മരണം പ്രവചിക്കാനും ആർടിഫിഷ്യൽ ഇൻ്റലിജൻസ്

 

കോപ്പൻഹേഗൻ :മരണ സമയവും തീയതിയും പ്രവചിക്കാൻ ആർടിഫിഷ്യൽ ഇൻ്റലിജൻസ് ( എ ഐ ) സാങ്കേതിക വിദ്യ ഒരുങ്ങുന്നു.

എഐ ഉപയോഗിച്ച്‌ ആയുസു വരെ പ്രവചിക്കാനാകും എന്ന അവകാശവാദം ഉന്നയിക്കുകയാണ് ടെക്നിക്കല്‍ യൂണിവേഴ്സിറ്റി ഓഫ് ഡെന്മാര്‍ക്കിലെ ഗവേഷകർ. ഡെൻമാര്‍ക്കിലെ ജനങ്ങളുടെ വ്യക്തിഗത ഡാറ്റ ഉപയോഗിച്ചാണ് ഈ സംവിധാനം വികസിപ്പിച്ചിരിക്കുന്നത്.

ജീവിതത്തില്‍ നടക്കുന്ന സംഭവ വികാസങ്ങളെ ആസ്പദമാക്കിയാകും ഈ എഐ മോഡല്‍ ആയുസ് പ്രവചിക്കുകയെന്നും ഗവേഷകര്‍ പറയുന്നു. നിലവിലുള്ള ഏതൊരു സംവിധാനത്തേക്കാളും കൂടുതല്‍ കൃത്യമായി, ആളുകള്‍ എപ്പോള്‍ മരിക്കുമെന്ന് പ്രവചിക്കാൻ ഈ എഐ മോഡലിന് കഴിയുമെന്നും ടെക്നിക്കല്‍ യൂണിവേഴ്സിറ്റി ഓഫ് ഡെന്മാര്‍ക്കിലെ ശാസ്ത്രജ്ഞര്‍ വിശദീകരിക്കുന്നു.

ലൈഫ്2വെക് എന്നാണ് ഈ എഐ മോ‍ഡലിന് പേരു നല്‍കിയിരിക്കുന്നത്. 78 ശതമാനം കൃത്യതയോടെ ഈ മോഡലിന് മരണം പ്രവചിക്കാനാകുമെന്നും ശാസ്ത്രജ്ഞര്‍ പറയുന്നു. വ്യക്തികളുടെ വരുമാനം, വിദ്യാഭ്യാസം, മെഡിക്കല്‍ ചാരിത്രം, തൊഴില്‍ എന്നിവയെല്ലാം പരിശോധിച്ചാണ് ഡാറ്റ തയ്യാറാക്കിയിരിക്കുന്നത്.

“മരണം പ്രവചിക്കാനുള്ള ഒരു സംവിധാനം വേണമെന്ന് ആളുകള്‍ വര്‍ഷങ്ങളായി ആലോചിക്കുന്ന ഒരു കാര്യമാണ്. അക്കാര്യത്തെക്കുറിച്ച്‌ ‍ഞങ്ങള്‍ക്ക് നല്ല ബോധ്യം ഉണ്ടായിരുന്നു”, പഠനത്തിന് നേതൃത്വം നല്‍കിയ ശാസ്ത്രജ്ഞരില്‍ ഒരാളായ സുനെ ലേമാൻ പറഞ്ഞു.

2008 മുതല്‍ 2020 വരെ, ആറു മില്യൻ ആളുകളെയാണ് ഗവേഷകര്‍ പഠനവിധേയമാക്കിയത്. പ്രായം, ലിംഗഭേദമന്യേ ആയിരുന്നു പഠനം. ഏതെങ്കിലും മാനസികാരോഗ്യ പ്രശ്നങ്ങള്‍ ഉള്ളവര്‍ നേരത്തേ മരിക്കുന്നതായും ഉയര്‍ന്ന വരുമാനം ഉള്ളവര്‍ക്കും ഉന്നത നേതൃത്വ നിരകളിൽ ഉള്ളവര്‍ക്കും മറ്റുള്ളവരെ അപേക്ഷിച്ച്‌ ആയുസ് കൂടുതലാണെന്ന് പഠനത്തില്‍ കണ്ടെത്തിയതായും ഗവേഷകര്‍ പറയുന്നു.