രഞ്ജിത് ശ്രീനിവാസൻ വധം: 15 പ്രതികൾക്കും വധശിക്ഷ

ആലപ്പുഴ: ബി ജെ പി ഒ ബി സി മോര്‍ച്ച സംസ്ഥാന സെക്രട്ടറിയായിരുന്ന ആലപ്പുഴയിലെ അഭിഭാഷകന്‍ രഞ്ജിത് ശ്രീനിവാസനെ കൊലപ്പെടുത്തിയ കേസില്‍ 15 പ്രതികൾക്കും വധശിക്ഷ. പ്രതികൾ എല്ലാവരും എസ് ഡി പി ഐ, പോപ്പുലർ ഫ്രണ്ട് പ്രവർത്തകരാണ്.

സംസ്ഥാനത്തെ നീതിന്യായ ചരിത്രത്തിലെ അത്യപൂർവ വിധിയാണിത്. ഇത്രയും പ്രതികള്‍ക്ക് ഒന്നിച്ച് വധശിക്ഷ വിധിക്കുന്നത് സംസ്ഥാന നീതിന്യായ ചരിത്രത്തില്‍ ആദ്യമാണ്. മാവേലിക്കര അഡീഷണൽ സെഷൻസ് ജഡ്ജി വി ജി ശ്രീദേവിയാണ് വിധി പറഞ്ഞത്.

2021 ഡിസംബര്‍ 19നാണ് രൺജിത്ത് ശ്രീനിവാസനെ ആലപ്പുഴ വെള്ളക്കിണറിലുള്ള വീട്ടില്‍ക്കയറി അമ്മയുടെയും ഭാര്യയുടെയും മകളുടെയും മുന്നിലിട്ട് വെട്ടിക്കൊന്നത്. ഡിസംബര്‍ 18ന് രാത്രി എസ്‍ഡിപിഐ സംസ്ഥാന സെക്രട്ടറി കെ എസ് ഷാന്‍ ആലപ്പുഴ മണ്ണഞ്ചേരിയില്‍ വെച്ച് കൊല്ലപ്പെട്ടതിന് പിന്നാലെയായിരുന്നു ഈ കൊലപാതകം.

ആലപ്പുഴ ഡിവൈഎസ്പിയായിരുന്ന എന്‍ ആര്‍ ജയരാജാണ് അന്വേഷണം പൂര്‍ത്തിയാക്കി കുറ്റപത്രം സമര്‍പ്പിച്ചത്. പ്രോസിക്യൂഷന്‍ 156 സാക്ഷികളെ വിസ്തരിച്ചു. ആയിരത്തോളം രേഖകള്‍ ഹാജരാക്കി. വിരലടയാളങ്ങള്‍, സിസിടിവി ദൃശ്യങ്ങള്‍, ഗൂഗിള്‍ മാപ്പിന്റെ സഹായത്തോടെ തയ്യാറാക്കിയ റൂട്ടുമാപ്പുകള്‍ തുടങ്ങിയവ ഹാജരാക്കി.

Ranjith Sreenivasan murder case: Court awards death penalty to 15 SDPI-PFI workers, ranjith sreenivasan murder case, kerala, alappuzha

ആലപ്പുഴ അമ്പനാകുളങ്ങര മാച്ചനാട് കോളനിയില്‍ നൈസാം, മണ്ണഞ്ചേരി അമ്പലക്കടവ് വടക്കേച്ചിറപ്പുറം വീട്ടില്‍ അജ്മല്‍, ആലപ്പുഴ വെസ്റ്റ് മുണ്ടുവാടയ്ക്കല്‍ വീട്ടില്‍ അനൂപ്, ആര്യാട് തെക്ക് അവലൂക്കുന്ന് ഇരക്കാട്ട് വീട്ടില്‍ മുഹമ്മദ് അസ്ലം, മണ്ണഞ്ചേരി ഞാറവേലില്‍ അബ്ദുല്‍ കലാം, അടിവാരം ദാറുസബീന്‍ വീട്ടില്‍ അബ്ദുല്‍ കലാം, ആലപ്പുഴ വെസ്റ്റ് തൈവേലിക്കകം വീട്ടില്‍ സറഫുദ്ദീന്‍, മണ്ണഞ്ചേരി ഉടുമ്പിത്തറ വീട്ടില്‍ മന്‍ഷാദ്, ആലപ്പുഴ വെസ്റ്റ് കടവത്തുശ്ശേരി ചിറയില്‍ ജസീബ് രാജ, മുല്ലയ്ക്കല്‍ വട്ടക്കാട്ടുശ്ശേരി വീട്ടില്‍ നവാസ്, കോമളപുരം തയ്യില്‍ വീട്ടില്‍ സമീര്‍, നോര്‍ത്ത് ആര്യാട് കണ്ണറുകാട് വീട്ടില്‍ നസീര്‍, മണ്ണഞ്ചേരി ചാവടിയില്‍ സക്കീര്‍ ഹുസൈന്‍, മണ്ണഞ്ചേരി തെക്കേവെളിയില്‍ ഷാജി, മുല്ലയ്ക്കല്‍ നൂറുദ്ദീന്‍ പുരയിടത്തില്‍ ഷെര്‍നാസ് അഷറഫ് എന്നിവരാണ് ഒന്ന് മുതല്‍ 15 വരെ പ്രതികള്‍.

15 പ്രതികളിൽ 8 പേരാണ് രണ്‍ജിത്തിനെ വീട്ടില്‍ കയറി വെട്ടിയതെന്ന് പ്രോസിക്യൂഷന്‍ വാദിച്ചു. 9 മുതൽ 12 വരെ പ്രതികൾ വീടിനു പുറത്തു മാരകായുധങ്ങളുമായി കാവൽ നിന്നതിനാൽ അവരും കൊലപാതകക്കുറ്റ ശിക്ഷയ്ക്ക് അര്‍ഹരാണെന്ന് കോടതി വിലയിരുത്തി. 13 മുതൽ 15 വരെ പ്രതികൾ ഗൂഢാലോചനയിൽ പങ്കാളികളായതു കൊണ്ടാണ് ഇവര്‍ക്കും വധശിക്ഷ വിധിച്ചതെന്ന് കോടതി വ്യക്തമാക്കി. 15 പ്രതികള്‍ക്കുമെതിരെ പരമാവധി ശിക്ഷ നല്‍കണമെന്ന് പ്രോസിക്യൂഷന്‍ വാദിച്ചിരുന്നു. എല്ലാത്തിനും സാക്ഷിയായ അമ്മയ്ക്കും ഭാര്യയ്ക്കുമുണ്ടായ മാനസികാഘാതം കൊലപാതകത്തോളം ഭയാനകമാണെന്നും പ്രോസിക്യൂഷന്‍ വാദിച്ചു.

പ്രതികള്‍ ദയ അര്‍ഹിക്കുന്നില്ലെന്നാണ് ജഡ്ജി അഭിപ്രായപ്പെട്ടു. 15ല്‍ 14 പ്രതികളും വിധി കേള്‍ക്കാന്‍ കോടതിയില്‍ എത്തിയിരുന്നു. ഒരാള്‍ ആശുപത്രിയിലായതിനാല്‍ വന്നില്ല.

കോടതി വിധിയിൽ സംതൃപ്തരെന്ന് രണ്‍ജീത് ശ്രീനിവാസിന്‍റെ കുടുംബം പ്രതികരിച്ചു. നഷ്ടം വളരെ വലുതാണ്. എന്നാൽ കോടതി വിധിയിൽ ആശ്വാസമുണ്ട്. കേസ് അന്വേഷണ സംഘത്തോടും പ്രോസിക്യൂട്ടറോടും നന്ദി അറിയിക്കുന്നുവെന്നും രണ്‍ജീതിന്‍റെ ഭാര്യ ലിഷ പറഞ്ഞു. പൊലീസിന് വലിയ നേട്ടമാണ് വിധിയെന്ന് ജില്ലാ പൊലീസ് മേധാവി ചൈത്ര തെരേസ ജോൺ പ്രതികരിച്ചു.

രാജൂത്ത് ഇതുവരെ ഏറ്റവും കൂടുതൽ പേർക്ക് വധശിക്ഷ വിധിച്ചത് 2008ലെ അഹമ്മദാബാദ് സ്ഫോടന പരമ്പര കേസിലാണ്. ഈ കേസിൽ 38 പേർക്കാണ് വിചാരണക്കോടതി വധശിക്ഷ വിധിച്ചത്. രാജീവ് ഗാന്ധി വധക്കേസിൽ 26 പേർക്ക് ടാഡാ കോടതി വധശിക്ഷ വിധിച്ചു. 2010ൽ ബീഹാറിൽ ദളിത് പെൺകുട്ടിയെ കൂട്ടബലാത്സംഗ കേസിൽ 16 പേർക്കാണ് കോടതി വധശിക്ഷ വിധിച്ചത്. ഉജ്ജയിൻ സ്ഫോടനക്കേസിൽ ഏഴ് പേർക്കും കോടതി വധശിക്ഷ വിധിച്ചിട്ടുണ്ട്.

കീഴ്‌ക്കോടതി വധശിക്ഷയ്ക്ക് വിധിച്ചാലും ഹൈക്കോടതി അനുമതി നൽകിയാൽ മാത്രമേ നടപടിക്രമങ്ങൾ പ്രകാരം വധശിക്ഷയാകുകയുള്ളൂ. രണ്‍ജിത്ത് ശ്രീനിവാസൻ വധക്കേസിലെ പ്രതികളെ വധശിക്ഷയ്ക്ക് വിധിച്ച ഉത്തരവിനും ഹൈക്കോടതിയുടെ അനുമതി ലഭിക്കേണ്ടതുണ്ട്. പ്രതികൾ അപ്പീൽ നൽകാതെ തന്നെ ഹൈക്കോടതി കീഴ്‌ക്കോടതി വിധി ശരിയാണോയെന്ന് പരിശോധിക്കും. അതിനുശേഷമായിരിക്കും ശിക്ഷ എന്ത് എന്നത് സംബന്ധിച്ച് തീരുമാനമാകുക.

22 പേരാണ് കേരളത്തിലെ വിവിധ ജയിലുകളിലായി വധശിക്ഷ കാത്ത് കഴിയുന്നത്. ഈയടുത്ത് വധശിക്ഷ വിധിച്ച ആലുവയിലെ അഞ്ച് വയസുകാരിയെ കൊലപ്പെടുത്തിയ അസ്ഫാക്കിനു പുറമേ സംസ്ഥാനത്തെ നാല് ജയിലുകളിലാണ് ഈ 21പേർ വധശിക്ഷ കാത്തുകഴിയുന്നത്. പൂജപ്പുരയിൽ-ഒൻപത്, വിയ്യൂരിൽ-അഞ്ച്, കണ്ണൂരിൽ-നാല്, വിയ്യൂർ അതിസുരക്ഷാ ജയിലിൽ-മൂന്ന് പേർ വീതം. മിക്കവരും ശിക്ഷാ ഇളവിനായി മേൽക്കോടതികളിൽ അപ്പീൽ നൽകിയിട്ടുണ്ട്.