ആറാട്ടിനാനകള്‍ എഴുന്നള്ളി

സതീഷ് കുമാര്‍ വിശാഖപട്ടണം

എത്രകണ്ടാലും മതിവരാത്ത ചില കാഴ്ച്ചകള്‍ ഉണ്ട് ഈ ഭൂമിയില്‍ …
ഒന്ന് കടല്‍,
മറ്റൊന്ന് ആന …
കാട്ടുമൃഗമാണെങ്കിലും മലയാളികളെ സംബന്ധിച്ചിടത്തോളം ആന ഒരു നാട്ടുമൃഗം തന്നെയാണ്. പൂരങ്ങളുടേയും ഉത്സവങ്ങളുടേയും നാടായ കേരളത്തില്‍ ആനകളില്ലാത്ത എഴുന്നള്ളിപ്പ് മലയാളികള്‍ക്ക് സങ്കല്‍പ്പിക്കാന്‍ പോലും കഴിയില്ല. ഭൂമിയിലെ ദേവസംഗമം എന്നറിയപ്പെട്ടിരുന്ന തൃശ്ശൂര്‍ ജില്ലയിലെ ആറാട്ടുപുഴ പൂരത്തിന് ഒരുകാലത്ത് 101 ആനകള്‍ വരെ അണിനിരന്നിരുന്നുവെന്ന് കേട്ടിട്ടുണ്ട്.

 

കൂപ്പുകളില്‍ കൂറ്റന്‍ മരത്തടികള്‍ പിടിക്കുവാന്‍ നിസ്സാരനായ മനുഷ്യന്‍ ഇപ്പോഴും ആനകളെ തന്നെയാണ് ആശ്രയിക്കുന്നത്. മുറ്റത്ത് ഒരു കൊമ്പനാനയെ തളച്ചിരുന്നതാണ് ഒരുകാലത്ത് കേരളത്തിലെ ജന്മി കുടുംബങ്ങളുടെ അന്തസ്സിന്റേയും ആഭിജാത്യത്തിന്റേയും കൊടിയടയാളം …
കരയിലെ ഏറ്റവും വലിയ ജീവിയായ ആന കേരളം, കര്‍ണ്ണാടക, ഒറീസ, ഝാര്‍ഖണ്ഡ് തുടങ്ങിയ നാല് സംസ്ഥാനങ്ങളുടെ ഔദ്യോഗിക മൃഗമാണ് ……
ബി എസ് പി ,ആസാം ഗണപരിഷത്ത്
തുടങ്ങിയ രാഷ്ട്രീയ പാര്‍ട്ടികളുടെ ചിഹ്നവും ആന തന്നെയാണ്. കേരളത്തില്‍ കോടനാടാണ് ആനപിടുത്ത കേന്ദ്രവും ആന പരിശീലന കേന്ദ്രവുമുള്ളത് . ലോകത്ത് ഏറ്റവും കൂടുതല്‍ ആനകള്‍ ഉള്ളത്
ടാന്‍സാനിയായിലാണത്രേ …
ഒരുകാലത്ത് ഹിന്ദി സിനിമയിലെ സൂപ്പര്‍ താരമായിരുന്ന രാജേഷ് ഖന്ന അഭിനയിച്ച
‘ഹാത്തി മേരെ സാത്തി ‘ എന്ന ചലച്ചിത്രം ഒരു ആനയും മനുഷ്യനും തമ്മിലുള്ള അപൂര്‍വ സ്‌നേഹ ബന്ധത്തിന്റെ കഥയായിരുന്നു.

 

ഈ ചലച്ചിത്രം എം ജി ആര്‍ തമിഴില്‍
‘നല്ലനേരം ‘എന്ന പേരില്‍ നിര്‍മ്മിക്കുകയും വന്‍ വിജയം നേടുകയുമുണ്ടായി…
മധു സംവിധാനം ചെയ്ത സിന്ദൂരച്ചെപ്പ്, ശ്രീകുമാരന്‍ തമ്പി സംവിധാനം ചെയ്ത ആനയ്‌ക്കൊരുമ്മ, പി. ചന്ദ്രകുമാര്‍ സംവിധാനം ചെയ്ത ആന ,
പി സുബ്രഹ്മണ്യം സംവിധാനം ചെയ്ത ആന വളര്‍ത്തിയ വാനമ്പാടി, വാനമ്പാടിയുടെ മകന്‍, പി ജി വിശ്വംഭരന്റെ ഗജകേസരിയോഗം എന്നീ ചലച്ചിത്രങ്ങളിലും ആനകള്‍ പ്രധാന കഥാപാത്രങ്ങള്‍ ആണ്.
കേരളത്തില്‍ പത്തനംതിട്ട ജില്ലയിലെ കോന്നി, ഗവി തുടങ്ങിയ സ്ഥലങ്ങളില്‍ ആനയുടെ സമ്പൂര്‍ണ്ണ അസ്ഥികൂടങ്ങള്‍ പ്രദര്‍ശിപ്പിച്ചിട്ടുണ്ട്. എന്തൊക്കെയായാലും ആനയും അമ്പാരിയുമൊക്കെ മലയാളിയുടെ പ്രൗഢിയുടേയും ആഘോഷങ്ങളുടേയും ദൃശ്യബിംബങ്ങളാണെന്ന കാര്യത്തില്‍ യാതൊരു സംശയവുമില്ല.

നെറ്റിപ്പട്ടം ,ആലവട്ടം, വെണ്‍ചാമരം തുടങ്ങിയ ആനച്ചമയങ്ങള്‍ ഇന്ന് കേരളത്തിലെ എല്ലാ ഭവനങ്ങളിലും അലങ്കാര വസ്തുക്കളായി എത്തിച്ചേര്‍ന്നിരിക്കുന്നു ….
പുതൂര്‍ ഉണ്ണികൃഷ്ണന്‍ എഴുതിയ ‘ആനപ്പക ‘ എന്ന നോവലും മഞ്ഞിലാസിന്റെ ബാനറില്‍ ഭരതന്‍ ചലച്ചിത്രമാക്കിയ
‘ഗുരുവായൂര്‍ കേശവന്‍ ‘ എന്ന ചലച്ചിത്രവുമെല്ലാം ആനയും മലയാളിയും തമ്മിലുള്ള ആത്മബന്ധത്തിന്റെ നേര്‍ക്കാഴ്ചകളാണ്.
ഇന്ത്യയില്‍ ഒരു ആനയ്ക്ക് വേണ്ടിയുള്ള സ്മാരകമുയര്‍ന്നതും ‘ഗുരുവായൂര്‍ കേശവന്‍ ‘ എന്ന പേരില്‍ ഒരു ആനയുടെ കഥ ചലച്ചിത്രമാക്കപ്പെട്ടതുമെല്ലാം
ആന എന്ന വന്യജീവി നമ്മുടെ സാംസ്‌ക്കാരിക മണ്ഡലത്തില്‍ എത്രമാത്രം സ്വാധീനം ചെലുത്തുന്നു എന്നുള്ളതിന്റെ ദൃഷ്ടാന്തമാണ്. .ഇങ്ങനെ മലയാളിയുടെ കലാസാഹിത്യ സംസ്‌ക്കാരിക മേഖലകളിലെല്ലാം ആനയും ആനച്ചന്തവുമൊക്കെ നിറഞ്ഞുനില്ക്കുന്നതു കൊണ്ടായിരിക്കണം നമ്മുടെ പ്രിയപ്പെട്ട പല ചലച്ചിത്രഗാനങ്ങളിലും ആനയുടെ നിറസാന്നിധ്യം അനുഭവപ്പെടുന്നത് .

 

‘ആറാട്ടിനാനകള്‍ എഴുന്നള്ളി ആനന്ദസമുദ്രം തിരതല്ലി …
(ശാസ്ത്രം ജയിച്ചു മനുഷ്യന്‍ തോറ്റു )

‘കിഴക്കു കിഴക്കൊരാന പൊന്നണിഞ്ഞു നില്‍ക്കണ്… (ത്രിവേണി )
‘ഏഴരപ്പൊന്നാനപ്പുറത്തെഴുന്നള്ളും ഏറ്റുമാനൂരപ്പാ …
( അക്കരപ്പച്ച)
‘ആന കൊടുത്താലും കിളിയെ ആശ കൊടുക്കാമോ …
(ഒരു പൈങ്കിളികഥ) ‘ആനയ്‌ക്കെടുപ്പതേ പൊന്നുണ്ടേ… (ധനം )
‘പിടിയാന പിടിയാന
മദയാന മദയാന … ( തുറുപ്പുഗുലാന്‍ )
‘ആനത്തലയോളം വെണ്ണ
തരാമെടാ ആനന്ദശ്രീകൃഷ്ണാ
വാ മുറുക്ക് …..’
( ജീവിതനൗക )
തുടങ്ങിയ പ്രിയ ചലച്ചിത്ര ഗാനങ്ങളെല്ലാം തന്നെ മലയാളിയുടെ ആത്മഗാനങ്ങളാണെന്ന കാര്യത്തില്‍ യാതൊരു സംശയവുമില്ല. ആനകളെക്കുറിച്ച് ഇത്രയും ചിന്തിക്കുവാന്‍ കാരണം ഇന്ന് ഒക്ടോബര്‍ 4 ….
സംസ്ഥാന
ഗജദിനമായതുകൊണ്ടാണ് …


(സതീഷ് കുമാര്‍ വിശാഖപട്ടണം
പാട്ടോര്‍മ്മകള്‍ @ 365 )