പുതുപ്പള്ളി ഉപതിരഞ്ഞെടുപ്പ്: ചാണ്ടി ഉമ്മന്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥി

കോട്ടയം: പുതുപ്പള്ളി നിയമസഭാ ഉപതിരഞ്ഞെടുപ്പില്‍ മുന്‍ മുഖ്യമന്ത്രി അന്തരിച്ച ഉമ്മന്‍ ചാണ്ടിയുടെ മകന്‍ ചാണ്ടി ഉമ്മന്‍ യുഡിഎഫിന്റെ സ്ഥാനാര്‍ഥി. ഡല്‍ഹിയില്‍ കെപിസിസി അധ്യക്ഷന്‍ കെ.സുധാകരനാണ് ചാണ്ടി ഉമ്മന്റെ പേര് പ്രഖ്യാപിച്ചത്.

തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ച് മണിക്കൂറുകള്‍ക്കകമാണ് യുഡിഎഫിന്റെ സ്ഥാനാര്‍ഥി പ്രഖ്യാപനം. സ്ഥാനാര്‍ഥി നിര്‍ണയത്തില്‍ ഒരു പേരുമാത്രമാണ് ഉയര്‍ന്നുവന്നതെന്ന് എഐസിസി ജനറല്‍ സെക്രട്ടറി കെ.സി.വേണുഗോപാല്‍ പറഞ്ഞു.

ഉമ്മന്‍ ചാണ്ടിയുടെ വിയോഗത്തെ തുടര്‍ന്നാണ് പുതുപ്പള്ളിയില്‍ ഉപതിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചത്. സെപ്റ്റംബര്‍ അഞ്ചിനാണ് വോട്ടെടുപ്പ്. വോട്ടെണ്ണല്‍ സെപ്റ്റംബര്‍ എട്ടിന് നടക്കും. 53 വര്‍ഷം തുടര്‍ച്ചയായി ഉമ്മന്‍ ചാണ്ടി പ്രതിനിധീകരിച്ച മണ്ഡലത്തിലാണ് പുതുപ്പള്ളി.

യൂത്ത് കോണ്‍ഗ്രസ് ദേശീയ ഔട്ട്‌റീച്ച് സെല്‍ ചെയര്‍മാനാണ് ചാണ്ടി ഉമ്മന്‍. കെപിസിസി അംഗവുമാണ്. രാഹുല്‍ ഗാന്ധി ഉള്‍പ്പെടെയുള്ള കോണ്‍ഗ്രസ് ദേശീയ നേതാക്കളുമായി അടുത്ത ബന്ധം പുലര്‍ത്തിവരുന്ന ചാണ്ടി ഉമ്മന്‍ ഭാരത് ജോഡോ യാത്രയില്‍ മുഴുവന്‍ സമയം പങ്കെടുത്തിരുന്നു.

ഡല്‍ഹി സെന്റ് സ്റ്റീഫന്‍സ് കോളജില്‍ നിന്നും ചരിത്രത്തില്‍ ബിരുദം നേടിയ ചാണ്ടി ഉമ്മന്‍, ഡല്‍ഹി സര്‍വകലാശാലയില്‍ നിന്നും ക്രിമിനോളജി, കോണ്‍സ്റ്റിറ്റിയൂഷന്‍ ആന്‍ഡ് അഡ്മിനിസ്‌ട്രേഷനില്‍ നിയമ ബിരുദം നേടി. ലണ്ടന്‍ സ്‌കൂള്‍ ഓഫ് എക്കണോമിക്‌സില്‍ നിന്ന് രണ്ട് സമ്മര്‍ കോഴ്‌സുകളും നേടിയിട്ടുണ്ട്.