ഉള്ളിലുള്ള സത്യം തുറന്ന് പറയുക

പി.രാജന്‍

ന്‍ഡ്യയെന്ന ഭാരതത്തിലെ രാഷ്ട്രീയ നേതാക്കളേയും രാഷ്ട്രീയ പാര്‍ട്ടികളേയും നയിക്കുന്നത് ‘എനിക്ക് എന്ത് ലഭിക്കും’ എന്ന സിദ്ധാന്തമാണെന്ന് ബീഹാര്‍ മുഖ്യമന്ത്രിയും ജെ.ഡി.യു.നേതാവുമായ നിതീഷ് കുമാര്‍ ഒരിക്കല്‍ കൂടി തെളിയിച്ചിരിക്കുന്നു.

“ഇന്‍ഡ്യ” സഖ്യം ഉയര്‍ത്തുന്ന ഹിന്ദുത്വം അല്ലങ്കില്‍ ഹിന്ദു വര്‍ഗ്ഗീയത എന്ന കെട്ടുകഥ മുസ്ലിം സമുദായാംഗങ്ങള്‍ക്കിടയില്‍ ഭീതി വളര്‍ത്താനും ബി.ജെ.പിക്കെതിരേ അവരുടെ വോട്ടുകൾ ഏകീകരിക്കാനുമുള്ള ശ്രമമല്ലാതെ മറ്റൊന്നുമല്ല. ആ പ്രചരണത്തില്‍ കഴമ്പുമില്ല. മറ്റ് മത വിദ്വേഷ പ്രവര്‍ത്തനങ്ങള്‍ക്കൊപ്പം ‘ഹിന്ദു ഫോബിയ’യേയും കൂടി ഐക്യരാഷ്ട്ര സഭ അംഗീകരിക്കണമെന്ന് ഭാരതം ഔദ്യോഗികമായി ആവശ്യപ്പെട്ടപ്പോള്‍ നേരിയ പ്രതിഷേധ സ്വരം പോലും ഉയര്‍ന്നില്ല എന്ന്  നാം ഓര്‍ക്കണം.

ഇന്‍ഡ്യ ഒഴികെയുള്ള അവിഭക്ത ഭാരതത്തിലെ അഫ്ഗാനിസ്ഥാനിലേയും പാകിസ്ഥാനിലേയും ബംഗ്ലാദേശിലേയും ഗവേഷകര്‍ക്ക് ഇംഗ്ലണ്ടിലെ ബിഗ് ചാരിറ്റി സംഘടന സ്കോളര്‍ഷിപ്പുകള്‍ പ്രഖ്യാപിച്ചു. ഒരു തരത്തില്‍ അത് ഭാരതത്തിനും മോദി സര്‍ക്കാരിനുമുള്ള ആദരവാണ്. അതേ സമയം രാജ്യത്തെ വിദ്വേഷ പ്രവണതകളെ പ്രോത്സാഹിപ്പിക്കുന്ന ശക്തികളുടെ ഒളിഞ്ഞും തെളിഞ്ഞുമുള്ള ഗൂഢശ്രമങ്ങള്‍ക്കെതിരേ ജാഗ്രത  പുലര്‍ത്താനുള്ള ഓര്‍മ്മപ്പെടുത്തലുമാണ്. രാജ്യത്തെ ദുര്‍ബ്ബലപ്പെടുത്തനുള്ള പുതിയ ‘തുക്കഡേ’ സംവിധാനങ്ങള്‍ കണ്ടെത്തുന്നതിനുള്ള ഗവേഷണമാണോ പ്രോത്സാഹിക്കപ്പെടുന്നതെന്ന് സംശയിക്കേണ്ടിയിരിക്കുന്നു.

ഭാരത റിപ്പബ്ലിക്കിന്‍റെ വളര്‍ച്ചയെ എല്ലാത്തരത്തിലും തടയിടാന്‍ തല്‍പ്പരരായ ഏജന്‍സികള്‍ രാജ്യത്തെ മുസ്ലിംകളേയും പട്ടിക ജാതി-പട്ടികവര്‍ഗ്ഗ ജനവിഭാഗങ്ങളേയും ലക്ഷ്യമിടുന്നുണ്ടോയെന്ന് സംശയിക്കാനും കാരണമുണ്ട്. അതിനാല്‍ നാം, ഭാരതീയര്‍ ജാഗരൂകരായിരിക്കണം. സമൂഹത്തിലെ അസമത്വങ്ങള്‍ ദൂരീകരിക്കാന്‍ ആസൂത്രിതമായ നയങ്ങളും സമയബന്ധിതമായ പരിപാടികളും ആവിഷ്ക്കരിക്കുകയും വേണം.