വിദ്വേഷ പ്രസംഗം: മോദിയോട് വിശദീകരണം ചോദിച്ച് കമ്മീഷൻ

ന്യൂഡൽഹി: രാജസ്ഥാനിൽ മുസ്ലിം മത വിശ്വാസികൾക്ക് എതിരെ നടത്തിയ പരാമർശം സംബന്ധിച്ച് തിരഞ്ഞെടുപ്പ് കമ്മീഷൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയോട് വിശദീകരണം ആവശ്യപ്പെട്ടു.

29 ന് രാവിലെ 11 മണിക്കുള്ളിൽ മറുപടി നൽകണമെന്നാണ് കമ്മീഷൻ നോട്ടീസിൽ ആവശ്യപ്പെടുന്നത്. കോൺഗ്രസ് അടക്കം നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടി.

രാജ്യത്തിന്‍റെ സമ്പത്ത് കോണ്‍ഗ്രസ് മുസ്ലിംങ്ങള്‍ക്ക് നല്‍കുമെന്ന പ്രധാനമന്ത്രിയുടെ വിവാദ പ്രസംഗത്തിന്‍റെ ദൃശ്യങ്ങളും ഉള്ളടക്കം എഴുതി നല്‍കാനും തെരഞ്ഞെടുപ്പ് കമ്മീഷന്‍ കഴിഞ്ഞ ദിവസം ആവശ്യപ്പെട്ടിരുന്നു. പെരുമാറ്റ ചട്ട ലംഘനം തെളിഞ്ഞാല്‍ സാധാരണ നിലക്ക് താക്കീത് നല്‍കാം, പ്രചാരണത്തില്‍ നിന്ന് വിലക്കുകയും ചെയ്യാം.

അതിനിടെ വിദ്വേഷ പ്രസംഗത്തിൽ മോദിക്കെതിരെ തെരഞ്ഞെടുപ്പ് കമ്മീഷൻ നടപടി വൈകുന്നതിൽ പ്രതിപക്ഷ പ്രതിഷേധം ശക്തമാണ്. കമ്മീഷനെ വീണ്ടും സമീപിക്കാൻ കോൺഗ്രസ് ആലോചിക്കുന്നുണ്ട്. മോദിയുടെ കാര്യം വരുമ്പോൾ കമ്മീഷന്റെ നട്ടെല്ല് വളയുന്നുവെന്ന് പ്രതിപക്ഷം ആരോപിക്കുന്നു.

വിദ്വേഷ പ്രസംഗത്തിൽ മോദിക്കെതിരെ നടപടിയാവശ്യപ്പെട്ട് ഗുജറാത്തി പ്രവാസികൾ രംഗത്ത് വന്നിട്ടുണ്ട്. അമേരിക്കയിലുള്ള ഒരു സംഘം ഗുജറാത്തികൾ ഇതിനായി പ്രചാരണം തുടങ്ങി. പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ നടപടി ആവശ്യപ്പെട്ട് ഒരു ലക്ഷം ഇ-മെയിലുകൾ തെരഞ്ഞെടുപ്പ് കമ്മീഷന് അയക്കാനാണ് തീരുമാനം.

കോൺഗ്രസിന്‍റെ പ്രകടനപത്രിക മുസ്ലിം പ്രകടനപത്രികയെന്ന മോദിയുടെ പരാമർശവുമായി ബന്ധപ്പെട്ട് ബിജെപിക്കെതിരെ ബെംഗളൂരു പൊലീസ് കേസെടുത്തിട്ടുണ്ട്.

തെരഞ്ഞെടുപ്പ് കമ്മീഷന്‍റെ നിർദേശ പ്രകാരമാണ് ബെംഗളുരു മല്ലേശ്വരം പൊലീസ് കേസെടുത്തിരിക്കുന്നത്. പ്രധാനമന്ത്രി നരേന്ദ്രമോദി നടത്തിയ വർഗീയ പരാമർശം ബിജെപിയുടെ എക്സ് ഹാൻഡിൽ ട്വീറ്റ് ചെയ്തതിനാണ് കേസ്. മതവിഭാഗങ്ങൾക്കിടയിൽ വിദ്വേഷം പ്രചരിപ്പിക്കാൻ ശ്രമിച്ചെന്ന വകുപ്പുകൾ ചുമത്തിയാണ് കേസ് രജിസ്റ്റര്‍ ചെയ്തത്. ആര്‍ പി ആക്ട് 125ാം വകുപ്പ് ഐപിസി 153ാം വകുപ്പുകൾ ചുമത്തിയിട്ടുണ്ട്.