അവ്യക്തതയുടെ പേക്കൂത്ത്

പി.രാജൻ

കേന്ദ്രം അവഗണിക്കുന്നൂയെന്നു കുറ്റപ്പെടുത്തി ദക്ഷിണ സംസ്ഥാന മുഖ്യമന്ത്രിമാർ ദൽഹിയിൽ പോയി നിലവിളിയും പോർവിളിയും ഒന്നിച്ചു നടത്തുകയാണ്. ഏതെങ്കിലും സംസ്ഥാനത്തോട് പ്രത്യേക പരിഗണന കേന്ദ്രസർക്കാർ കാണിക്കുന്നുണ്ടോയെന്നു ആവലാതിക്കാരായ സംസ്ഥാന മുഖ്യമന്ത്രിമാർ ആദ്യം വ്യക്തമാക്കേണ്ടിയിരിക്കുന്നു.

 

കേന്ദ്ര ധനകാര്യ മന്ത്രി നിർമ്മലാ സീതാരാമൻ്റെ ചോദ്യത്തിനു വ്യക്തമായ മറുപടി നൽകാതെ ഈയവഗണനാവാദം ആരും പരിഗണിക്കാൻ പോകുന്നില്ല. ധനകാര്യ കമ്മിഷൻ്റെ ശുപാർശകൾ അനുസരിച്ചും ഭരണഘടനാവ്യവസ്ഥകൾ അനുസരിച്ചുമല്ലാതെ കേന്ദ്ര സർക്കാറിന് നികുതി വരുമാനം പങ്ക് വെക്കാനാകില്ല.

ഉത്തരേന്ത്യൻ സംസ്ഥാനങ്ങളോട് പക്ഷപാതം കാണിക്കുന്നുവെന്ന പരാതി കോൺഗ്രസ്സ് ഭരണകാലത്തും ധാരാളം കേട്ടിട്ടുള്ളതാണ്. പക്ഷെ,ഉത്തർപ്രദേശ്, ബീഹാർ, മദ്ധ്യപ്രദ്രശ്. രാജസ്ഥാൻ എന്നിങ്ങനെ പശു മേഖലയെന്ന് ആക്ഷേപിക്കപ്പെടുന്ന സംസ്ഥാനങ്ങൾ ഭാരതത്തിലെ ദരിദ്ര പ്രദേശങ്ങൾ ആയിത്തന്നെ തുടർന്നു വന്നു.

ഇപ്പോൾ കേന്ദ്ര യവഗണനയുടെ പേരിൽ കർണ്ണാടകവും കേരളത്തിൻ്റെ കൂടെ കേന്ദ്ര വിരുദ്ധ സമരത്തിനിറങ്ങിയിട്ടുണ്ട്. കേരളത്തിൻ്റെ ഏറ്റവും വലിയ പരാതിയിലൊന്ന് കേന്ദ്രം വ്യാവസായികരംഗത്ത് കേരളത്തിൽ പണം മുടക്കുന്നില്ലെന്നായിരുന്നു. കർണ്ണാടകത്തിനു അങ്ങനെയൊരു പരാതിയുണ്ടാകാൻ കാരണമില്ല. അത് കൊണ്ട് കൂടുതൽ നികുതി പിരിക്കുന്ന കർണ്ണാടകത്തിനു കൂടുതൽ വിഹിതം കിട്ടണമെന്നാണ് വാദം.

സംസ്ഥാനങ്ങളുടെ അവകാശ വാദങ്ങളിലെ വൈരുദ്ധ്യങ്ങൾ പരിഹാസ്യമാകാറുണ്ട്. സംസ്ഥാനങ്ങളുടെ അധികാരം കവർന്നെടുക്കുകയാണ് കേന്ദ്രം എന്ന് ആക്ഷേപിക്കുന്ന കേരളത്തിലെ നായനാർ സർക്കാർ ഔദ്യാഗികമായിത്തന്നെ കേന്ദ്ര സർക്കാറിന സമർപ്പിച്ചിരുന്ന നിവേദനം ഓർക്കാവുന്നതാണ്.

കേരളത്തിൽ നിന്ന് കശുവണ്ടി വ്യവസായം തമിഴ്നാട്ടിലേക്കും ബീഡി വ്യവസായം കർണ്ണാടകത്തിലേക്കും മാറ്റുന്നത് തടയാനായി ഈ രംഗത്ത് എല്ലാ സംസ്ഥാനങ്ങളിലും ബാധകമായ കുറഞ്ഞ കൂലി കേന്ദ സർക്കാർ ഏർപ്പെടുത്തണമെന്നായിരുന്നു നിവേദനം. അപ്പോൾ സംസ്ഥാന സർക്കാറുകളുടെ അധികാരത്തിൽ കേന്ദ്രം കൈകടത്തുന്നതിൽ കേരളത്തിനു പരാതിയൊന്നുമില്ല.

ഈ അവ്യക്തത ഭരണഘടനാ പ്രശ്നങ്ങളിലുൾപ്പടെ തുടരുകയാണ്. കർണ്ണാടകത്തിൻ്റെ കേന്ദ്ര വിരുദ്ധ മുന്നേറ്റത്തിനു കൊടുത്തിട്ടുള്ള പരസ്യത്തിൽ സമര നേതാവായി സിദ്ധരാമയ്യയോടൊപ്പം ഗാന്ധിയേയും അണിചേർത്തിട്ടുണ്ട്. ‘ഗാന്ധിയുടെ ചിത്രം ഇങ്ങനെ പരസ്യം ചെയ്യുന്നത് തന്നെ നിയമവിരുദ്ധമാണെന്നു കർണ്ണാടക സർക്കാറിന് അറിഞ്ഞുകൂടായിരിക്കും.

പക്ഷെ ജീവിതം സത്യാന്വേഷണ പരീക്ഷണമാക്കിയ ഗാന്ധിജി’തൊഴിലാളി സമരത്തിൽ പോലും വിലപേശലിനല്ലാ,സത്യത്തിനാണ് ഊന്നൽ നൽകിയതെന്നു മറക്കരുത്. ഭാരതത്തിൽ ഏറ്റവും ആവർത്തിച്ചു അച്ചടിച്ചു പ്രചരിപ്പിക്കുന്ന ആപ്തവാക്യം സത്യമേവ ജയതേയെന്നാണല്ലോ.