വാഹനങ്ങളെ കാണുമ്പോള്‍ മൃഗങ്ങള്‍ ഹാപ്പിയായാണെന്ന് ഇപി ജയരാജന്‍

In Featured, Special Story
December 06, 2023

കൊച്ചി: വാഹനങ്ങളെ കാണുമ്പോള്‍ മൃഗങ്ങള്‍ ഹാപ്പിയായാണെന്ന് ഇപി ജയരാജന്‍. ഇപ്പോഴത്തെ കാലഘട്ടത്തില്‍ ശബ്ദമില്ലാത്ത വാഹനങ്ങളാണെന്നും പഴയതു പോലെ ഇരമ്പി വരുന്നവയില്ലെന്നും അതിനാല്‍ നിശബ്ദമായി സഞ്ചരിക്കുന്ന വാഹനങ്ങള്‍ വന്യമൃഗങ്ങള്‍ക്ക് സന്തോഷകരമാണെന്നുമായിരുന്നു പരാമര്‍ശം. വാഹനങ്ങള്‍ വരുമ്പോള്‍ റോഡരികിലേക്ക് വന്ന് മൃഗങ്ങള്‍ വാഹനങ്ങളെ വീക്ഷിക്കുന്ന സ്ഥിതിയുണ്ട്. ഒരു വന്യമൃഗത്തിനും വാഹനങ്ങള്‍ സഞ്ചരിക്കുന്നത് കൊണ്ട് ദോഷകരമായിട്ടുള്ള അനുഭവം ഉണ്ടായിട്ടില്ല. പിന്നെ എന്തിനാണ് രാത്രി യാത്ര നിരോധിക്കുന്നത്.

കര്‍ണാടകയില്‍ നിന്ന് കേരളത്തിലേക്ക് ചോളത്തണ്ട് കൊണ്ടുവരുന്നത് നിരോധിച്ച നടപടി പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് എല്‍.ഡി.എഫ് സംഘടിപ്പിച്ച മാര്‍ച്ച് ഉദ്ഘാടനം ചെയ്ത് സംസാരിക്കുമ്പോഴായിരുന്നു ഇ.പി ജയരാജന്‍ രാത്രിയാത്ര നിരോധനം സംബന്ധിച്ച പ്രശ്നങ്ങള്‍ ചൂണ്ടിക്കാട്ടിയത്. 

യാത്ര നിരോധനം മൃഗങ്ങള്‍ക്കല്ല. അത് ജനങ്ങള്‍ക്ക് എതിരായിട്ടുള്ളതാണ്. ആയതിനാല്‍ കര്‍ണാടക സര്‍ക്കാര്‍ തുടരെ തുടരെ എടുത്തുകൊണ്ടിരിക്കുന്ന ഇത്തരം നിലപാടുകള്‍ പുനഃപരിശോധിക്കണമെന്നും ഇപി ജയരാജന്‍ ആവശ്യപ്പെട്ടു. 

ദേശീയപാത 766ലെ രാത്രിയാത്ര നിരോധനത്തില്‍ രാഹുല്‍ ഗാന്ധി എംപി ഇടപെടണം. രാഹുല്‍ ഗാന്ധി വയനാട്ടിലെ എംപിയാണ്. അദ്ദേഹത്തിന്റെ പാര്‍ട്ടിക്കാര്‍ തന്നെയാണ് കര്‍ണാടക ഭരിക്കുന്നത്. ഈ നിലവെച്ചുകൊണ്ട് പ്രശ്നങ്ങള്‍ പരിഹരിക്കാനുള്ള നടപടി ഉണ്ടാകണമെന്നും അതാണ് ജനങ്ങള്‍ ആഗ്രഹിക്കുന്നതെന്നും ഇ.പി. ജയരാജന്‍ പറഞ്ഞു.

വയനാട്ടിലെ ക്ഷീരകര്‍ഷകര്‍ കാലിത്തീറ്റക്കായി കര്‍ണാടകയില്‍ നിന്നും ചോളത്തണ്ട് കൊണ്ടുവരുന്നത് നിരോധിച്ച നടപടി പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ടായിരുന്നു എല്‍ഡിഎഫ് മാര്‍ച്ച് നടത്തിയത്.