എന്തെല്ലാം കാഴ്ചകൾ,,,,, എല്ലാം നവം നവം തന്നെ

ക്ഷത്രിയൻ

വിളിച്ചുണർത്തിയിട്ട് അത്താഴയില്ലെന്ന് പറയുന്ന അവസ്ഥയിലാണ് അത്യുത്തര കേരളത്തിലെ സാക്ഷാൽ വി.പി.പി. മുസ്തഫ സഖാവിന്റെ അവസ്ഥ.തിരുവനന്തപുരത്ത് തദ്ദേശ മന്ത്രിയുടെ ഓഫീസിലെ വല്യപുള്ളിയായിരുന്നു-പ്രൈവറ്റ് സെക്രട്ടറി.മന്ത്രിക്ക് വേണ്ടി വേണേൽ ഫയലിൽ തുല്യം ചാർത്താൻ അവകാശ അധികാരമുള്ള കസേരയായിരുന്നു ഇരുപ്പ്.

അഞ്ചാറ് മാസം മുമ്പ് രാജിവെപ്പിച്ചു.ഒരു തള്ളും തള്ളി.കാസർക്കോട്ട് ഉണ്ണിത്താനെ മെരുക്കാൻ താപ്പാനയാകുമെന്ന്.തള്ള് കേട്ടപ്പഴേ തോന്നി ടിയാനെ അനന്തപുരിയിൽ നിന്ന് ഓടിക്കാൻ കാരണഭൂതൻ കണ്ട അടവാണെന്ന്.

ഇപ്പോൾ കേൾക്കുന്നു ടിയാനെ ഗ്യാലറിയിൽ ഇരുത്തി ജില്ലാ സെക്രട്ടറി ബാലകൃഷ്ണനെ കളത്തിലിറക്കിയെന്ന്. മുസ്തഫ സഖാവിന് നഷ്ടമൊന്നുമില്ല.വൈകുന്നേരം ചാനലുകളിൽ വന്നിരുന്ന് കാരണഭൂതൻ്റെ കേളീ വിശേഷങ്ങൾ വർണ്ണിക്കാം.രണ്ടു മൂന്നാഴ്ചയായി ചാനലുകാർ വിളിച്ചിട്ട്. എ.കെ.ജി സെൻറർ വിളികേൾക്കുന്നില്ല.കട മുടക്കം എന്ന ബോർഡ് തൂക്കി അവർ നടവാതിൽ അടച്ച് അകത്തിരിക്കുകയാണ്.

കഴിഞ്ഞ നിയമസഭ ഇലക്ഷന് കാരണഭൂതൻ ഒരു സിദ്ധാന്തം പുറത്തെടുത്തു.രണ്ടു തവണ അടുപ്പിച്ച് മൽസരിച്ചവർക്ക് സീറ്റില്ല.എന്ത് നല്ല ആശയം !

പലരുടെയും ആമാശയം പൊള്ളിയെങ്കിലും കേഡർ പാർട്ടിയായതു കൊണ്ട് തിരുവായ്ക്ക് എതിരില്ല. ജി.സുധാകരനെ വനവാസത്തിനയച്ചു.എ.കെ.ബാലൻ വനത്തിലും നാട്ടിലുമായി.ഇ.പി. ക്ക് ഭൂമിയുമില്ല, ആകാശവുമില്ല.

ആകാശത്ത് പ്രശ്നങ്ങളൊന്നുമില്ല.ഇൻഡിഗോക്കാരോട് ഒരു വെല്ലുവിളി നടത്തി പുലിവാലായി എന്നത് മാത്രം. ഒരു വെട്ടിന് പത്ത് പതിനഞ്ച് തലകൾ കേരള രാഷ്ട്രീയ ഭൂമികയിൽ പതിച്ചു.

ഇത്തവണ ധനകാര്യം ചോദിക്കണോ,വ്യവസായം മതിയോ,ആരോഗ്യവും ടൂറിസവും സാമൂഹ്യ നീതിയും പേരെ എന്നെല്ലാം ചിന്തിച്ചു മയക്കത്തിൽ നിന്ന് ഉണരുമ്പോൾ കട്ടിലിൽ നിന്ന് താഴെ അറം പറ്റിയ അവസ്ഥയായി. സൂര്യന്റെ തീട്ടൂരം വന്നു ഞാൻ ഒഴികെ പഴയതിനെ ഒന്നുപ്പോലും കണ്ടു പോകരുത്.എല്ലാം ബ്രാൻഡ് ന്യൂ മന്ത്രിമാർ. സംഗതി കലക്കി.

പാർലിമെൻ്റ് വന്നപ്പോൾ പഴയ സിദ്ധാന്തം മാറ്റി.എന്തുമാകാം,ഞാൻ നിശ്ചയിക്കുമെന്ന് മാത്രം.വിന്നബിലിറ്റി അതാണ് പുതിയ അഭ്യാസം.രണ്ടു തവണ എം.എൽ.എ, മുൻ മന്ത്രി, രാജ്യസഭാംഗം എന്നീ നിലകളിൽ വിരാജിച്ച സഖാവ് എളമരം എങ്ങനെ സ്ഥാനാർത്ഥിയായി? വിന്നബിലിറ്റി. പഴയ രണ്ടു തവണ? അതെല്ലാം മറന്നേക്കു.നവ കേരളം,നവ ആശയം,നവ മുഖം.

അടുത്ത നവമുഖം പാലക്കാട്ട്.മന്ത്രിയും പോളിറ്റ് ബ്യൂറോ അംഗവും എം.പി.യും ഒരു വീട്ടിൽ നിന്നാവാമോ ? ആവാം,നവ കേരള ആശയമല്ലേ ?

പാലക്കാട്ട് നിന്ന് തോറ്റ് തുന്നം പാടിപോയ വിജയരാഘവന് സീറ്റ് കൊടുത്തത് എന്തിന്നെന്ന് ചോദിക്കരുത്. എന്നാൽ പിന്നെ എ.കെ.ബാലന് ആലത്തൂർ കൊടുക്കരുതോ ? ഭാര്യക്ക് മന്ത്രി പണിയൊന്നുമില്ല.

റിട്ടയർമെൻറിന് ശേഷം പ്ലാനിംഗ് ബോർഡിൽ അംഗമെന്ന നിസ്സാര ജോലി, കാബിനറ്റ് റാങ്കു ഒന്നുമില്ല, അതിന്റെ അടുത്തു വരും.കൊടുക്കാമായിരുന്നു. ഇല്ലെങ്കിൽ ഭാര്യക്ക് എങ്കിലും.പാടില്ല,അവൻ അനുഭവിക്കണം.

മാസപ്പടി കത്തിക്കാൻ ‘രക്ഷിക്കാൻ’ അവൻ എത്ര എണ്ണ ഒഴിച്ചു.നല്ല നടപ്പിന് വിധിച്ചിരിക്കുകയാണ്.ശരിയായി വരട്ടെ, ഭരണ പരിഷ്ക്കാരം ഉണ്ട് കൊടുക്കാൻ.

ആലത്തൂരിലെ പെങ്ങള്ളൂട്ടിയെ ഇന്ദ്ര പ്രസ്ഥം കാണിക്കില്ലത്രേ! 96ൽ മന്ത്രി, 2001 നിയമസഭ കക്ഷി സെക്രട്ടറി, 2006 ൽ സ്പീക്കർ 2021 ൽ വീണ്ടും മന്ത്രി 2024 ൽ പാർലിമെൻറ് സ്ഥാനാർത്ഥി. കല്യാണം പ്പോലും കഴിച്ചിട്ടില്ലാത്ത രാധാകൃഷ്ണൻ സഖാവിന് ഇങ്ങനെ സ്ഥാനങ്ങൾ കൊടുത്ത് പീഡിപ്പിക്കാമോ ?

വേറെ ആള് ഇല്ലാഞ്ഞിട്ടല്ല.നാടു കടത്താൻ ഇതെ വഴിയുള്ളു.അവിടെയും സിദ്ധാന്തം മാറ്റി.എറണാകുളത്ത് ഒന്ന് ഒന്നര ഗെയിം ആയിരുന്നു.കെ.ജെ.ഷൈൻ . നമ്പർ കണ്ടെത്തി വിളിച്ച മൂത്ത സഖാക്കൾ പെൺ ശബ്ദം കേട്ട് ഫോൺ കട്ട് ചെയ്ത് വീണ്ടും വിളിച്ചു.

ചിലർ ബുദ്ധിപൂർവ്വം പറഞ്ഞു സഖാവ് ഷൈന് കൊടുക്ക്! സഖാവ് ഷൈനോട് തിരിച്ചു വിളിക്കാൻ പറ. അപ്പോഴെല്ലാം കേട്ടത് സ്ത്രീ ശബ്ദം. അവസാനം കണ്ടെത്തി ഷൈൻ സ്ത്രീ തന്നെ! പേരില്ലെന്തിരിക്കുന്നു.

സാമുദായിക പരിഗണന,അമ്പത് കഴിഞ്ഞ യുവത്വം ഇതെല്ലാം ഒത്തിണങ്ങിയ ഒരു സഖാവേ പാർട്ടിയിലുള്ളു. സഖാവ് മണ്ഡലം മുഴുവൻ കണ്ടു വരുമ്പോഴേക്കും ഹൈബി ഈഡൻ പാർലിമെൻറിൽ എത്തിക്കാണും.

ഇവിടുത്തെ സിദ്ധാന്തം നടപ്പാക്കിയത് മന്ത്രിയാണത്രേ! താൻ കഴിഞ്ഞ തവണ 1.70 ലക്ഷം വോട്ടിന് തോറ്റു. അത് മറികടക്കാൻ പറ്റുന്ന ഒരാൾ വേണ്ടേ? പിരിവ് പ്പോലുള്ള മറ്റ് ലക്ഷ്യങ്ങളൊന്നും ഇതിന്റെ പിന്നിൽ ഇപ്പോൾ ആരോപിക്കരുത്. അതൊരു വ്യവസായമായി കണ്ടിട്ടില്ല, കാണുകയുമില്ല.