കലാമണ്ഡലം കല്യാണിക്കുട്ടിയമ്മ വിട പറഞ്ഞിട്ട് കാൽനൂറ്റാണ്ട്

ആർ. ഗോപാലകൃഷ്ണൻ 

🔸🔸
മോഹിനിയാട്ടത്തിന് നിയമങ്ങളും ആട്ടപ്രകാരവും ചിട്ടപ്പെടുത്തി ആധുനിക കാലത്തെ അരങ്ങിനിണങ്ങുന്ന രീതിയിൽ പരിഷ്കരിച്ച പ്രതിഭാശാലിയായ നർത്തകിയാണ് കലാമണ്ഡലം കല്യാണിക്കുട്ടിയമ്മ.

ഭർത്താവായ കലാമണ്ഡലം കൃഷ്ണൻ നായരെ പോലെ കാലത്തെ അതിജീവിക്കാൻ പ്രതിഭയുള്ള കലാകാരി. കേരളം കണ്ട അസാധാരണ പ്രതിഭകളിൽ ഒരാളായിരുന്നു കല്യാണിക്കുട്ടിയമ്മ. മുഖ്യ കര്‍മ്മമേഖല മോഹിനിയാട്ടം ആയിരുന്നുവെങ്കിലും  സിനിമ ഉൾപ്പെടെ വ്യത്യസ്ത മേഖലകളെ സ്പര്‍ശിച്ചു കൊണ്ടായിരുന്നു അവരുടെ ജീവിതയാത്ര.

കഥകളി എന്ന കലാരൂപത്തിന് താൻ നൽകിയ പോഷണം പോലെ മോഹിനിയാട്ടത്തിനും നൽകണമെന്ന ആഗ്രഹം നിറവേറ്റാൻ മഹാകവി ‘വള്ളത്തോൾ നാരായണമേനോൻ’ കണ്ടെത്തിയ നർത്തകി കുടിയായിരുന്നു കല്യാണിക്കുട്ടിയമ്മ. അതുകൊണ്ട് അവരുടെ കീർത്തി, ‘മോഹിയാട്ട പരിഷ്ക്കർത്താവ്’ / ‘മോഹിയാട്ടത്തിന്റെ അമ്മ’ എന്നിങനെയുള്ള നിലയിൽ ആണ്.
കലാമണ്ഡലം കല്യാണിക്കുട്ടിയമ്മയുടെ 25-ാം ഓർമ്മദിനം, ഇന്ന് 🌹

🌏

ഭാരതപ്പുഴയുടെ തീരത്തുള്ള ചരിത്ര പ്രസിദ്ധമായ തിരുനാവായയ്ക്കടുത്ത് കരിങ്ങമണ്ണയിൽ (കുറ്റിപ്പുറം) 1915-ൽ ആണ് കല്യാണിക്കുട്ടിയമ്മയുടെ ജനനം. ഒരു യാഥാസ്ഥിതിക കുടുംബത്തിൽ ജനിച്ച കല്യാണക്കുട്ടിയമ്മയെപ്പോലൊരു പെൺകുട്ടി അന്നത്തെ സാമൂഹ്യ സാഹചര്യത്തിൽ ഒരു നർത്തിയാകുക എന്നത് അസാദ്ധ്യമായ കാര്യമായിരുന്നു.

എന്നാൽ ചരിത്രനിയോഗം വേറൊന്നായി: യാദൃശ്ചികമായി കലാമണ്ഡലം സന്ദര്‍ശിക്കാനെത്തിയ കല്യാണിക്കുട്ടിയമ്മ അവിടത്തെ നൃത്തവിദ്യാര്‍ത്ഥികളിലൊരാളായി മാറുകയായിരുന്നു. അങ്ങനെ, 1937-ൽ കലാമണ്ഡലത്തിൽ നൃത്ത വിദ്യാർത്ഥിനിയായി. പഠനത്തിലും നൃത്താവതരണത്തിലും ഇവരിൽ അസാധാരണമായ പ്രതിഭാ സ്പർശം ഉണ്ടായിരുന്നു.

1938-ൽ മഹാകവി വള്ളത്തോളിൽ നിന്ന് പ്രത്യേക അനുമോദന പത്രം നേടിയ കല്യാണിക്കുട്ടിയമ്മയുടെ നൃത്തരൂപങ്ങളുടെ അരങ്ങേറ്റം വൈദ്യ രത്നം പി.എസ്.വാര്യയരുടെ കോട്ടയ്ക്കലുള്ള വൈദ്യശാലയിൽ വച്ചാണ് നടന്നത്.

Mother of Mohiniyattam

🌏

1939-ൽ കല്യാണികുട്ടിയമ്മ കലാമണ്ഡലത്തിലെ ഒരു പ്രധാന കഥകളി വേഷം കലാകാരനായ കൃഷ്ണൻ നായരെ വിവാഹം കഴിച്ചു. 1952-ൽ ഭർത്താവിനൊപ്പം ചേർന്ന് ‘കേരള കലാലയം’ എന്ന നൃത്ത വിദ്യാലയം ആലുവയിൽ ആരംഭിച്ചു; പിന്നീട് അത് തൃപ്പൂണിത്തുറയിലേക്ക് മാറ്റി.

കേന്ദ്ര വിദ്യാഭ്യാസ വകുപ്പിന്റെ ഫെല്ലോഷിപ്പോടെ മോഹിനിയാട്ടത്തെക്കുറിച്ചു കല്യാണിക്കുട്ടിയമ്മ ഗവേഷണം നടത്തി. ഭക്തിയും പ്രേമവും, നമ്മളൊന്നായാൽ, കാലവും ജീവിതവും, ഉമാപരിണയം, കണ്ണകി തുടങ്ങി അനേകം നൃത്തശില്പങ്ങൾ രചിച്ച് ഇവർ രംഗത്തവതരിപ്പിച്ചു.

 

🌏

സിനിമയിലും കല്യാണിക്കുട്ടിയമ്മ അഭിനയിച്ചിട്ടുണ്ട് : ‘രാരിച്ചൻ എന്ന പൗരൻ’ , ‘അസുരവിത്ത്’, ‘ഗന്ധർവക്ഷേത്രം’ എന്നീ ചലച്ചിത്രങ്ങളിലും അഭിനയിച്ചു.
1972-ൽ കേന്ദ്ര സംഗീത നാടക അക്കാദമി ഫെല്ലോഷിപ്പ് ലഭിച്ചു.1974-ൽ അക്കാദമി ‘ഗുരു’ സ്ഥാനവും നൽകി.

മോഹിനിയാട്ടത്തെക്കുറിച്ച് ചില പ്രാമാണിക ഗ്രന്ഥങ്ങളും കല്യാണിക്കുട്ടിയമ്മ രചിച്ചിട്ടുണ്ട്. മോഹിനിയാട്ടത്തെക്കുറിച്ചുള്ള (ഒരു പക്ഷേ, ആദ്യമായി രചിക്കപ്പെട്ടിട്ടുള്ള ) പുസ്തകമായ, കല്യാണിക്കുട്ടിയമ്മയുടെ “മോഹിനിയാട്ടം”, 1978-ൽ സാഹിത്യ പ്രവർത്തക സഹകരണ സംഘം പ്രസിദ്ധീകരിച്ചു. കല്യാണിക്കുട്ടിയമ്മ രചിച്ച Mohiniyattam – History and Dance Structure” എന്ന പുസ്തകം മോഹിനിയാട്ടത്തെ പറ്റിയുള്ള ഏറ്റവും വിപുലവും ആധികാരികവുമായ പുസ്തകമായി കണക്കാക്കപ്പെടുന്നു.

ഇതിന്റെ മലയാള രൂപം, 1992-ൽ ഡി.സി.ബുക്സ് പ്രസിദ്ധീകരിച്ച കല്യാണിക്കുട്ടിയമ്മയുടെ “മോഹിനിയാട്ടം: ചരിത്രവും ആട്ടപ്രകാരവും”എന്നത് ഈ രംഗത്തെ മലയാളത്തിലുള്ള ഒരു പ്രാമാണികമായ പുസ്തകമാണ്.  

🌏

കല്യാണിക്കുട്ടിയമ്മ – കൃഷ്ണൻ നായർ ദമ്പതികളുടെ പുത്രനാണ് പ്രമുഖ ചലച്ചിത്ര-നാടക നടൻ  ആയിരുന്ന കലാശാല ബാബു. ഇവരുടെ രണ്ട് പെൺമക്കൾ, ശ്രീദേവി രാജനും കലാ വിജയനും, മോഹിനിയാട്ടം കലാകാരികളാണ്.

ഇവരുടെ കൊച്ചുമകൾ സ്മിത രാജനും മോഹിനിയാട്ടം കലാകാരിയാണ്. ഇവരുടെ മകൾ കല തൃപ്പൂണിത്തുറയിൽ ഒരു നൃത്തവിദ്യാലയം നടത്തുന്നു. കല ടീച്ചറുടെ മകൻ അജിത്ത് സിനിമാ നടനാണ്.

🌏 1999 മേയ് 12-ന്, കലാമണ്ഡലം കല്യാണിക്കുട്ടിയമ്മ, 84-ാം വയസ്സിൽ, നിര്യാതയായി.

 

Traditions in Mohiniyattam | Sahapedia

======================================================

(കേരള സാഹിത്യ അക്കാദമിയുടെ സെക്രട്ടറിയായിരുന്നു ലേഖകന്‍)

___________________________________________________________

കൂടുതല്‍ വാര്‍ത്തകള്‍ക്കായി

http://www.newsboardindia.com
സന്ദര്‍ശിക്കുക