ഇടശ്ശേരിയുടെ ഓർമ്മകളിലൂടെ

സതീഷ് കുമാർ വിശാഖപട്ടണം 

കേരളത്തിന്റെ തനതു  നാടൻ സംഗീതരൂപങ്ങളിൽ ഒന്നാണ് പുള്ളുവൻ പാട്ട്. ശിവന്റെ ആസ്ഥാനമായ കൈലാസത്തിൽ നിന്നും  പുള്ളുവരുടെ കഥ ആരംഭിക്കുന്നു. ഭഗവാൻ പരമശിവൻ ദർഭപ്പുല്ലിൽ നിന്നും പുള്ളുവരെ സൃഷ്ടിച്ചു എന്നാണ് ഐതിഹ്യം.

ശിവൻ വീണയും  ബ്രഹ്മാവ്  കുടവും വിഷ്ണു കൈമണിയും  സരസ്വതീദേവി സംഗീതവും നാരദൻ  നാടാകെ  ചുറ്റിസഞ്ചരിച്ചു കൊണ്ട് പാടുവാനുള്ള അനുഗ്രഹവും നൽകി പുള്ളുവരെ ഭൂമിയിലേക്ക് യാത്രയാക്കി എന്നാണ് പുരാണങ്ങൾ പറയുന്നത്.  അതിൻപ്രകാരം നാടാകെ സഞ്ചരിച്ച്  സർപ്പങ്ങളുടെ വീരകഥകൾ പാടുന്നത് ഒരു അനുഷ്ഠാനമായിട്ടാണ് പുള്ളുവർ കരുതുന്നത്.

കുടുംബത്തിന്റെ ശ്രേയസ്സിനും  കൊച്ചുകുട്ടികളുടെ ദൃഷ്ടിദോഷം അകറ്റാനും പുള്ളുവൻ പാട്ട്  ഉത്തമമാണെന്നാണ് ഹൈന്ദവ വിശ്വാസം …

മലയാള ചലച്ചിത്രഗാനശാഖയിൽ പുള്ളുവൻപാട്ടിന്റെ ശൈലിയിൽ ചില ഗാനങ്ങൾ എഴുതപ്പെട്ടിട്ടുണ്ട്.

ഇതിൽ ഏറ്റവും പ്രധാനം എം. ടി വാസുദേവൻ നായരുടെ “നിർമ്മാല്യം “എന്ന ചിത്രത്തിലെ പ്രശസ്തമായ

“ശ്രീ മഹാദേവൻ തന്റെ

ശ്രീ പുള്ളോർ കുടം കൊണ്ട്

ഓമന ഉണ്ണീടെ

നാവോറു പാടുന്നേ …..” 

 

എന്ന ഗാനമാണ്. (ആലാപനം ബ്രഹ്മാനന്ദൻ , പത്മിനി ) മലയാളത്തിന്റെ  പ്രിയകവി ഇടശ്ശേരി ഗോവിന്ദൻ നായരാണ്  ഈ  പുള്ളുവൻപാട്ട് എഴുതിയത്. കെ രാഘവൻ മാസ്റ്ററായിരുന്നു സംഗീതസംവിധാനം .

ഈ സിനിമയിൽ ഇടശ്ശേരി എഴുതിയ മറ്റു ഗാനങ്ങളും വളരെ സുന്ദരം തന്നെ ….

 ” സമയമായി സമയമായി… (ബ്രഹ്മാനന്ദൻ , അഞ്ജലി )

 “തെന്തിനം താരോ 

തെന്തിനം താരോ 

മുണ്ടകപ്പാടത്തെ കൊയ്ത്തും തീർന്നേ …. ( ബ്രഹ്മാനന്ദൻ , പത്മിനി, അഞ്ജലി സോമൻ )

“പനിമതിമുഖി ബാലേ …. (പത്മിനി, സുകുമാരി നരേന്ദ്ര മേനോൻ ) എന്നിവയായിരുന്നു നിർമ്മാല്യത്തിൽ ഇടശ്ശേരി എഴുതിയ മറ്റു ഗാനങ്ങൾ.

1906  ഡിസംബർ 23 ന് ജനിച്ച ഇടശ്ശേരിയുടെ  ജന്മവാർഷികദിനമാണിന്ന് .

WINDOW OF KNOWLEDGE: EDASSERI GOVINDAN NAIR (ഇടശ്ശേരി എന്ന  നാട്ടിൻപുറത്തിന്റെ കവി)

രണ്ട്‌ വർഷം  മുൻപ് മുംബൈയിലെ സംഗീതപ്രേമികളുടെ കൂട്ടായ്മയായ ”  സ്വരലയ ” യിലെ ആദരണീയരായ   സുരേന്ദ്രബാബുവും ബാവ സൈനുദ്ദീനും സുഹൃത്തുക്കളും  “പാട്ടോർമ്മകൾ ” ക്ക് ഒരു ആദരവ് നൽകുകയുണ്ടായി ….

കോവിഡിന്റെ പ്രഭാവത്തിൽ  പൊന്നാനിയിൽ നടന്ന ചടങ്ങിൽ പങ്കെടുക്കാനെത്തിയ എന്റെ മനസ്സിന് ഏറെ സന്തോഷം പകർന്ന അനുഭവമായിരുന്നു മലയാള സാഹിത്യത്തറവാട്ടിലെ  അഭിമാനസ്തംഭങ്ങളായ മൂന്നു മഹാപ്രതിഭകൾക്ക് വേണ്ടി  പൊന്നാനി നഗരസഭ ഒരുക്കിയ  “കവിമുറ്റം ” എന്ന സ്മാരകം  … പൊന്നാനിയിൽ ജനിച്ചു വളർന്ന  കടവനാട്ട് കുട്ടിക്കൃഷ്ണൻ നായർ , ഇടശ്ശേരി ഗോവിന്ദൻ നായർ , ഉറൂബ് എന്നിവരുടെ സ്മരണാർത്ഥം  നഗര മദ്ധ്യത്തിൽ   ഒരുക്കിയ ഈ അക്ഷര സ്മാരകം ഏതൊരു സാഹിത്യപ്രേമിയുടെ മനസ്സിലും അഭിമാനമുണർത്തുന്നതാണ് ….

മലയാള സിനിമയുടെ ചരിത്രത്തിൽ സുവർണ്ണ ലിപികളാൽ എഴുതപ്പെട്ട ഒരു ഇതിഹാസ ചലച്ചിത്രത്തിന്റെ ഗാനരചയിതാവായതിലൂടെ മഹാകവി  കാവ്യരംഗത്ത് മാത്രമല്ല ചലച്ചിത്ര ഗാനരചനാരംഗത്തും എന്നെന്നും ഓർമിക്കപ്പെടും ….

 ——————————————————–

സതീഷ് കുമാർ  :  9030758774

———————————————————