December 13, 2024 10:36 am

ബുദ്ധിജീവികളും സാമാന്യബുദ്ധിയും

പി.രാജൻ. 

സാമാന്യ ബുദ്ധിയില്ലാത്തവർ ബുദ്ധിജീവികൾ എന്ന് അംഗീകരിക്കപ്പെട്ട് കഴിഞ്ഞാൽ സാമാന്യ ബുദ്ധി വേണ്ടെന്ന മട്ടിൽ എന്ത് മണ്ടത്തരവും വിളിച്ചു പറയുന്നവരുണ്ട്. മലയാള മനോരമയിൽ ജോമി തോമസ്സിൻ്റെ ഇന്ത്യാ ഫയൽ എന്ന പംക്തി വായിച്ചതാണ് ഇങ്ങനെയൊരു പ്രതികരണം കുറിക്കാൻ ഇടയാക്കിയത്.

വിധിക്ക് വിലയില്ലാതായാൽ എന്നാണ് മാന്യ സുഹൃത്തിൻ്റെ ലേഖനത്തിനു കൊടുത്തിരിക്കുന്ന തലക്കെട്ട്’ സ്ഥാനാർത്ഥികളുടെ മാത്രമല്ലാ വോട്ടറുടെ മതവും ജാതിയും പറഞ്ഞ് വോട്ടു പിടിക്കുന്നതും തെരഞ്ഞെടുപ്പ് റ ദ്ദാക്കാൻ തക്കതായ തെറ്റാണ്.

പക്ഷെ പച്ചക്ക് മതത്തെക്കുറിച്ച് പറഞ്ഞു ഒരു വിഭാഗത്തെ അകറ്റി നിർത്തി നേട്ടം കൊയ്യാൻ ശ്രമിക്കുന്ന നേതാക്കൾ ഇതൊന്നും കണ്ടില്ലെന്ന് നടിക്കുന്നുവെന്നാണ് ലേഖകൻ്റെ പരാതി. ലേഖനത്തിൽ ഒരിടത്തും പാർട്ടികളുടെ പേരിൽ തന്നെ മതം പറയുന്നതിന് എതിരായി ഒരു വാക്കും എഴുതിക്കണ്ടില്ല.

മുസ്ലിംലീഗ് എന്ന പേരിലും അകാലിദൾ എന്ന പേരിലും തെരഞ്ഞെടുപ്പിൽ മത്സരിക്കുന്നതിൽ ഒരു തെറ്റും കാണാത്തവർ ആണ് ഈ മാദ്ധ്യമപണ്ഡിതന്മാർ. സുപ്രീം കോടതി തന്നെ ഇങ്ങനെ പ്രസക്തമായ സത്യം മൂടി വെക്കുമ്പോൾ മാദ്ധ്യമങ്ങളെ കുറ്റം പറഞ്ഞിട്ട് കാര്യമില്ല.

കോൺഗ്രസ്സ് പിരിച്ചു വിടണമെന്ന് ഗാന്ധിജി നിർദ്ദേശിച്ചത് ഓർമ്മിപ്പിക്കുന്ന ബുദ്ധിജീവികൾ കുറവല്ല. എന്നാൽ രാഷ്ടീയത്തിൽ ജാതി, മത സംഘടനകൾക്ക് സ്ഥാനമില്ലെന്ന് ഗാന്ധിജി പറഞ്ഞിട്ടുണ്ടെന്ന് ഇവർ ഓർക്കാറില്ല. വന്നു വന്നു ഗാന്ധിജിയെ വരെ മുസ്ലിം ലീഗിൻ്റേയും ജിഹാദികളുടേയും പ്രചാരകനാക്കാനാണ് ശ്രമം. അത് തുറന്ന് കാണിച്ചേ പറ്റൂ.

മാത്രമല്ല, മതപരിവർത്തനം മൗലികാവകാശമാണെന്ന പ്രചരിപ്പിക്കുന്നവർ മറച്ചുവെക്കുന്നത് ഈയവകാശ വാദം തന്നെ ഐക്യരാഷ്ട്ര സഭ അംഗീകരിച്ചിട്ടുള്ള മനുഷ്യാവകാശ പ്രഖ്യാപനത്തിലെ മനസ്സാക്ഷിയെന്ന മാനദണ്ഡത്തിനു വിരുദ്ധമാണെന്ന സത്യമാണ്. പ്രവാചക മതങ്ങൾ പ്രചരിപ്പിക്കുന്നത് അറേബിയയിൽ  ജനിച്ച ഒരു പ്രവാചകനിലും അദ്ദേഹത്തിൻ്റെ അരുളപ്പാടുകളിലും അചഞ്ചലമായ വിശ്വാസമുള്ളവർക്കേ സ്വർഗ്ഗരാജ്യത്തിന് അർഹതയുള്ളൂവെന്നാണ് .

 പ്രവാചകന്മാരെപ്പറ്റി കേട്ടറിയാൻ പോലും ഭാഗ്യമുണ്ടായിട്ടില്ലാത്ത കോടിക്കണക്കിനാളുകൾ ഭൂമിയിൽ ജനിച്ച് ജീവിച്ച് മരിച്ചിട്ടുണ്ട്. അവരൊക്കെ നിത്യനരകത്തിൽ കിടക്കാൻ വിധിക്കപ്പെട്ടവരാണെന്ന വിശ്വാസം മനുഷ്യാവകാശ പ്രഖ്യാപനം വാഴ്ത്തുന്ന മനസ്സാക്ഷിക്ക് നിരക്കുന്നതല്ല. അത് പറയുന്നത് തന്നെ മതവിശ്വാസത്തെ വ്രണപ്പെടുത്തുന്നതാണെന്ന വാദം അംഗീകരിക്കാനാവില്ല. അങ്ങനെ വാദിക്കുന്നത് മനുഷ്യാവകാശങ്ങൾ വാഴ്ത്തുന്ന മനസ്സാക്ഷിയുളളവർ ചെറുക്കും

സാമാന്യ ബുദ്ധിയുള്ളവർക്ക് ഈ നിലപാട് എടുക്കാനേ പറ്റൂ. ഛാബഹാർ തുറമുഖത്തിൻ്റെ നിയന്ത്രണം ഇന്ത്യക്ക് കൈമാറുന്ന ഉടമ്പടിയിൽ ഒപ്പുവെച്ചതായ വാർത്ത വായിച്ചപ്പോഴും സാമാന്യ ബുദ്ധിയുടെ കാര്യം ഓർത്ത് പോയി. കൊച്ചി യിൽ നടക്കുന്ന അന്താരാഷ്ട്ര പുസ്തകോത്സവത്തിൽ ഒരിക്കൽ നയതന്ത്ര വിദഗ്ധനായ ശ്രീനിവാസനോടൊപ്പം ഞാനും പ്രസംഗകനായുണ്ടായിരുന്നു.

നരേന്ദ്ര മോഡിയുടെ വിദേശ നയം മുസ്ലിം രാജ്യങ്ങൾക്കെതിരായ സാമ്രാജ്യത്വ ശക്തികളുടെ താൽപ്പര്യത്തിനനുസരിച്ചാണെന്നു പ്രചാരണം നടക്കുന്ന കാലമായിരുന്നു . അങ്ങനെയെങ്കിൽ ഛാബഹാർ തുറമുഖ നിർമ്മാണത്തിനു ഇന്ത്യ നൽകുന്ന സഹായം എത് സാമ്രാജ്യത്വ ശക്തിയെ സഹായിക്കാനാണെന്നു ഞാൻ ചോദിച്ചു.വെറും സാധാരണ രാഷ്ടീയ വിദ്യാർത്ഥിയെന്ന നിലയ്ക്കാണ് അഭിപ്രായം പറയുന്നതെന്നു ഞാൻ വ്യക്തമാക്കിയിരുന്നു.

പക്ഷെ നയതന്ത്ര വിദഗ്ധനായ ശ്രീനിവാസൻ എൻ്റെ അഭിപ്രായത്തിനു പിന്തുണ നൽകുകയും അത് വെറും സാമാന്യ ബുദ്ധിയായി കാണേണ്ടതല്ലെന്ന് പ്രശംസിക്കുകയും ചെയ്തു. സാമാന്യ ബുദ്ധിയുപയോഗിച്ച് മാതാ അമൃതാനന്ദമയി ഒരിക്കൽ വിദേശങ്ങളിലെ പത്രലേഖകരെ ഒതുക്കി നിർത്തിയിട്ടുണ്ട്. ദാരിദ്ര്യവും പട്ടിണിയും കൊണ്ട് വലയുന്ന ഇന്ത്യയിൽ നിന്ന് വന്ന് യൂറോപ്പിൽ ആത്മീയ പ്രഭാഷണം നടത്തുന്ന അമൃതാനന്ദമയിയെ കളിയാക്കുന്ന വിധത്തിലായിരുന്നു വിദേശ പത്രലേഖകരുടെ ചോദ്യം.

ആരാണ് ഇന്ത്യ ദരിദ്രമാണെന്നു പറഞ്ഞതെന്നു അമൃതാനന്ദമയി തിരിച്ചു ചോദിച്ചു. നിങ്ങളുടെ പൂർവ്വികരെല്ലാം ഇന്ത്യയെ ആക്രമിച്ചത് ധനം കൊള്ള ചെയ്യാനല്ലേ? കൊള്ളക്കാർ പണമുളള വീട്ടിലല്ലാതെ പാവപ്പെട്ടവൻ്റെ കുടിലിൽ ആണോ കൊള്ളക്ക് വരുന്നതെന്നു അമൃതാനന്ദമയി തിരിച്ചു ചോദിച്ചതിനെപ്പറ്റി ദശാബ്ദങ്ങൾക്കു മുമ്പേ ഞാൻ വായിച്ചിട്ടുണ്ട്..

സാമാന്യ ബുദ്ധിയുള്ള അമൃതാന്ദമയിയെപ്പോലെ ഒരു ജെഎൻ.യു.ബുദ്ധിജീവിയും ചോദിച്ചതായി കേട്ടിട്ടില്ല.

———————————————————————————————-

(പ്രമുഖ രാഷ്ടീയ നിരീക്ഷകനായ പി.രാജന്‍,

മാതൃഭൂമിയുടെ അസി. എഡിറ്ററായിരുന്നു )


കൂടുതല്‍ വാര്‍ത്തകള്‍ക്കായി
http://www.newsboardindia.com

സന്ദര്‍ശിക്കുക

 

Leave a Reply

Your email address will not be published. Required fields are marked *

Related News

Latest News