ഹമാസ് പിന്തുണ; മിയ ഖലീഫക്കു കോടികളുടെ നഷ്ടം

In Editors Pick, Special Story
October 11, 2023

വാഷിങ്ടൺ: ഇസ്രായേൽ – ഹമാസ് യുദ്ധത്തിനിടെ പലസ്തീന് പിന്തുണ പ്രഖ്യാപിച്ചതിന്റെ പേരിൽ  മുൻ അശ്‌ളീല ചിത്രങ്ങളിലെ നടിയായ ചലച്ചിത്ര താരം മിയ ഖലീഫയ്ക്ക് കോടികളുടെ നഷ്ടം. ‘മിയ ഖലീഫ’ എന്നറിയപ്പെടുന്ന സാറാ ജോ ചാമൗണുമായുള്ള കരാറുകൾ കനേഡിയൻ യുഎസ് കമ്പനികൾ നിർത്തലാക്കിയതോടെയാണിത്.

‘പലസ്തീനിലെ നിലവിലെ സാഹചര്യം മനസിലാക്കിയാല്‍ അവരുടെ പക്ഷത്ത് നില്‍ക്കാതിരിക്കാൻ കഴിയില്ല. അതിന് കഴിഞ്ഞില്ലെങ്കില്‍ നിങ്ങള്‍ വംശീയതയുടെ തെറ്റായ വശത്താണ്. അത് കാലക്രമേണ തെളിയും’- എന്നായിരുന്നു മിയ ഖലീഫ ട്വിറ്ററില്‍ കുറിച്ചത്. സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിൽ മിയ ഖലീഫക്കെതിരെ വിമര്‍ശനങ്ങളും പിന്തുണയും ഉയർന്നുവന്നിരുന്നു.

അമേരിക്കന്‍ മാഗസിനായ പ്ലേബോയ് മിയ ഖലീഫയുമായുള്ള കരാറുകൾ റദ്ദാക്കി.പ്ലേബോയ് പ്ലാറ്റ്‌ഫോമില്‍ മിയ ഖലീഫയുടെ ക്രിയേറ്റേഴ്‌സ് ചാനലും ഡിലീറ്റ് ചെയ്യപ്പെട്ടിട്ടുണ്ട്. ‘ഞങ്ങളുടെ പ്ലാറ്റ്‌ഫോമിൽ മിയയുടെ പ്ലേബോയ് ചാനൽ ഇല്ലാതാക്കുന്നത് ഉൾപ്പെടെ, മിയ ഖലീഫയുമായുള്ള പ്ലേബോയ്‌യുടെ ബന്ധം അവസാനിപ്പിച്ച തീരുമാനം നിങ്ങളെ അറിയിക്കുകയാണ് എന്നും ഉപയോക്താക്കൾക്ക് അയച്ച ഇമെയിലിൽ പറയുന്നു.

കനേഡിയൻ ബ്രോഡ്കാസ്റ്ററും റേഡിയോ അവതാരകനുമായ ടോഡ് ഷാപ്പിറോ ബിസിനസ്സ് ഇടപാടുകൾ അവസാനിപ്പിക്കുകയാണെന്ന് ട്വീറ്റ് ചെയ്തു.“മിയ ഖലീഫ, ഇത് വളരെ ഭയാനകമായ ഒരു ട്വീറ്റാണ്. നിങ്ങളെ ഇപ്പോൾ തന്നെ പുറത്താക്കിയതായി കരുതുക. വെറുപ്പുളവാക്കുന്നു. അല്ലെങ്കിൽ വെറുപ്പിന് അപ്പുറം. പരിണമിച്ച് ഒരു മികച്ച മനുഷ്യനാകൂ. നിങ്ങൾ മരണം, ബലാത്സംഗം, അടിപിടി, എന്നിവയെ അംഗീകരിക്കുന്നു എന്നത് വസ്തുതയാകാം. ബന്ദികളാക്കൽ യഥാർത്ഥത്തിൽ അതിനപ്പുറമാണ്. നിങ്ങളുടെ അറിവില്ലായ്മയെ വിശദീകരിക്കാൻ വാക്കുകളില്ല. ഞങ്ങൾ മനുഷ്യർ ഒരുമിക്കാൻ ആഗ്രഹിക്കുന്നു, പ്രത്യേകിച്ച് ദുരന്തമുഖത്ത്. ഏറെ വൈകിപ്പോയെങ്കിലും നിങ്ങൾ നല്ലൊരു വ്യക്തിയാകാൻ ഞാൻ പ്രാർത്ഥിക്കുന്നു’-എന്നുമാണ് ടോഡ് ഷാപ്പിറോ കുറിച്ചത്. സയണിസ്റ്റുകളെ പിന്തുണയ്ക്കുന്നവരുടെ കരാര്‍ തനിക്കു വേണ്ടെന്ന മറുപടിയുമായി മിയ ഖലീഫയും രംഗത്തെത്തി.