കോൺഗ്രസ്സ് മൽസരിക്കുക 255 സീററിൽ ?

ന്യുഡൽഹി:ലോക്‌സഭാ തിരഞ്ഞെടുപ്പിൽ 255 സീറ്റുകളിൽ ശ്രദ്ധ കേന്ദ്രീകരിക്കാൻ കോൺഗ്രസ് തയാറെടുക്കുന്നു.കഴിഞ്ഞ തിരഞ്ഞെടുപ്പിൽ പാർട്ടി 421 സീറ്റുകളിൽ മത്സരിക്കുകയും 52 സീറ്റിൽ വിജയിക്കുകയും ചെയ്തിരുന്നു.

2019നേക്കാൾ കുറവ് സീറ്റുകളിലാണ് കോൺഗ്രസ് മത്സരിക്കുകയെന്ന സൂചനയാണ് ഇതു നൽകുന്നത്.ബാക്കി സീററുകൾ ഇന്ത്യ മുന്നണി കക്ഷികൾക്ക് വിട്ടു നൽകും.ഇന്ത്യ മുന്നണി ഘടക കക്ഷികളുമായുള്ള സീറ്റ് വിഭജന ചർച്ചകൾ ഉടൻ ആരംഭിക്കുമെന്നും എഐസിസി നേതാക്കൾ അറിയിച്ചു.

കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയും മുതിർന്ന നേതാവ് രാഹുൽ ഗാന്ധിയും എഐസിസി ജനറൽ സെക്രട്ടറി കെസി വേണുഗോപാലും പാർട്ടിയുടെ അഞ്ചംഗ ദേശീയ സഖ്യ സമിതി അംഗങ്ങളുമായി കൂടിക്കാഴ്ച നടത്തി. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി സംസ്ഥാന ഘടകങ്ങളുമായി വിപുലമായ ചർച്ചകളാണ് നടന്നുവരുന്നത്.

പാർട്ടി 255 സീറ്റുകളിൽ ശ്രദ്ധ കേന്ദ്രീകരിക്കുമെന്ന് കോൺഗ്രസ് ദേശീയ അദ്ധ്യക്ഷൻ മല്ലികാർജുന ഖാർഗെയാണ് വ്യക്തമാക്കിയത്. എഐസിസി ജനറൽ സെക്രട്ടറിമാരുടെയും, സംസ്ഥാന ചുമതലയുള്ളവരുടെയും, സംസ്ഥാന കോൺഗ്രസ് പ്രസിഡന്റുമാരുടെയും, കോൺഗ്രസ് ലെജിസ്ലേച്ചർ പാർട്ടി (സിഎൽപി) നേതാക്കളുടെയും പ്രത്യേക യോഗത്തിലാണ് ഖാർഗെ ഇക്കാര്യം അറിയിച്ചത്.

2019ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിൽ ബിഹാറിൽ ആർജെഡി, മഹാരാഷ്ട്രയിൽ എൻസിപി, കർണാടകയിൽ ജെഡി(എസ്), ജാർഖണ്ഡിലെ ജെഎംഎം, തമിഴ്നാട്ടിൽ ഡിഎംകെ എന്നിവരുമായി സംസ്ഥാന തലത്തിൽ സഖ്യത്തിൽ ഏർപ്പെട്ടിരുന്നു. അതുപ്രകാരം ബിഹാറിലെ 40 സീറ്റിൽ ഒമ്പതിലും, ജാർഖണ്ഡിലെ 14 സീറ്റിൽ ഏഴ് സീറ്റിലും, കർണാടകയിലെ 28 സീറ്റിൽ 21 സീറ്റിലും, മഹാരാഷ്ട്രയിലെ 48 സീറ്റിൽ 25 സീറ്റിലും, തമിഴ്‌നാട്ടിലെ 39 സീറ്റിൽ ഒമ്പതിലും മാത്രമാണ് അവർ മത്സരിച്ചത്. ഉത്തർപ്രദേശിൽ 80ൽ 70 സീറ്റിലും മത്സരിച്ചു.

ചില സംസ്ഥാനങ്ങളിൽ, പ്രത്യേകിച്ച് ഡൽഹി, പഞ്ചാബ്, പശ്ചിമ ബംഗാൾ, ഉത്തർപ്രദേശ് എന്നിവിടങ്ങളിൽ സീറ്റ് പങ്കിടൽ ബുദ്ധിമുട്ടേറിയതാണ്. പഞ്ചാബിൽ കോൺഗ്രസുമായി സീറ്റ് പങ്കിടലിന് തയ്യാറാണെന്ന് ആം ആദ്മി പാർട്ടി സൂചന നൽകിയെങ്കിലും, സംസ്ഥാനം ഭരിക്കുന്ന എഎപിയുമായുള്ള ബാന്ധവം ആത്മഹത്യാപരമായിരിക്കുമെന്ന് കോൺഗ്രസ് സംസ്ഥാന ഘടകം കരുതുന്നു.

ബംഗാൾ ഘടകവും തൃണമൂൽ കോൺഗ്രസുമായുള്ള സഖ്യത്തിന് എതിരാണ്. യുപിയിൽ സമാജ്‌വാദി പാർട്ടി 65 സീറ്റുകളിൽ മത്സരിക്കുമെന്ന് സൂചന നൽകിയിരുന്നു. കോൺഗ്രസിനും ആർ‌എൽ‌ഡിക്കും 15 സീറ്റുകളാണ് അങ്ങനെയെങ്കിൽ ലഭിക്കുക.