പീഡനക്കാര്യത്തിൽ കത്തെഴുതിയ ബി ജെ പി നേതാവ് അറസ്ററിൽ

ബെംഗളൂരു: മുൻ പ്രധാനമന്ത്രി ദേവഗൗഡയുടെ കൊച്ചുമകനും ജെ.ഡി.എസ്. എം.പിയുമായ പ്രജ്ജ്വല്‍ രേവണ്ണ സ്ത്രീകളെ ലൈംഗികമായി പീഡിപ്പിക്കുന്നകാര്യം ചൂണ്ടിക്കാട്ടി പാര്‍ട്ടി നേതൃത്വത്തിന് കത്തെഴുതിയ ഹാസനിലെ ബിജെപി നേതാവ് ദേവരാജെ ഗൗഡ അറസ്റ്റില്‍.

ഹാസനിലെ 36-കാരി നല്‍കിയ ലൈംഗിക ഉപദ്രവ പരാതിയിലാണ് അറസ്റ്റ്. എന്നാൽ പ്രജ്ജ്വല്‍ ഉള്‍പ്പെട്ട അശ്ലീല വീഡിയോ പ്രചരിപ്പിച്ച കേസിലാണ് അറസ്റ്റെന്നും ചില മാധ്യമങ്ങള്‍ റിപ്പോര്‍ട്ടുചെയ്തു. അറസ്റ്റിനോട് പ്രതികരിക്കാന്‍ ബിജെപി തയ്യാറായിട്ടില്ല

വസ്തു വില്‍ക്കാന്‍ സഹായിക്കാമെന്ന് വാഗ്ദാനം ചെയ്ത് ലൈംഗികമായി ഉപദ്രവിച്ചെന്ന പരാതിയില്‍ കഴിഞ്ഞദിവസം ദേവരാജ ഗൗഡക്കെതിരെ കേസെടുത്തിരുന്നു. പ്രജ്ജ്വലിന്റെ ലൈംഗിക പീഡനങ്ങളെക്കുറിച്ച് ദേവരാജെ ഗൗഡ നേതൃത്വത്തെ അറിയിക്കുകയും ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ സീറ്റ് നല്‍കരുതെന്ന് ആവശ്യപ്പെടുകയും ചെയ്തിരുന്നു. 2023-ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ എച്ച്.ഡി. രേവണ്ണക്കെതിരെ ഹൊളെനര സിപുരയില്‍ ബിജെപി സ്ഥാനാര്‍ഥി ആയിരുന്നു ദേവരാജെ ഗൗഡ.

ലൈംഗിക പീഡനാരോപണത്തില്‍ കുടുങ്ങിയ പ്രജ്ജ്വല്‍ രേവണ്ണയുടെ പേരില്‍ ഒരു ബലാത്സംഗക്കേസുകൂടി കഴിഞ്ഞദിവസം രജിസ്റ്റര്‍ ചെയ്തിരുന്നു. ഇതോടെ പ്രജ്ജ്വലിന്റെപേരില്‍ രജിസ്റ്റര്‍ചെയ്ത ലൈംഗിക പീഡനക്കേസുകള്‍ മൂന്നായി.

ആവര്‍ത്തിച്ചുള്ള ബലാത്സംഗം, പീഡനരംഗം ചിത്രീകരിക്കല്‍, ഭീഷണിപ്പെടുത്തല്‍, കാര്യം സാധിക്കുന്നതിനായി ലൈംഗികബന്ധത്തിന് ആവശ്യപ്പെടുക തുടങ്ങിയ കുറ്റങ്ങള്‍ക്കാണ് കേസെടുത്തത്.

രേവണ്ണയുടെ വീട്ടിലെ മുന്‍ജോലിക്കാരി നല്‍കിയ പരാതിയിലാണ് പ്രജ്ജ്വലിനെതിരേ ആദ്യം കേസെടുത്തത്. പിന്നീട് ഹാസനിലെ തദ്ദേശസ്ഥാപനത്തിലെ മുന്‍ വനിതാ ജനപ്രതിനിധി നല്‍കിയ പരാതിയിലും കേസെടുത്തു.

ഏപ്രില്‍ 27-ന് ജര്‍മനിയിലേക്കുപോയ പ്രജ്ജ്വലിനെതിരെ ബ്ലൂ കോര്‍ണര്‍ നോട്ടീസ് പുറപ്പെടുവിച്ചിട്ടുണ്ട്. ലോക്സഭാ തിരഞ്ഞെടുപ്പ് കഴിയാതെ മടങ്ങിയെത്തില്ലെന്നാണ് സൂചന.അതിനിടെ, പ്രജ്ജ്വലിനെതിരേ വ്യാജപരാതി നല്‍കാന്‍ നിര്‍ബന്ധിച്ചെന്ന ഒരു സ്ത്രീയുടെ പരാതിയില്‍ പ്രത്യേകസംഘം (എസ്.ഐ.ടി.) അന്വേഷണം ആരംഭിച്ചു.

കര്‍ണാടക പോലീസില്‍നിന്നാണെന്ന് പരിചയപ്പെടുത്തി സിവില്‍ വസ്ത്രത്തിലെത്തിയ മൂന്നുപേരാണ് പ്രജ്ജ്വലിനെതിരേ വ്യാജപരാതി കൊടുക്കാന്‍ നിര്‍ബന്ധിച്ചതെന്നാണ് ഈ സ്ത്രീ ദേശീയ വനിതാ കമ്മിഷനില്‍ പരാതി നല്‍കിയത്. ഈ പരാതി വനിതാ കമ്മിഷന്‍ എസ്.ഐ.ടി.ക്ക് കൈമാറുകയായിരുന്നു.