ഗവർണരും മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവും കുറെ നാടകങ്ങളും

കൊച്ചി: പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ, പലപ്പോഴും നിലപാടുകളിൽ മലക്കംമറിയുകയും മുഖ്യമന്ത്രി പിണറായി വിജയനെ സഹായിക്കുകയുമാണെന്ന് എഴുത്തുകാരനും രാഷ്ടീയ നിരീക്ഷകനുമായ സി.ആർ. പരമേശ്വരൻ വിലയിരുത്തുന്നു.

‘ ഉദാഹരണത്തിന്, സ്വപ്ന സുരേഷിന്റെ സ്വർണ്ണക്കടത്തിലും ലൈഫ് മിഷനിലും ഉള്ള s.164 CrPC പ്രകാരമുള്ള അപേക്ഷകളുടെ വിശദാംശങ്ങൾ വളരെ ആധികാരികത ഉള്ളവയായിരുന്നു .പക്ഷേ,അവ പുറത്തുവന്നപ്പോൾ സതീശൻ പിണറായിയെ എതിർക്കുന്നതിന് അവയെ ഉപയോഗിക്കുന്നതിന് പകരം പറഞ്ഞത് സ്വപ്ന സുരേഷിന് വിശ്വാസ്യതയില്ല എന്നാണ്. അത്,എന്താടോ അങ്ങനെ? ‘ – പരമേശ്വരൻ ചോദിക്കുന്നു

ആംആദ്മി പാർട്ടി ഇന്ത്യയിലെ തസ്‌കരപ്രഭുവാഴ്ചയുടെ ബദൽ | Interview CR Parameswaran | Malayala Manorama News

 

അദ്ദേഹത്തിൻ്റെ ഫേസ്ബുക്ക് കുറിപ്പിൻ്റെ പൂർണരൂപം താഴെ :

 

കോൺഗ്രസിന്റെ
തത്വദീക്ഷയില്ലായ്മകൾ

 

ന്തുപറഞ്ഞാലും, കേരളത്തിലെ ഇപ്പോഴത്തെ മുഖ്യ പ്രതിപക്ഷം ആരിഫ് മുഹമ്മദ് ഖാനാണ്. പിന്നെയുള്ളത്,സേവ് യൂണിവേഴ്സിറ്റി ഫോറം എന്ന സംഘടനയിലെ ആർ. എസ്. ശശികുമാറിനെപ്പോലുള്ള ചില വ്യക്തികളാണ്. വി. ഡി.സതീശനെ പോലെ ഔപചാരിക പ്രതിപക്ഷത്തുള്ളവർ വെറും പ്രസ്താവനാമനുഷ്യരാണ്.

ഇന്നലെ പ്രതിപക്ഷ നേതാവ് അടക്കം ഉള്ള കോൺഗ്രസുകാർ ആരിഫ് മുഹമ്മദ് ഖാനെ വിമർശിച്ചത് കണ്ടപ്പോൾ അത് കോൺഗ്രസ് പാർട്ടി സ്വന്തം പാദത്തിൽ തന്നെ വെടിവെക്കുന്ന പ്രതീതിയാണ് ഉണ്ടാക്കിയത്..
ഗവർണർക്കെതിരെയുള്ള എസ്.എഫ്.ഐ കരിങ്കൊടി പ്രകടനത്തിന്റെ കാര്യത്തിൽ കോൺഗ്രസിന്റെ സ്വാഭാവിക പ്രതികരണം ഗവർണറോടൊപ്പം ശക്തമായി നിൽക്കുക എന്നതാകേണ്ടിയിരുന്നു, പ്രത്യേകിച്ച്,ബിജെപിയും കെ ജെപിയും ഒക്കെ പിണറായിയുമായുള്ള അവിഹിതബന്ധം മൂലം ഗവർണർക്ക് ചെയ്യുന്ന സഹായം അധരസേവ മാത്രമാണ് എന്നതുകൊണ്ട്.

സ്വപ്നയുടെ ആരോപണങ്ങളിൽ മുഴുവൻ ദുരൂഹതയുണ്ടെന്നും ഉമ്മൻ ചാണ്ടിയെ കല്ലെറിഞ്ഞ പോലെ ഞങ്ങൾ കല്ലെറിയില്ല പിണറായി പേടിക്കേണ്ട എന്ന് ...

 

കോൺഗ്രസ് നേതൃത്വം ഗവർണറുടെ കാര്യത്തിൽ പോലീസിനും എസ്എഫ്ഐ ഗുണ്ടകൾക്കും പൂർണ്ണമായും എതിരായി നിൽക്കാത്തത് രണ്ടുമൂന്നു മാസമായി കമ്മ്യൂണിസ്റ്റ് ഗുണ്ടകളാലും പോലീസിനാലും തെരുവിൽ മർദ്ദിക്കപ്പെടുന്ന യൂത്ത് കോൺഗ്രസ്സുകാരോടുള്ള അനീതി കൂടിയാണ്. കേരളം ഇതുവരെ കാണാത്ത തേർവാഴ്ചയാണ് പിണറായി വിജയൻ തന്റെ ഗുണ്ടകളെ ഉപയോഗിച്ച് ഹൈവേകളിൽ നടത്തിയത്.

ആലപ്പുഴയിൽ ഒരു പെൺകുട്ടി ജീവസന്ധാരണം മുടങ്ങും വിധം ഗുരുതരാവസ്ഥയിലാണ്. കണ്ണൂർ ജില്ലയിലും ഒന്ന് രണ്ട് യുവാക്കൾ ഗുരുതരാവസ്ഥയിലാണ്. അപ്പോൾ കോൺഗ്രസ് നേതൃത്വം ചെയ്യേണ്ടിയിരുന്നത് യാത്ര ചെയ്യുമ്പോൾ കരിങ്കൊടി പ്രതിഷേധം നേരിടുന്ന പിണറായി വിജയനും ഗവർണർക്കും പോലീസ് നൽകുന്ന ഇരട്ടനീതിയെ കുറിച്ച് മാത്രം ഊന്നി പറയുകയാണ്.അതിനുപകരം ഈ സംഭവങ്ങളെ ഒരു അയ്യപ്പൻ- കോശി നാടകമായി ചിത്രീകരിക്കുന്നത് കോൺഗ്രസ് ചെയ്യുന്ന സ്വയം വഞ്ചനയാണ്.

അല്ലെങ്കിൽ, ഇന്ത്യൻ രാഷ്ട്രീയത്തിൽ എന്നാണ് അയ്യപ്പൻ -കോശി നാടകങ്ങൾ ഒഴിഞ്ഞു നിന്നിട്ടുള്ളത്? രാഷ്ട്രീയപാർട്ടികളിൽ ഉള്ളത് 10% പ്രത്യയശാസ്ത്രവും 90% അധികാരത്തിനും അഴിമതിക്കും സമ്പത്തിനും വേണ്ടിയുള്ള ഉദ്യമങ്ങളുമാണ്. തീർച്ചയായും പ്രത്യയശാസ്ത്ര പ്രദർശനങ്ങളിൽ ഒരു ബിജെപി മുദ്രയും കോൺഗ്രസ് മുദ്രയും കമ്മ്യൂണിസ്റ്റുമുദ്രയും സുഡാപ്പി മുദ്രയും ഒക്കെ കാണാം. എന്നാൽ വ്യക്തികളിൽ അങ്ങനെ പ്രത്യശാസ്ത്രമൊന്നുമില്ല.ഇന്നിവിടെ കാണുന്നവനെ നാളെ അവിടെ കാണാം.അവരെ നിയന്ത്രിക്കുന്നത് അധികാരാക്രാന്തമാണ്.

അതിനാൽ, ഇന്ത്യയിൽ പ്രത്യേകിച്ച് കേരളത്തിൽ പാർട്ടികളിൽ ‘രാഷ്ട്രീയ’ത്തിന്റെ അഭാവം വല്ലാതെയുണ്ട്. ആർക്ക് ആരെല്ലാമായി ആണ് അന്തർധാര ഉള്ളത് എന്ന് നമുക്ക് ഊഹിക്കാൻ ആവില്ല. ഇന്നലെ നിതീഷ് അവിടെ. ഇന്ന് മറ്റൊരു ഇടത്ത്.അത്രയ്ക്ക് മലിമസമായ അന്തരീക്ഷമാണ്.

ആരിഫ് മുഹമ്മദ് ഖാൻ ആദ്യത്തെ രണ്ടു വർഷത്തോളം ബിജെപി -സിപിഎം അവിഹിതബന്ധത്തിന്റെ സഹായിയായിരുന്നു. അതിനൊരു കാരണം, അയാൾക്ക് രാജ്യത്തിന്റെ പരമോന്നത പദവിയെ കുറിച്ചുള്ള ചില ദുരാഗ്രഹങ്ങൾ ഉണ്ടായിരുന്നിരിക്കാം എന്നതാണ്. അത് നടന്നില്ല എന്ന് കണ്ടതിനു ശേഷം അദ്ദേഹം പിണറായിയുടെ തേർവാഴ്ചയെ എപ്പോഴും തത്വാധിഷ്ഠിതമായി എതിർത്തിട്ടുണ്ട്. സെനറ്റുകളിൽ ബി. ജെ. പി. ക്കാരെ കുത്തി നിറച്ച നടപടി ഒഴികെ മറ്റു നടപടികളിൽ കുറ്റമൊന്നും ആരോപിക്കാനില്ല .

നിയമവ്യവസ്ഥ അട്ടിമറിയിക്കുക എന്നത് ഒരു സ്വഭാവമായ പിണറായി സർക്കാരിനെതിരെ വന്നിട്ടുള്ള എല്ലാ കോടതി വിധികളിലും അദ്ദേഹത്തിന്റെ പങ്കുണ്ട്. ഇന്നദ്ദേഹം ബിജെപി -സിപിഎം അവിഹിതബന്ധത്തിന്റെ ഭാഗമാണെന്ന് ഞാൻ കരുതുന്നില്ല. ഈ സെപ്റ്റംബറിനു ശേഷം അദ്ദേഹം ഗവർണറായി തുടരുമെന്നും ഞാൻ കരുതുന്നില്ല. അതുവരെ അനതിവിദൂര ഭാവിയിൽ കശാപ്പ് ചെയ്യപ്പെടാനുള്ള സിപിഎമ്മിന് ഒരു ന്യൂയിസൻസായി അയാൾ അവിടെ തുടരട്ടെ എന്നേ കേന്ദ്ര ബിജെപി നേതൃത്വം കരുതുന്നുള്ളൂ.സിപിഎമ്മിനും തങ്ങളാണ് ആരിഫ് മുഹമ്മദ് ഖാന്റെ പ്രഥമപ്രധാന ശത്രുക്കൾ എന്ന് മുസ്ലീങ്ങൾക്കിടയിൽ കാണപ്പെടുന്നത് സന്തോഷം ആണ്.

സതീശൻ ആരിഫ് മുഹമ്മദ് ഖാനെ എതിർക്കുന്നതിനുള്ള ഒരു പ്രധാന കാരണം പിണറായിക്കെതിരെ ഒരു പ്രതിപക്ഷ നേതാവിനെ പോലെ പ്രവർത്തിക്കാൻ അയാൾ ആഗ്രഹിക്കുന്നില്ല എന്നതുകൊണ്ട് ആണ്. കേരളത്തിൽ, ഒന്നാം പിണറായി മന്ത്രിസഭയ്ക്ക് എതിരെ രമേശ് ചെന്നിത്തല ചില സുതാര്യമായ നിലപാടുകൾ എടുത്തിരുന്നു. ചെന്നിത്തലയുടെ ഭൂതകാലം എന്തായാലും അത് പിണറായിക്ക് വളരെ ബുദ്ധിമുട്ടുണ്ടാക്കി. എന്തിനാണ് അയാളെ മാറ്റിയത്? സതീശന് അയാളേക്കാൾ എന്ത് മെച്ചമുണ്ട്? തന്റെ കുപ്രസിദ്ധമായ മാനിപുലേഷൻസിദ്ധി ഉപയോഗിച്ച് സതീശനെ പ്രതിപക്ഷനേതാവിന്റെ സ്ഥാനത്തേക്ക് കൊണ്ടുവന്നത് പിണറായിയാണ് എന്നാണ് നിഷ്പക്ഷ നിരീക്ഷകർക്ക് അനുഭവപ്പെടുക.

പിണറായി ആപത്തിൽ പെടുമ്പോഴെല്ലാം അയാൾ പിണറായി നിയോഗിച്ചിട്ടുള്ള ഒരു ട്രോജൻ കുതിരയെ പോലെ നിശ്ശബ്ദനായി ഒഴിഞ്ഞുമാറി അയാളെ സംരക്ഷിക്കാൻ ഉണ്ട്. അയാൾ ആർജ്ജവമുള്ള ആളാണെങ്കിൽ ചെയ്യേണ്ടിയിരുന്നത് പിണറായി പ്രതിക്കൂട്ടിലായ എല്ലാ കേസുകളിലും സിപിഎമ്മിനെ കഠിനമായി എതിർക്കുകയും മോദി -പിണറായി ബാന്ധവത്തെ ജനങ്ങൾക്കു മുൻപിൽ തുറന്നു കാട്ടുകയും ആണ്.. എന്നാൽ അയാൾ ചെയ്തുകൊണ്ടിരിക്കുന്നത് ഒരു പ്രതിപക്ഷ നേതാവ് ചെയ്യേണ്ടുന്ന അത്തരം കാര്യങ്ങൾ അല്ല..

ഉദാഹരണത്തിന്, സ്വപ്ന സുരേഷിന്റെ സ്വർണ്ണ കടത്തിലും ലൈഫ് മിഷനിലും ഉള്ള s.164 CrPC പ്രകാരമുള്ള അപേക്ഷകളുടെ വിശദാംശങ്ങൾ വളരെ ആധികാരികത ഉള്ളവയായിരുന്നു .പക്ഷേ,അവ പുറത്തുവന്നപ്പോൾ സതീശൻ പിണറായിയെ എതിർക്കുന്നതിന് അവയെ ഉപയോഗിക്കുന്നതിന് പകരം പറഞ്ഞത് സ്വപ്ന സുരേഷിന് വിശ്വാസ്യതയില്ല എന്നാണ്. അത്,എന്താടോ അങ്ങനെ?

ആരിഫ് മുഹമ്മദ് ഖാനെ കോൺഗ്രസ് എതിർക്കുന്നതിനുള്ള പ്രധാന കാരണം മുസ്ലിം ലീഗിനോടും ഇതര മുസ്ലിം സംഘടനകളോടും ഉള്ള അടിമത്വത്തോട് അടുക്കുന്ന വിധേയത്വമാണ്. . 1980കളിൽ ശരിയത്തിനെ എതിർത്ത ആരിഫ് മുഹമ്മദ് ഖാൻ മുസ്ലിം സംഘടനകളെ സംബന്ധിച്ചിടത്തോളം കഠിനമായ മതഭ്രംശം( apostasy ) നടത്തിയ ഒരു ശിക്ഷാർഹനാണ്. കാഫിറുകളുടെ രാജ്യത്താകയാൽ കൊല്ലൽ അത്ര എളുപ്പമല്ല എന്നു മാത്രം. എങ്കിലും, അയാൾ ചെയ്യുന്നതും പറയുന്നതും എല്ലാം എതിർക്കുക എന്നതാണ് മുസ്ലിം ധർമ്മം എന്നാണ് ഈ സംഘടനകൾ വിചാരിക്കുന്നത്. വോട്ട് ബാങ്ക് അടിമത്തം മൂലം അവരോടൊപ്പം ചേരാൻ കോൺഗ്രസും നിർബന്ധിതമാകുന്നു.

ഇത് കോൺഗ്രസിന്റെ വലിയ ഒരു തെറ്റിദ്ധാരണയാണ്. മുസ്ലിം സംഘടനകൾ എല്ലാ മുസ്ലീങ്ങളെയും പ്രതിനിധീകരിക്കുന്നില്ല. ആരിഫ് മുഹമ്മദ് ഖാനെ യഥാർത്ഥ പ്രതിപക്ഷമായി കാണുന്ന സാധാരണ ജനങ്ങളിൽ ധാരാളം മുസ്ലിങ്ങളും ഉണ്ട്.

യൂണിവേഴ്സിറ്റി വിഷയത്തിൽ രണ്ട് ദിവസം സതീശൻ ഗവർണറെ പിന്താങ്ങി. അതായിരുന്നു ശരി. പക്ഷെ , കുഞ്ഞാലിക്കുട്ടി തന്റെ വ്യക്തിപരമായ പിണറായി സൗഹൃദത്താലും മുസ്ലിം ലീഗ് നിലപാടിനാലും ഗവർണർക്ക് എതിരെ തിരിഞ്ഞപ്പോൾ ഞാൻ പ്രവചിച്ചു,നാളെ സതീശനും പ്ലേറ്റ് മാറ്റുമെന്ന്. അതുപോലെതന്നെ സംഭവിച്ചു.
അതുപോലെ സഹകരണസംഘം വിഷയത്തിലും പ്രതിപക്ഷ നേതാവ് രണ്ടുദിവസം സിപിഎമ്മിനെതിരെ സംസാരിച്ചു.ഉടനെ കുഞ്ഞാലി ഇടപെട്ടു. അന്നും ഞാൻ പറഞ്ഞു, സതീശൻ ഉടനെ നിലപാട് മാറുമെന്ന്. അതും അതുപോലെതന്നെ സംഭവിച്ചു.

നവകേരളയാത്രയിൽ ദിവസവും യൂത്ത് കോൺഗ്രസിലെ യുവാക്കൾ അടി കൊണ്ടിരുന്നപ്പോൾ ഒരു പ്രതിപക്ഷ നേതാവിന് തെരുവിൽ ഇറങ്ങാതെ ദിവസവും ഏകതാനമായ പ്രസ്താവനകൾ ഇറക്കി ഒന്നരമാസത്തോളം കാലയാപനം നടത്താൻ എങ്ങനെ കഴിഞ്ഞു എന്ന് ഞാൻ അത്ഭുതപ്പെട്ടിട്ടുണ്ട്. കഴിഞ്ഞ ആഴ്ചയും പിള്ളേർ അടികൊണ്ടു കൊണ്ടിരുന്നപ്പോൾ തന്നെ പിണറായിയോടൊപ്പം കേന്ദ്രത്തിനെതിരായ സമരത്തിൽ സഹകരിക്കുന്നതിനെ കുറിച്ച് ആലോചിക്കാൻ ഇയാൾ കുഞ്ഞാലിയോടൊപ്പം ഓൺലൈൻ മീറ്റിങ്ങിൽ പങ്കെടുത്തു. ആ വഴിയിൽ അധികം പുരോഗമിച്ചില്ലെങ്കിലും മീറ്റിങ്ങിനുള്ള ക്ഷണം outright ആയി തിരസ്കരിക്കുന്നതായിരുന്നു ഇത്രയും മർദ്ദിക്കപ്പെട്ട പ്രതിപക്ഷത്തിന്റെ ധർമ്മം.

യൂണിവേഴ്സിറ്റി വിഷയത്തിലും ലോകായുക്തവിഷയത്തിലും കരിമണൽ വിഷയത്തിലും ഒക്കെ പ്രതിപക്ഷ നേതാവല്ല സർക്കാരിനെതിരെ കേസിനു പോയിരിക്കുന്നത്. പുറത്തുള്ള ഒറ്റപ്പെട്ട മനുഷ്യരാണ്. എന്നിട്ടും ലജ്ജ തോന്നേണ്ടതല്ലേ പ്രതിപക്ഷനേതാവ് എന്ന് പറഞ്ഞു നടക്കാൻ. കുഴൽനാടനെ മാസപ്പടി ചർച്ചയിൽ ഒറ്റക്കിട്ട് ഇയാളും ബാക്കി എംഎൽഎമാരും സഭയിൽ നിന്ന് ഇറങ്ങിപ്പോയത് എത്ര പരിഹാസ്യമായിരുന്നു.
കമ്മ്യൂണിസ്റ്റുകാർക്കും ബിജെപിക്കും ഒക്കെ ഒരു സ്വത്വമുണ്ട് ഇപ്പോഴും. ഒരു ഫാസിസ്റ്റ് സ്വത്വം. നിറവും ഗുണവും നിലപാടും ഇല്ലാത്ത ഒരു പാർട്ടി കോൺഗ്രസ് മാത്രമാണ്.

കോൺഗ്രസിന്റെ മതേതരത്വ നയങ്ങൾ മുഴുവൻ ലീഗിനോടുള്ള വിധേയത്വം മൂലം മായം കലർത്തപ്പെട്ടു കഴിഞ്ഞു. ഉദാഹരണത്തിന് മാപ്പിള ലഹളയെ കുറിച്ച് കോൺഗ്രസ് എടുത്ത നിലപാട് നോക്കൂ. മാപ്പിള ലഹള നൂറു കൊല്ലം മുൻപ് നടന്നതാണ്. നൂറ്റാണ്ടുകൾക്ക് മുമ്പ് കുഴിച്ചിട്ട ശവങ്ങൾ ഇന്നത്തെ നിക്ഷിപ്ത താൽപര്യങ്ങൾക്കു വേണ്ടി വലിച്ചു പുറത്തിടരുതെന്ന അഭിപ്രായക്കാരനാണ് ഞാൻ എന്നും. ഒരു സഖാപ്പി സിനിമക്കാരനാണ് സഖാക്കൾക്ക് വേണ്ടി ലഹളയെ കുറിച്ചുള്ള അസുഖകരമായ ഓർമ്മകൾ വീണ്ടും കുത്തിപ്പൊക്കി കൊണ്ടുവന്നത്. അതും ചരിത്രവിരുദ്ധമായി. അതോടെ സംഘികൾക്കും സന്തോഷമായി. ഉത്സവമായി. പക്ഷേ കോൺഗ്രസ് അതിൽ കക്ഷി ചേരാൻ പാടില്ലായിരുന്നു.

ഗവർണർ നിയമസഭയെ അവഹേളിച്ചെന്ന് വി.ഡ‍ി.സതീശൻ; വണങ്ങാൻ നിന്നപ്പോൾ വാണംവിട്ട പോലെ പോയെന്ന് കുഞ്ഞാലിക്കുട്ടി| vd satheesan pk kunhalikutty on governor arif mohammed ...

മാപ്പിള കലാപം വർഗീയ ലഹള അല്ല എന്നകുഞ്ഞാലിക്കുട്ടിയുടെ വേർഷൻ സാധൂകരിച്ചുകൊണ്ട് കോൺഗ്രസ് പക്ഷേ അതിൽ കക്ഷി ചേർന്നു. ചരിത്രം എന്താണ്? ഗാന്ധിജി അടക്കം അന്ന് ജീവിച്ചിരുന്ന 4 AICC പ്രസിഡന്റുമാർ പറഞ്ഞത് അത് വർഗീയ ലഹള കൂടിയായിരുന്നു എന്നാണ്. . അവരെ കൂടാതെ, സമകാലികരായിരുന്ന അംബേദ്കറേയും കുമാരനാശാനെയും കെ മാധവൻ നായരെയും പിന്തള്ളി സതീശൻകോൺഗ്രസിന് ഇഷ്ടപ്പെട്ടത് കുഞ്ഞാലി ശരിവച്ച കമ്മി-സുഡാപ്പിചരിത്രമാണ്. കുഞ്ഞാലിക്കുട്ടിക്ക് മുൻപിൽ എന്ത് ഗാന്ധിജി?

ഏതു കുറ്റിച്ചൂലിനെ നിർത്തിയാലും 20 സീറ്റിലും യുഡിഎഫ് ജയിക്കും എന്ന ഒരു അവസ്ഥ ഇപ്പോൾ ഉണ്ട്. കോൺഗ്രസിന്റെ മേന്മ കൊണ്ട് ഒന്നുമല്ല.കമ്മ്യൂണിസ്റ്റ് അനുഭാവികൾ അടക്കം ഉള്ള ജനങ്ങളിൽ സിപിഎം ദുർഭരണത്തെക്കുറിച്ച് അത്രയ്ക്കധികം നെഗറ്റീവ് വികാരങ്ങൾ ഉണ്ട്. അതുകൊണ്ടാണ്.
കൂടാതെ, കേരളം കണ്ടിട്ടുള്ളതിലും വച്ച് ഏറ്റവും തത്വദീക്ഷയില്ലാത്ത ഒന്നാണ് ബിജെപി- സിപിഎം അവിഹിത ബന്ധം. നാല്പതോളം കൊല്ലങ്ങളിൽ സംഘപരിവാറും സിപിഎംകാരും 250 ഓളം പേരെ പരസ്പര സംഘട്ടനങ്ങളിൽ കൊന്നിട്ടുണ്ട്.

രക്തസാക്ഷികൾ, ബലിദാനികൾ എന്നൊക്കെയുള്ള പേരുകളിൽ അറിയപ്പെടുന്ന ഈ വഞ്ചിതരുടെ കുഴിമാടങ്ങൾക്ക് മീതെയാണ് സിപിഎമ്മും ബിജെപിയും അവിഹിതക്കിടക്ക വിരിച്ചിട്ടുള്ളത്. കമ്മ്യൂണിസ്റ്റ് പാർട്ടിയിലും ബിജെപിയിലും ഉള്ളവർ അടക്കം ഒരുപാട് പേർക്ക് ഈ നെറികേടിനോട് എതിർപ്പുണ്ട്. അത്തരം വോട്ടുകൾ കോൺഗ്രസിന് കിട്ടുമായിരുന്നു.

കോൺഗ്രസിന്റെ മുൻപ് പറഞ്ഞ നിലപാടില്ലായ്മകൾ കോൺഗ്രസിനെ ഒരു സ്വത്വബലമില്ലാത്ത പാർട്ടി ആക്കുന്നു. പാർലമെന്റ് തെരഞ്ഞെടുപ്പിൽ കേരള ജനത കോൺഗ്രസിന് നെഗറ്റീവ് വോട്ട് നൽകാൻ തയ്യാറായാലും നേതാക്കന്മാരുടെ ഇതുപോലുള്ള നടപടികൾ കമ്മ്യൂണിസ്റ്റുകാരെ ജയിപ്പിക്കുന്ന വിധത്തിൽ ജനങ്ങളെ മാറ്റി ചിന്തിപ്പിക്കും.