December 12, 2024 8:12 pm

ചൈന മാപ്പ്: പ്രതിഷേധം പോര ശക്തമായ നടപടി വേണം

ന്യൂഡല്‍ഹി: ചൈനയ്ക്കെതിരെ ഇന്ത്യയ്ക്ക് കര്‍ശന നിലപാടു വേണമെന്ന ആവശ്യവുമായി കോണ്‍ഗ്രസ് നേതാവും തിരുവനന്തപുരം എംപിയുമായ ശശി തരൂര്‍ രംഗത്ത്. പ്രശ്‌നങ്ങളുണ്ടാകുമ്പോള്‍ ചൈനയെ പ്രതിഷേധം അറിയിച്ചതുകൊണ്ടു മാത്രം കാര്യമില്ലെന്ന് തരൂര്‍ അഭിപ്രായപ്പെട്ടു. ചൈനീസ് പാസ്‌പോര്‍ട്ടുള്ള ടിബറ്റുകാര്‍ക്ക് ഇനിമുതല്‍ സ്റ്റേപിള്‍ഡ് വീസ നല്‍കണം. തയ്വാനെയും ടിബറ്റിനെയും ചൈനയുടെ ഭാഗമായി അംഗീകരിക്കരുതെന്നും തരൂര്‍ ആവശ്യപ്പെട്ടു.

അരുണാചല്‍ പ്രദേശും അക്സായി ചിന്‍ മേഖലയും തങ്ങളുടെ പ്രദേശത്തിന്റെ ഭാഗമായി ഉള്‍പ്പെടുത്തി ചൈന പുറത്തിറക്കിയ 2023ലെ ഔദ്യോഗിക ഭൂപടത്തിനെതിരെ ഇന്ത്യ പ്രതിഷേധം അറിയിച്ചിരുന്നു. ഈ സാഹചര്യത്തിലാണ്, പ്രതിഷേധം അറിയിച്ചതുകൊണ്ടു മാത്രം കാര്യമില്ലെന്ന തരൂരിന്റെ പരാമര്‍ശം. ചൈനീസ് പ്രസിഡന്റ് ഷീ ജിന്‍പിങ് ജി20 ഉച്ചകോടിക്കായി ഇന്ത്യയിലെത്താനിരിക്കെയാണ് ഭൂപടം ഇറക്കി ചൈനയുടെ പ്രകോപനം.

”ഇതൊരു പുതിയ സംഭവമല്ല. 1950കളില്‍ത്തന്നെ ആരംഭിച്ചതാണ് ഇത്. ഇന്ത്യയുടെ ഭാഗമായ ചില മേഖലകള്‍ ഭൂപടത്തില്‍ ഉള്‍പ്പെടുത്തിയതുകൊണ്ട് എന്തെങ്കിലും മാറ്റം വരുമെന്ന് ഞാന്‍ കരുതുന്നില്ല. ഈ പ്രദേശങ്ങള്‍ ഇന്ത്യയുടെ ഭാഗം തന്നെയാണ്. നമ്മുടെ ഭൂപ്രദേശങ്ങള്‍ ഏതൊക്കെയാണെന്ന കാര്യത്തില്‍ നമുക്ക് വ്യക്തമായ ധാരണയുണ്ട്. നമ്മുടെ ഭൂപ്രദേശങ്ങള്‍ സംരക്ഷിക്കുന്നതിന് എന്തൊക്കെയാണു ചെയ്യേണ്ടതെന്ന കാര്യത്തില്‍ നമ്മുടെ സര്‍ക്കാരിനും കൃത്യമായ നിലപാടുണ്ട്. അതിര്‍ത്തിയിലേക്കു നോക്കിയാല്‍ അതു വ്യക്തമാകും. അക്കാര്യത്തില്‍ യാതൊരു സംശയത്തിനും ഇടമില്ലെന്നാണു ഞാന്‍ കരുതുന്നത്.

വെറുതെ ചില യുക്തിഹീനമായ അവകാശവാദങ്ങള്‍ ഉന്നയിച്ചതുകൊണ്ടു മാത്രം ഒരു രാജ്യത്തിന്റെ ഭൂപ്രദേശം മറ്റൊരാളുടേതാകില്ല. ഏറ്റവുമൊടുവില്‍ ചൈന നടത്തിയ പ്രകോപനത്തിനെതിരെ കേന്ദ്രസര്‍ക്കാര്‍ പ്രതിഷേധം അറിയിച്ചു. അരുണാചല്‍ പ്രദേശ് അവരുടേതാണെന്ന് അവകാശപ്പെടുന്ന മറ്റൊരു മാപ്പാണ് ഇവിടെ പ്രശ്‌നം.

ഇക്കാര്യത്തില്‍ വിദേശകാര്യ മന്ത്രി ജയശങ്കര്‍ പറഞ്ഞതു ശരിയാണ്. ഇത് ചൈനയുടെ വളരെ പഴക്കമുള്ളൊരു രീതിയാണ്. നമ്മുടെ പ്രതിഷേധങ്ങള്‍ അവഗണിക്കുന്നതും അവരുടെ രീതിയാണ്. ഇത്തവണയും നമ്മള്‍ പ്രതിഷേധം അറിയിക്കുന്നതില്‍ എല്ലാം അവസാനിപ്പിക്കുകയാണോ? നമ്മുടെ അതൃപ്തി അറിയിക്കാന്‍ വേറൊരു മാര്‍ഗവുമില്ലേ? ചൈനീസ് പാസ്‌പോര്‍ട്ടുള്ള ടിബറ്റുകാര്‍ക്ക് എന്തുകൊണ്ട് സ്റ്റേപ്പിള്‍ഡ് വീസ അനുവദിച്ചുകൂടാ? ഏക ചൈന നയത്തിന് നല്‍കിവരുന്ന പിന്തുണയും പിന്‍വലിക്കണം” തരൂര്‍ ആവശ്യപ്പെട്ടു.

 

Leave a Reply

Your email address will not be published. Required fields are marked *

Related News

Latest News