കമലയുടെ വിരമിക്കല്‍ ആനുകൂല്യമാണ് വീണയുടെ മൂലധനമെന്ന് മുഖ്യന്‍

In Editors Pick, കേരളം
February 01, 2024

തിരുവനന്തപുരം: മകള്‍ വീണയ്ക്കെതിരായ ആരോപണങ്ങള്‍ക്ക് ആദ്യമായി വിശദമറുപടിയുമായി മുഖ്യമന്ത്രി പിണറായി വിജയന്‍. ഭാര്യ കമല വിരമിച്ചപ്പോള്‍ കിട്ടിയ തുക കൊണ്ടാണ് മകള്‍ കമ്പനി തുടങ്ങിയതെന്നും തന്റെ കൈകള്‍ ശുദ്ധമാണെന്നും അദ്ദേഹം പറഞ്ഞു. ഇങ്ങനെയൊരു ആരോപണങ്ങള്‍ തന്നെ ഒരു രീതിയിലും ബാധിക്കില്ല. പ്രതിപക്ഷം ആരോപണങ്ങള്‍ തുടരട്ടെ. ജനം അത് സ്വീകരിക്കുകയോ ഇല്ലയോ എന്നത് കാലം തെളിയിക്കട്ടെയെന്നും അദ്ദേഹം പറഞ്ഞു. നിയമസഭയിലായിരുന്നു മുഖ്യമന്ത്രിയുടെ പ്രതികരണം.

‘എന്തെല്ലാം കഥകള്‍ നേരത്തേയും കേള്‍ക്കേണ്ടി വന്നിട്ടുണ്ട്. പക്ഷേ അതൊന്നും ഇവിടെ ഏല്‍ക്കില്ല. കാരണം ഈ കൈകള്‍ ശുദ്ധമാണ്. നേരത്തേ ഭാര്യയെ കുറിച്ചായിരുന്നു. ഇപ്പൊ മെല്ലെ മകളിലേക്ക് എത്തിയിട്ടുണ്ട്. കാണേണ്ട കാര്യം എന്താന്നറിയോ, മകള് ബംഗളൂരുവില്‍ കമ്പനി തുടങ്ങാന്‍ പോകുന്നത് എന്റെ ഭാര്യ, അവളുടെ അമ്മ റിട്ടയര്‍ ചെയ്തപ്പോള്‍ കിട്ടിയ കാശ്, അത് ബാങ്കില്‍ നിന്ന് എടുത്ത് കൊടുക്കുകയായിരുന്നു. നീ പോയിട്ട് നിന്റെതായ കമ്പനി തുടങ്ങ്. സ്വന്തമായിട്ട്, ചെറിയ കമ്പനി തുടങ്ങിയാ മതി, എന്ന് പറഞ്ഞിട്ട് തുടങ്ങുകയായിരുന്നു. അപ്പൊ അതില്‍നിന്ന് വന്നതുകൊണ്ടുതന്നെ ഇങ്ങനെയുള്ള കാര്യങ്ങളൊക്കെ കേള്‍ക്കുമ്പോള്‍ എനിക്കൊരു മാനസിക കുലുക്കവും ഉണ്ടാകൂല്ല, ഏശാത്തത് ഇതൊക്കെ കൊണ്ട് തന്നെയാണ്. അതൊന്നും അഹംഭാവം പറച്ചില്ലല്ല അതൊക്കെ ആരുടെ മുന്നിലും പറയാന്‍ കഴിയും, തലയുയര്‍ത്തി തന്നെ പറയാനാകും’, പിണറായി വിജയന്‍ പറഞ്ഞു.

ഞാന്‍ പരസ്യമായി ഒരു യോഗത്തില്‍ പറഞ്ഞല്ലോ. മനഃസമാധാനമാണ് പ്രധാനം. നിങ്ങള്‍ മനഃസമാധാനത്തിന് നിരക്കുന്ന കാര്യങ്ങള്‍ മാത്രമേ ചെയ്യാവൂ. തെറ്റ് ചെയ്‌തെങ്കില്‍ മനഃസമാധാനം ഉണ്ടാകില്ല. ബാക്കിയെല്ലാം കേള്‍ക്കുമ്പോഴും തെറ്റായ കാര്യങ്ങള്‍ നമ്മളെ കുറിച്ച് പറയുന്നത് കേള്‍ക്കുമ്പോഴും ഉള്ളാലെ ചിരിച്ചുകൊണ്ട് അത് കേള്‍ക്കാന്‍ പറ്റും. ഉള്ളാലെ ചിരിച്ചുകൊണ്ട് കേള്‍ക്കാന്‍ പറ്റുന്ന മാനസികാവസ്ഥയിലാണ് ഞാന്‍. ഒന്നും എന്നെ ഏശില്ല. ഏശാത്തത് ഇതുകൊണ്ടുതന്നെയാണ്. അതൊരു അഹംഭാവം പറച്ചിലൊന്നുമല്ല. ഈ കൈകള്‍ ശുദ്ധമാണ്. അതുകൊണ്ടാണ്. അതാരുടെ മുന്നിലും പറയാന്‍ കഴിയും. അല്‍പ്പം തലയുയര്‍ത്തി തന്നെ പറയാന്‍ കഴിയും. നിങ്ങള്‍ക്ക് രാഷ്ട്രീയമായി ഉദ്ദേശം ഉണ്ടാകും. ഈ ടീമിന്റെ നേതാവെന്ന നിലയ്ക്ക് ഇവിടെയിരിക്കുന്ന എന്നെ രാഷ്ട്രീയമായി ഇകഴ്ത്തി കാണിക്കുന്നത് നിങ്ങളുടെ ആവശ്യമായിരിക്കാം. അത് നിങ്ങള്‍ നടത്ത്. ജനം സ്വീകരിക്കുന്നുണ്ടോ ഇല്ലയോ എന്ന് കാലം തീരുമാനിക്കട്ടെ’, പിണറായി പറഞ്ഞു. ഇതാദ്യമായാണ് വിഷയത്തില്‍ മുഖ്യമന്ത്രി പ്രതികരിക്കുന്നത്.