ടി പി ചന്ദ്രശേഖരൻ ; കൊല്ലിച്ചതാരാണ് ?

In Featured, Special Story
February 29, 2024
മുംബൈ: ടി പി ഇപ്പോഴും ബലികുടീരത്തിൽ ഉണർന്നിരിപ്പുണ്ട് . രമയ്‌ക്കും നന്ദുവിനും കാവലായി. വിജയൻ മാഷ് അതാണല്ലോ കാതുകളിൽ പറഞ്ഞുവെച്ചത് . ചോദ്യം ആവർത്തിച്ചു കൊണ്ടേയിരിക്കും. ഇനിയുമിനിയും.ആരാണ് കൊല്ലിച്ചതെന്ന ചോദ്യത്തിന്റെ ഉത്തരം ഭരണകൂടത്തിന് കാണാപ്പാഠമാണ്. മുതിർന്ന പത്രപ്രവർത്തകനായ ജി ശക്തിധരൻ ഫേസ്ബുക്കിലെഴുതുന്നു..
“നീതിപീഠവും ഉയർത്തുന്നത് ആ ചോദ്യം തന്നെയാണ്. ആരാണ് കൊല്ലിച്ചത്? സമസ്‌ത രാഷ്ട്രീയ നേതൃത്വത്തിനും സുപരിചിതമാണ് ആ ചോദ്യത്തിന്റെ ഉത്തരം.  കേരളത്തിന്റെ പരമോന്നത നീതിപീഠം പറയുന്നു ഇത് സമൂഹത്തിനെതിരെയുള്ള കുറ്റ കൃത്യമായി കാണണമെന്ന്. പരമോന്നത നീതിപീഠം പറയുന്നതിനെ സിപിഎം സംസ്ഥാനസെക്രട്ടറി എത്ര പരമപുച്ഛത്തോടെയാണ് പ്രതികരിച്ചതെന്ന് നോക്കുക. കൊല്ലിച്ചവൻ തന്റെ കക്ഷത്തുതന്നെ ഉണ്ട് നിനക്കൊക്കെ ചെയ്യാവുന്നത് ചെയ്തോ എന്ന വെല്ലുവിളിയാണത്. എന്തൊരു നൃശംസൻ! കോടതി പലതും പറയുമെന്നാണോ കൊല്ലിച്ചവൻ ഇപ്പോഴും പറയുന്നത്?”

ഫേസ്ബുക് പോസ്റ്റിന്റെ പൂർണ രൂപം ചുവടെ:-
ലക്ഷ്യം വെച്ചത് വി എസിനെ ആണെങ്കിൽ പോയി
കേസ് കൊട് ?
കൊല്ലിച്ചതാരാണ് ? ഈ ചോദ്യം മൂന്നരക്കോടി ജനങ്ങളുടെ ചുണ്ടിൽ നിന്നും ഉയരുമ്പോൾ ആരെയാണ് ചോദ്യം ഉന്നം വെക്കുന്നതെന്നും ആരാണ് അതിലെ ഇരയെന്നും കേരളത്തിൽ പിറന്നുവീഴുന്ന ഓരോ കുഞ്ഞിനുമറിയാം. കാറ്റിൽ അലിഞ്ഞുചേർന്നിരിക്കുന്ന സത്യമാണത് . .കഴുമരത്തിലേക്ക് ആ പേര് എത്തുംവരെ ലക്ഷക്കണക്കിന് ചുണ്ടുകളിൽ നിന്ന് അത് മന്ത്രം പോലെ ഉരുവിട്ടുകൊണ്ടിരിക്കും. ഒരു ജീവനും മറ്റൊരാൾ അപഹരിക്കപ്പെടാൻ പാടില്ല എന്ന മാനവികതയുടെ മുത്തുമണികളിൽ കോർത്ത കെ കെ രമയുടെ ആപ്തവാക്യത്തിന് മുന്നിൽ കടുകിട വ്യതിചലിക്കാതെ നമുക്ക് കീഴടങ്ങാം. പക്ഷെ നന്ദുവിന്‌ കൗമാരപ്രായം മാത്രമുണ്ടായിരുന്നപ്പോൾ ഭീകരരെ അയച്ചു അവനെ അനാഥനാക്കിയവൻ കഴുമരത്തിന് അടുത്തെത്തുന്നതു ഞങ്ങൾക്കൊന്നു കാണണ്ടേ? തോള് കുലുക്കിത്തന്നെയാണോ അയാൾ നടന്നു കയറുന്നത് ? . അയാൾ ഭഗത് സിങ് ഒന്നുമല്ലല്ലോ.
ടി പി ഇപ്പോഴും ബലികുടീരത്തിൽ ഉണർന്നിരിപ്പുണ്ട് . രമയ്‌ക്കും നന്ദുവിനും കാവലായി. വിജയൻ മാഷ് അതാണല്ലോ കാതുകളിൽ പറഞ്ഞുവെച്ചത് . ചോദ്യം ആവർത്തിച്ചു കൊണ്ടേയിരിക്കും. ഇനിയുമിനിയും.ആരാണ് കൊല്ലിച്ചതെന്ന ചോദ്യത്തിന്റെ ഉത്തരം ഭരണകൂടത്തിന് കാണാപ്പാഠമാണ്. നീതിപീഠവും ഉയർത്തുന്നത് ആ ചോദ്യം തന്നെയാണ്. ആരാണ് കൊല്ലിച്ചത്? സമസ്‌ത രാഷ്ട്രീയ നേതൃത്വത്തിനും സുപരിചിതമാണ് ആ ചോദ്യത്തിന്റെ ഉത്തരം . കമ്മ്യുണിസ്റ്റ് പ്രസ്ഥാനത്തിന്റെ ചരിത്രം തപ്പിനോക്കിയാൽ മനുഷ്യത്വഹീനമായ ധാരാളം സംഭവങ്ങൾ നമുക്കു കാണാം. ഞാനിങ്ങനെ എഴുതുന്നത് കൊണ്ട് കമ്മ്യുണിസ്റ്റ് വിരുദ്ധന്റെ കരിമുദ്ര കൂടുതൽ ആഞ്ഞു ആഴ്ത്തുമായിരിക്കും.സാരമില്ല. പലപ്പോഴും, ആ പീഢനങ്ങൾ നടന്ന നേതൃത്വത്തിന്റ കാലത്തോ പിൽക്കാലത്തോ പലതിനും തിരുത്തലുകളും ഉണ്ടായിട്ടുണ്ട് .

സ്റ്റാലിന്റെ കാലത്തെ അതിക്രൂരമായ സംഭവങ്ങളാണ് തിരുത്തലുകൾക്ക് അതീതമായി ചരിത്രത്തിൽ മായാതെ കിടക്കുന്നത് .കൂട്ട കശാപ്പുകളാണ് പലതും. സി അച്യുതമേനോൻ അദ്ദേഹത്തിൻറെ സമ്പൂർണ്ണ കൃതികളിൽ രേഖപ്പെടുത്തിയിട്ടുള്ളത് പത്തു ലക്ഷം പേരെയെങ്കിലും സ്റ്റാലിന്റെ ഉന്മൂലന സിദ്ധാന്തത്തെ തുടർന്ന് കാലപുരിയിലേക്ക് അയച്ചുവെന്നാണ്. ആ പരമ്പരയിലെ തിരുത്തലുകൾക്ക് അതീതമായ ഒരു കൊലയെക്കുറിച്ചാണ് മലയാണ്മയുടെ നെഞ്ചകത്തിൽ ഉമിത്തീപോലെ നീറുന്നത് . ഒരു അരുംകൊലയുടെ ചുടുകണ്ണീർ ആണ് ഒരുവ്യാഴവട്ടമായി ഒഴുകുന്നത്.
വീണ്ടും ആ ചോദ്യം ശേഷിക്കുന്നു. രാത്രിയുടെ ഏതോ യാമത്തിൽ കരിമണൽ വിതാനിച്ച മണ്ണിലൂടെ ഏതോ കർത്ത പിന്നിൽ നിന്ന് പരവതാനി വിരിച്ചുകൊടുത്ത് അർമാദിച്ചു കൊണ്ടുപോയത് ആരുടെ ജഢം ആയിരുന്നു ? നന്ദു അന്ന് ചരിത്രം പഠിച്ചു തുടങ്ങിയിട്ടേയുള്ളല്ലോ. പിന്നെ പിന്നെയാണ് അവൻ മഹാഭാരതത്തിന്റ താളുകൾ തുറന്നു നോക്കിയത്. അതിലാണവൻ “നിഴൽക്കുത്ത് “എന്ന പദം കണ്ടത്. സ്വന്തം പിതാവിന്റെ ജീവിത കഥയുമായി അതിനെന്തോ സാമ്യം. നിഴൽക്കുത്ത് ഒരു മാരണകർമം ആണെന്ന് ആ കൗമാരക്കാരന് മനസിലായി. അടൂർഗോപാലകൃഷ്ണന്റെ വിഖ്യാത സിനിമയുടെ പോസ്റ്ററുകൾ ഓർമ്മയിലെത്തി. അതേ . “നിഴൽക്കുത്ത് “. ശത്രുവിനെ ഒരു തരം ക്ഷുദ്രപ്രയോഗത്തിൽ വകവരുത്തുന്ന ആഭിചാരപ്രയോഗമാണത്. നിഴൽ ലക്ഷ്യമാക്കി അമ്പെയ്തു കൊല്ലുക എന്നതാണ് വിദ്യ. ദുര്യോധനൻ ഒരു വേലനെക്കൊണ്ട് ആഭിചാരം ചെയ്യിച്ച് പാണ്ഡവന്മാരുടെ നിഴൽ ലക്ഷ്യമാക്കി അമ്പെയ്തു് അവരെ വധിച്ചതായാണ് മഹാഭാരതത്തിലെ കഥ. ഇവിടെയും യഥാർത്ഥ ഉന്നം ടി പി ചന്ദ്രശേഖരനേ ആയിരുന്നില്ലേ? .അതൊരു നിഴൽ മാത്രം. ഉന്നം വി എസ് അച്യുതാനന്ദൻ ആയിരുന്നോ ?
കേരളത്തിന്റെ പരമോന്നത നീതിപീഠം പറയുന്നു ഇത് സമൂഹത്തിനെതിരെയുള്ള കുറ്റ കൃത്യമായി കാണണമെന്ന്. പരമോന്നത നീതിപീഠം പറയുന്നതിനെ സിപിഎം സംസ്ഥാനസെക്രട്ടറി എത്ര പരമപുച്ഛത്തോടെയാണ് പ്രതികരിച്ചതെന്ന് നോക്കുക. കൊല്ലിച്ചവൻ തന്റെ കക്ഷത്തുതന്നെ ഉണ്ട് നിനക്കൊക്കെ ചെയ്യാവുന്നത് ചെയ്തോ എന്ന വെല്ലുവിളിയാണത്. എന്തൊരു നൃശംസൻ! കോടതി പലതും പറയുമെന്നാണോ കൊല്ലിച്ചവൻ ഇപ്പോഴും പറയുന്നത്?

ഈ രക്തത്തിൽ പങ്കില്ലെങ്കിൽ എന്തുകൊണ്ടാണ് ഒരു വ്യാഘ്രത്തെപ്പോലെ ഇങ്ങിനെ പ്രതികരിച്ചത്. .ഇയാൾ സ്റ്റാലിന്റെ ഉച്ഛിഷ്ടമാണോ ? ലോകത്താകെ വിമതരെ വകവരുത്താൻ ഒരേ മൂശയാണ് സ്റ്റാലിനായാലും ഗോവിന്ദനായാലും . വാർത്തുവെച്ചിരിക്കുന്നത്. വി എസ് അച്യുതാനന്ദന് പാകമായി വാർത്തു വെച്ചിരുന്നത്, ടിപി ചന്ദ്രശേഖരനെ നോക്കി എയ്തു .എങ്ങിനെ അപായപ്പെടുത്താം എന്നതിൽ എത്ര നേതാക്കൾ ഗവേഷണം നടത്തിയിട്ടുണ്ടാകും? അതിൽ ഒരു ഒറ്റുകാരന് പാർലമെന്റിൽ സുഖസുഷുപ്തി.
നിഴൽക്കുത്ത് അഴിപ്പാങ്കഥയാക്കി മാറ്റിയിരിക്കയാണ് ഗോവിന്ദൻ !.’അമ്മ കിടക്കും മകൾ ഓടും? എത്ര സരസനാണ് ഈ സംസ്ഥാനസെക്രട്ടറി! ഏതാ “സാധനം” എന്ന് മനസിലായില്ലേ?