ബ്രിട്ടണിലേയ്ക്ക് അനധികൃത കുടിയേററം കുറഞ്ഞു

ലണ്ടൻ: കുടിയേറ്റ നിയന്ത്രണങ്ങള്‍ കടുപ്പിച്ചതോടെ ബ്രിട്ടണിൽ എത്തുന്ന വിദേശ ജോലിക്കാരുടെയും, വിദ്യാര്‍ത്ഥികളുടെയും ഒഴുക്ക് കുറഞ്ഞു.

വിദ്യാര്‍ത്ഥികളുടെ ബന്ധുക്കളെ കൊണ്ടുവരുന്നതിന് ഏർപ്പെടുത്തിയ നിയന്ത്രണമാണ് ഇതിനു കാരണം. കുടിയേറ്റത്തിന് നിയന്ത്രണം ഏര്‍പ്പെടുത്തിയ സര്‍ക്കാര്‍ നടപടികള്‍ ഫലം കണ്ടു തുടങ്ങിയതായാണ് പുതിയ കണക്കുകള്‍ നല്‍കുന്ന സൂചനകള്‍.

വിസാ നിയന്ത്രണങ്ങള്‍ ഏർപ്പെടുത്തിയതിനു ശേഷം,വര്‍ഷത്തിലെ ആദ്യ മൂന്ന് മാസത്തില്‍ ബ്രിട്ടനിലെത്തുന്ന വിദേശ വിദ്യാര്‍ത്ഥികളുടെയും,ജോലിക്കാരുടെയും എണ്ണം താഴ്ന്നു.

ജനുവരി മുതല്‍ ഏപ്രില്‍ വരെയുള്ള മാസങ്ങളില്‍ സ്‌കില്‍ഡ് ജോലിക്കാർ ,വിദ്യാര്‍ത്ഥികള്‍,അവരുടെ കുടുംബങ്ങള്‍, ഹെല്‍ത്ത് വര്‍ക്കേഴ്സ് എന്നിവര്‍ക്കായി ആകെ 139,100 വിസകള്‍ മാത്രമാണ് അനുവദിച്ചത്.
2023 – ലെ ആദ്യ പാദത്തില്‍ 184,000 വിസകള്‍ നല്‍കിയ ഇടത്താണ് ഈ കുത്തനെയുള്ള ഇടിവ്.

വിദ്യാർത്ഥികളുടെ കുടുംബാംഗങ്ങള്‍ക്ക് 6700 വിസകള്‍ മാത്രമാണ് നല്‍കിയത്. കഴിഞ്ഞ വര്‍ഷത്തെ ആദ്യ മൂന്ന് മാസങ്ങളില്‍ ഇത് 32,900 ആയിരുന്നു. അനധികൃത കുടിയേറ്റക്കാര്‍ക്കെതിരെ ശക്തമായ നടപടിയുമായി പോലീസും രംഗത്തെത്തിയിരിക്കുകയാണ്.