February 18, 2025 5:27 am

കേരളത്തിൽ ഇനിയും ഭൂമിവില ഇടിയും….

കൊച്ചി: ജനസംഖ്യ കുറയുന്നതും,യുവജനങ്ങൾ വിദേശത്തേയ്ക്ക് കുടിയേറുന്നതും മൂലം കേരളത്തിൽ വീടുവെയ്ക്കാനുള്ള സ്ഥലത്തിനു പോലും വില കുറയുമെന്ന് ഐക്യരാഷ്ട സഭ ഉദ്യോഗസ്ഥനായ ഡോ.
മുരളി തുമ്മാരുകുടി.

അദ്ദേഹത്തിൻ്റെ ഫേസ്ബുക്ക് പോസ്റ്റ് ഇങ്ങനെ:

ജപ്പാനിലെ ഒഴിഞ്ഞ വീടുകള്‍, കേരളത്തിലെ ഒഴിയുന്ന വീടുകള്‍

പ്പാനില്‍ 90 ലക്ഷത്തോളം ഒഴിഞ്ഞ വീടുകള്‍, എന്താണ് ജപ്പാനില്‍ സംഭവിക്കുന്നത് എന്നാണ് ചോദ്യം?
റാഡിക്കല്‍ ആയ സംഭവം ഒന്നുമല്ല.

ടോട്ടല്‍ ഫെര്‍ട്ടിലിറ്റി റേറ്റ് കുറയുന്ന പ്രദേശങ്ങളില്‍ പുറത്തു നിന്നും കുടിയേറ്റം സംഭവിച്ചില്ലെങ്കില്‍ ഇത് സ്വാഭാവികമാണ്. ഇതാണ് ഇപ്പോള്‍ ജപ്പാനില്‍ സംഭവിച്ചുകൊണ്ടിരിക്കുന്നത്.

ജപ്പാനില്‍ ആയിരത്തി തൊള്ളായിരത്തി അറുപതുകളില്‍ തന്നെ ഫെര്‍ട്ടിലിറ്റി റേറ്റ് രണ്ടില്‍ താഴെ ആയി. എന്നിട്ടും ജപ്പാന്‍ കുടിയേറ്റത്തിന്റെ കാര്യത്തില്‍ കര്‍ശനമായ നിയന്ത്രണങ്ങള്‍ നിലനിര്‍ത്തി. ജപ്പാനിലെ ആളുകളുടെ ശരാശരി ആയുസ്സ് എഴുപത് വയസ്സില്‍ താഴെ എന്നുള്ളതില്‍ നിന്നും തൊണ്ണൂറിന് മുകളിലേക്ക് ഉയര്ന്നത് കൊണ്ട് കുറച്ചു നാള്‍ കൂടി ജനസംഖ്യ കുറവ് അനുഭവപ്പെട്ടില്ല. പക്ഷെ രണ്ടായിരത്തി എട്ടിന് ശേഷം ജനസംഖ്യ കുറഞ്ഞു തുടങ്ങി. രണ്ടായിരത്തി എട്ടിലെ ജനസംഖ്യയെക്കാളും ഏതാണ്ട് ഇരുപത്തി അഞ്ചു ലക്ഷം ആളുകള്‍ ഇപ്പോള്‍ ജപ്പാനില്‍ കുറവാണ്.

ഇത് ജപ്പാന്റെ മാത്രം കഥയല്ല.

ഏറെ താമസിയാതെ കേരളത്തിലും ഇതാണ് സംഭവിക്കാന്‍ പോകുന്നത്. കേരളത്തിലെ ടോട്ടല്‍ ഫെര്‍ട്ടിലിറ്റി റേറ്റ് കഴിഞ്ഞ നൂറ്റാണ്ടിന്റെ അവസാന ദശകത്തില്‍ തന്നെ രണ്ടിന് താഴേക്ക് എത്തിയിരുന്നു. അതെ സമയം തന്നെ നമ്മുടെ ആയുര്‍ദൈര്‍ഖ്യം വര്‍ദ്ധിച്ചു വന്നത് കൊണ്ട് ജനസംഖ്യയിലെ കുറവ് ഇനിയും കണ്ടു തുടങ്ങിയിട്ടില്ല.

ജനസംഖ്യയുടെ സാധാരണ പ്രൊജക്ഷന്‍ അനുസരിച്ച്‌ തന്നെ രണ്ടായിരത്തി മുപ്പത്തി അഞ്ചാകുന്നതോടെ നമ്മുടെ ജനസംഖ്യ താഴേക്ക് വന്നു തുടങ്ങും. പക്ഷെ അടുത്തയിടെ ആയി കാണുന്ന കുട്ടികളുടെ വിദേശ കുടിയേറ്റത്തിന്റെ ട്രെന്‍ഡ് കൂടി കണക്കിലെടുത്താല്‍ കാര്യങ്ങള്‍ നേരത്തെ ആകാനും മതി.

രണ്ടായിരത്തി പത്തിലെ കണക്ക് അനുസരിച്ച്‌ കേരളത്തിലും പത്തു ലക്ഷം വീടുകള്‍ ഒഴിഞ്ഞു കിടക്കുന്നുണ്ട്. രണ്ടായിരത്തി മുപ്പത് ആകുമ്ബോഴേക്ക് പല കാരണങ്ങളാല്‍ അത് ഇരട്ടിയെങ്കിലും ആകും.

കേരളത്തില്‍ ഭൂമിയുടെ വില കുറയും എന്ന് ഞാന്‍ ഇടക്കിടക്ക് പറയുമ്ബോള്‍ ‘വീടുണ്ടാക്കാന്‍’ ഉള്ള ഭൂമിയുടെ വില കുറയുന്നില്ല എന്ന് ആളുകള്‍ ചൂണ്ടിക്കാണിക്കാറുണ്ട്. പൊതുവെ അത് ശരിയുമാണ്. പക്ഷെ ജനസംഖ്യയ് കുറഞ്ഞു തുടങ്ങുകയും കൂടുതല്‍ വീടുകള്‍ അടഞ്ഞു കിടക്കുകയും ചെയ്യുമ്ബോള്‍ അതും മാറും. ഇപ്പോള്‍ തന്നെ കേരളത്തില്‍ പലയിടത്തും ഈ ട്രെന്‍ഡ് കാണാനുണ്ട്.

 

Leave a Reply

Your email address will not be published. Required fields are marked *

Related News

Latest News