ഓങ് സാന്‍ സൂ ചിയ്ക്ക് മാപ്പു നല്‍കി മ്യാന്മര്‍ ഭരണകൂടം

യാങ്കൂണ്‍: മ്യാന്‍മറില്‍ പട്ടാളം പുറത്താക്കിയ മുന്‍ഭരണാധികാരി ഓങ് സാന്‍ സൂ ചിയ്ക്ക് മാപ്പു നല്‍കി മ്യാന്മര്‍ ഭരണകൂടം. ബുദ്ധമത ആഘോഷങ്ങളുടെ ഭാഗമായി 7000 തടവുകാര്‍ക്ക് പൊതുമാപ്പു നല്‍കുന്നതിന്റെ ഭാഗമായാണ് സൂ ചിയ്ക്കും മാപ്പു നല്‍കുന്നതെന്നാണ് റിപ്പോര്‍ട്ട്. ഇതോടെ സൂ ചിയുടെ ശിക്ഷാ കാലാവധി ആറ് വര്‍ഷം കുറയും.

33 വര്‍ഷം വരെ തടവു ലഭിക്കാവുന്ന 19 കുറ്റകൃത്യങ്ങളില്‍ അഞ്ചൈണ്ണത്തിനാണ് മാപ്പ് നല്‍കിയത്. എന്നാല്‍ 14 ക്രിമിനില്‍ കേസുകള്‍ സൂ ചിക്കെതിരെ നിലനില്‍ക്കുമെന്നതിനാല്‍ വീട്ടു തടങ്കലില്‍ തന്നെ തുടരുമെന്നാണ് റിപ്പോര്‍ട്ട്. സൂ ചിയുടെ കൂട്ടാളിയും അവരുടെ ഭരണകാലത്ത് പ്രസിഡന്റായി സേവനമനുഷ്ഠിക്കുകയും ചെയ്ത വിന്‍ മിന്റിനും മാപ്പു നല്‍കും.

സൂ ചിയുടെ കൂട്ടാളിയും സൂ ചിയുടെ ഭരണ സമയത്ത് രാജ്യത്തിന്റെ പ്രസിഡന്റായി സേവനമനുഷ്ഠിച്ച വിന്‍ മിന്റിനും മാപ്പു നല്‍കുമെന്നും പട്ടാള ഭരണകൂടം അറിയിച്ചു.

വിവിധ അഴിമതിക്കേസുകളില്‍ കുറ്റക്കാരിയെന്ന് കണ്ടെത്തിയതിനെത്തുടര്‍ന്നായിരുന്നു ശിക്ഷ. 2020 നവംബറിലെ തിരഞ്ഞെടുപ്പില്‍ തന്റെ പാര്‍ട്ടിയായ നാഷണല്‍ ലീഗ് ഫോര്‍ ഡെമോക്രസിയുടെ ജയത്തിനുവേണ്ടി ക്രമക്കേട് നടത്തിയെന്ന ആരോപണത്തിലും സൂചിക്കെതിരെ ശിക്ഷ വിധിച്ചിരുന്നു. എന്നാല്‍ തനിക്ക് മേല്‍ ആരോപിക്കപ്പെട്ട എല്ലാ കുറ്റങ്ങളും സൂചി നിഷേധിച്ചിരുന്നു.