയുന്ന ഖലിസ്താന്‍ ഭീകരവാദി ദേവീന്ദര്‍പാര്‍ സിങ് ഭുള്ളറെ മോചിപ്പിക്കാമെന്ന് കെജ്‌രിവാള്‍ ഉറപ്പുകൊടുത്തെന്നും പന്നൂന്‍ വീഡിയോയില്‍ പറയുന്നുണ്ട്.

മുന്‍ എ.എ.പി. പ്രവര്‍ത്തകനായ ഡോ. മുനിഷ് കുമാര്‍ സിങ് റെയ്‌സാദയുടെ എക്‌സ് പോസ്റ്റും പാരാതിക്കൊപ്പമുണ്ടായിരുന്നു. ന്യൂയോര്‍ക്കില്‍വെച്ച് കെജ്‌രിവാളും സിഖ് നേതാക്കളും ചര്‍ച്ച നടത്തിയെന്ന് അവകാശപ്പെടുന്ന ചിത്രങ്ങളുള്ള പോസ്റ്റാണിത്.

ഭുള്ളറിന്റെ മോചനത്തിനായി സര്‍ക്കാര്‍ ഇടപെട്ടുവെന്ന് കാണിച്ച്, ജന്തര്‍മന്തറില്‍ സമരമിരുന്ന ഇക്ബാല്‍ സിങ്ങിന് കെജ്‌രിവാള്‍ നല്‍കിയെന്ന് അവകാശപ്പെടുന്ന കത്തും ഇതിനൊപ്പമുണ്ടായിരുന്നു. ഇതടക്കം ലഫ്റ്റനന്റ് ഗവര്‍ണര്‍ കേന്ദ്ര ആഭ്യന്തരമന്ത്രാലയ സെക്രട്ടറിക്ക് കൈമാറിയിട്ടുണ്ട്.