ഹൈന്ദവര്‍ക്കൊപ്പം നില്‍ക്കേണ്ട ദിനം; മതസൗഹാര്‍ദ ദീപവുമായി കാസ

കൊച്ചി: പ്രാണ്‍പ്രതിഷ്ഠാ കര്‍മ്മത്തിന് ആശംസകള്‍ നേര്‍ന്ന് എല്ലാ ക്രിസ്ത്യന്‍ ഭവനങ്ങളിലും മതസൗഹാര്‍ദ്ദ മെഴുകുതിരികള്‍ തെളിയിക്കാന്‍ കാസ. അന്യമതസ്ഥരുടെ ആരാധനാ നിര്‍മിതികള്‍ അടിച്ചു തകര്‍ത്ത് അതിന്മേല്‍ ഇസ്ലാമിക ആരാധനാലയങ്ങള്‍ പണിയുന്നത് ഇസ്ലാമിക ശക്തികള്‍ അധിനിവേശം നടത്തിയ ഇടങ്ങളിലെല്ലാം കാണാമെന്ന് ക്രിസ്ത്യന്‍ അസോസിയേഷന്‍ ആന്‍ഡ് അലയന്‍സ് ഫോര്‍ സോഷ്യല്‍ ആക്ഷന്‍(കാസ).

ഇന്നും തുടരുന്നതിന്റെ തെളിവാണ് ഹഗിയ സോഫിയ. രണ്ടുവര്‍ഷം മുന്‍പ് തുര്‍ക്കിയില്‍ നടന്നതും ഇപ്പോള്‍ അര്‍മേനിയയില്‍ നടന്നുകൊണ്ടിരിക്കുന്നതുമായ അതേകാര്യമാണ് 500 വര്‍ഷം മുന്‍പ് അയോദ്ധ്യയില്‍ ബാബറിന്റെ നേതൃത്വത്തില്‍ നടന്നതെന്ന് എഫ്ബി പോസ്റ്റ് ചൂണ്ടിക്കാട്ടുന്നു.

 

https://www.facebook.com/photo/?fbid=735657188675305&set=a.600424998865192

 

ഹൈന്ദവ ജനതയ്ക്കൊപ്പം നീതിയുടെ വീണ്ടെടുപ്പില്‍ രാജ്യത്തെ ക്രിസ്ത്യാനികളും മതേതര സമൂഹവും ആശംസകളോടെ അണിചേരേണ്ടത് ജനാധിപത്യത്തിനും മതേതരത്വത്തിനും അത്യന്താപേക്ഷിതമാണ്. ക്രിസ്ത്യാനികളുടെ മനസില്‍ വിലാപവും നൊമ്പരവുമായി നില്‍ക്കുന്ന ഹഗിയ സോഫിയയുടെ വീണ്ടെടുപ്പ് പ്രത്യാശയാകാന്‍ അയോദ്ധ്യ കാരണമാകുമെന്ന് കാസ ചൂണ്ടിക്കാട്ടി.

ഹൈന്ദവ ഭൂരിപക്ഷ രാജ്യമായിരുന്നിട്ടും ബലം പ്രയോഗിക്കാതെ അനേകം വര്‍ഷത്തെ നിയമ നടപടികളിലൂടെ പരമോന്നത നീതിപീഠത്തിന്റെ വിധിലാണ് അയോദ്ധ്യയില്‍ ക്ഷേത്രം വീണ്ടെടുത്തത്. ഇത് ജനാധിപത്യത്തിന്റെയും നിയമവ്യവസ്ഥിതികളുടെയും മേന്മയാണ് ഉയര്‍ത്തിക്കാട്ടുന്നത്. അയോദ്ധ്യയില്‍ ഇന്ന് നടക്കുന്നത് തിന്മയുടെ മേല്‍ നന്മ നേടിയ നീതിയുടെ വിജയമാണ്. 500 വര്‍ഷം മുന്‍പ് തങ്ങളുടെ ആരാധനാമൂര്‍ത്തിയുടെ ജന്മഭൂമിയില്‍ അധിനിവേശം നടത്തി ആരാധനാലയം പിടിച്ചെടുത്തപ്പോള്‍ ദുഃഖത്തില്‍ നീറിയ പൂര്‍വികരോട് ഇന്നത്തെ തലമുറ നീതി പുലര്‍ത്തുന്ന നന്മയുടെ സുദിനമാണ് ജീവല്‍ പ്രതിഷ്ഠയെന്ന് കാസ പറയുന്നു.